18
MAR 2021
THURSDAY
1 GBP =105.24 1INR
1 USD =83.36 INR
1 EUR =90.18 INR
breaking news : സ്മാര്‍ട്ട് മീറ്റര്‍ ഇല്ലാത്ത കുടുംബങ്ങള്‍ വിതരണക്കാര്‍ക്ക് മീറ്റര്‍ റീഡിങ്ങ് അയച്ചു നല്‍കണമെന്ന് അറിയിപ്പ്; നടപടി തിങ്കളാഴ്ച മുതല്‍ കുറഞ്ഞ വിലകള്‍ നിലവരുമ്പോള്‍ കൂടുതല്‍ പണം നല്‍കുന്നില്ലെന്ന് ഉറപ്പാക്കാന്‍ >>> ഏപ്രിൽ ഒന്നുമുതൽ മിനിമം വേതനം 11.44 പൗണ്ടായി ഉയരും, പൗണ്ടുമുല്യവും കൂടുന്നു, 105 രൂപ കടന്നു; പെസഹ ആചാരണ തിരക്കിൽ യുകെ മലയാളികളും, ഈസ്റ്റർ അവധിക്ക് ഇത്തവണ കുടുതൽപ്പേർ നാട്ടിലെത്തും; ഇന്നുമുതൽ ഹോളിഡേക്കാരുടെ കാറുകൾ നിരത്തുകൾ കീഴടക്കും >>> ഈസ്റ്റര്‍ ദിനത്തില്‍ അവധിയില്ല, മണിപ്പൂരില്‍ ഈസ്റ്റര്‍ ദിനം പ്രവൃത്തി ദിനമാക്കി ഉത്തരവ്, സാമ്പത്തിക വര്‍ഷത്തിന്റെ അവസാന ദിനങ്ങള്‍ ആണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് >>> സ്ഥാനാര്‍ത്ഥിയുടെ പോസ്റ്റര്‍ നശിപ്പിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം, ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു >>> ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്താനുള്ള സാധ്യത 99 ശതമാനമെന്ന് പ്രവചിച്ച് രാഷ്ടീയ നിരീക്ഷകര്‍; അങ്കത്തിന് മുമ്പേ ആയുധം വച്ച് കീഴടങ്ങിയ അവസ്ഥയില്‍ ഭരണപക്ഷം, മുതിര്‍ന്ന നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നു >>>
Home >> HEALTH

HEALTH

കേരളത്തില്‍ ചൂട് കൂടുന്ന സാഹചര്യത്തില്‍ വെല്ലുവിളിയാവുകയാണ് ചിക്കന്‍പോക്‌സും, ജാഗ്രത നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്

കേരളത്തില്‍ ചൂട് കൂടിയ സാഹചര്യത്തില്‍ ചിക്കന്‍പോക്‌സും വര്‍ദ്ധിക്കുന്ന സാഹചര്യമാണ്. ചിക്കന്‍പോക്‌സിനെതിരെ ജാഗ്രത നിര്‍ദ്ദേശവുമായി എത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. ചിക്കന്‍പോക്‌സ് എന്ന പകര്‍ച്ചവ്യാധി വെരി സെല്ല സോസ്റ്റര്‍ എന്ന വൈറസ് മൂലമാണ് ഉണ്ടാകുന്നത്. മാര്‍ച്ച് മാസത്തില്‍ മാത്രം ഇതുവരെ 1,926 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ചിക്കന്‍പോക്‌സ് ബാധിച്ച വ്യക്തിയുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കും, കുമിളകളിലെ സ്രവത്തിലൂടെയും, ചുമ, തുമ്മല്‍ എന്നിവയിലൂടെ പുറന്തള്ളുന്ന കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍പോക്‌സ് മറ്റൊരാള്‍ക്ക് ബാധിക്കാന്‍ സാധ്യതയുണ്ട്. സാധാരണയായി 10 മുതല്‍ 21 ദിവസം വരെയാണ് ചിക്കന്‍പോക്‌സ് ലക്ഷണങ്ങള്‍ പ്രകടമാകുക. ചിക്കന്‍പോക്‌സ് വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ ശിശുക്കള്‍, കൗമാരക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, എച്ച്‌ഐവി/ അര്‍ബുദ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍ കീമോതെറാപ്പി/ സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യത കൂടുതലാണ് എന്നും ഇതുവരെ ചിക്കന്‍പോക്‌സ് വരാത്തവര്‍ക്കും വാക്‌സിന്‍ എടുക്കാത്തവര്‍ക്കും രോഗസാധ്യതയുണ്ട് എന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ജനിതക മാറ്റം വരുത്തിയ പന്നിവൃക്ക മനുഷ്യനില്‍ മാറ്റിവെച്ചു, പന്നിവൃക്ക സ്വീകരിച്ച 62കാരന്‍ വിശ്രമത്തിലാണെന്ന് ആശുപത്രി അധികൃതര്‍

മെഡിക്കല്‍ ലോകത്തിന് അഭിമാനിക്കാവുന്ന സംഭവമാണ് കഴിഞ്ഞ ദിവസം യുഎസില്‍ നടന്നത്. ജനിതക മാറ്റം വരുത്തിയ പന്നിവൃക്ക മനുഷ്യനില്‍ മാറ്റിവെച്ച വാര്‍ത്ത ഏറെ അത്ഭുതത്തോടെയാണ് നടന്നത്. മസാചുസെറ്റ്‌സിലെ ജനറല്‍ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. യുഎസിലെ മസാച്യൂസെറ്റ്‌സ് സ്വദേശി റിച്ചാര്‍ഡ് സ്ലേമാന്‍ എന്ന 62കാരനാണ് പന്നിവൃക്ക സ്വീകരിച്ചത്. മാറ്റിവെച്ച വൃക്കയെ ശരീരം പുറന്തള്ളാതിരിക്കാനുള്ള മരുന്നുകള്‍ കഴിച്ച് വിശ്രമിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ജനിതക മാറ്റം വരുത്തിയ പന്നി വൃക്ക മാറ്റിവെക്കലിനായി നല്‍കിയത് മസാച്യുസെറ്റ്‌സിലുള്ള ബയോടെക് കമ്പനിയായ ഇജെനസിസാണ്. നാല് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് വൃക്ക മാറ്റിവെച്ചത്. സ്ലേമാന്‍ വേഗത്തില്‍ സുഖം പ്രാപിക്കുന്നുവെന്നും എത്രയും വേഗം ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷയെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. പന്നികളില്‍ കാണപ്പെടുന്ന, മനുഷ്യര്‍ക്ക് ഉപദ്രവമാകുന്ന ജീനുകള്‍ ജീനോം എഡിറ്റിങ്ങിലൂടെ നീക്കം ചെയ്ത്, പകരം മനുഷ്യരിലെ ജീനുകള്‍ കൂട്ടിച്ചേര്‍ത്താണ് വൃക്ക ശസ്ത്രക്രിയക്കായി ഒരുക്കിയത്. ടൈപ്പ് 2 പ്രമേഹം, രക്തസമ്മര്‍ദം എന്നിവ കാരണം സ്ലേമാന്റെ വൃക്കയുടെ പ്രവര്‍ത്തനം തകരാറിലായിരുന്നു. 2018ല്‍ വൃക്ക മാറ്റിവെച്ച വ്യക്തിയാണ് സ്ലേമാന്‍.

ജീവനില്ലാത്ത ഭ്രൂണ വയറ്റില്‍ ചുമന്നത് 56 വര്‍ഷം, ബ്രസീലിയന്‍ സ്വദേശി ശസ്ത്രക്രിയക്ക് വിധേയയായ ശേഷം അണുബാധയെത്തുടര്‍ന്ന് മരിച്ചു

വര്‍ഷങ്ങളോളം വയറ്റില്‍ ജീവനില്ലാത്ത ഭ്രൂണവുമായി ജീവിച്ച വയോധിക ഓപ്പറേഷന് ശേഷം മരണത്തിന് കീഴടങ്ങി. ബ്രസീലിയന്‍ സ്വദേശിയായ ഡാനിയേല വെറ (81) ആണ് 56 വര്‍ഷത്തോളം ഒപ്പമുണ്ടായിരുന്ന  ഭ്രൂണം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയായ ശേഷം മരിച്ചത്. ഡാനിയേല ഏഴുകുട്ടികളുടെ അമ്മയാണ്. പക്ഷെ വര്‍ഷം ഇത്രയും ആയിട്ടും അവര്‍ അവരുടെ ഉള്ളില്‍ ഇതുപോലെ ഒന്ന് ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല. പലപ്പോഴായി വയറുവേദന അനുഭവപ്പെടുമായിരുന്നു ഇവര്‍ക്ക്. അതിന് പോംവഴി തേടി ഡോക്ടര്‍മാരെ സമീപിച്ചിരുന്നെങ്കിലും പ്രത്യേകിച്ച് ഒന്നും കണ്ടെത്തിയിരുന്നില്ല. പോക പോകെ അവര്‍ക്ക് കടുത്ത വയറുവേദനയിലേക്ക് എത്തിയതോടെ നടത്തിയ ചികിത്സയില്‍ സ്‌കാനിങ്ങിലുടെ ഇവരുടെ വയറ്റില്‍ അഞ്ചു പതിറ്റാണ്ട് പഴക്കമുള്ള ഭ്രൂണമുണ്ടെന്ന് (സ്റ്റോണ്‍ ബേബി) കണ്ടെത്തിയത്. വയറിനുള്ളില്‍ വെച്ച് തന്നെ ജീവന്‍ നഷ്ടമായ ഭ്രൂണം പിന്നീട് കാല്‍സ്യ നിക്ഷേപം സംഭവിച്ച് കല്ലിന് സമാനമാകുന്ന അവസ്ഥയാണ് 'സ്റ്റോണ്‍ ബേബി'. കല്ലിന് സമാനമാകുന്ന ഭ്രൂണം 'ലിത്തോപീഡിയന്‍' എന്നാണ് അറിയപ്പെടുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ അവസ്ഥയാണ് ഇതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. തുടര്‍ന്ന് ഇവരെ ശസ്ത്രക്രിയക്ക് വിധേയയാക്കുകയായിരുന്നു. ഐ.സി.യുവിലേക്ക് മാറ്റിയെങ്കിലും അണുബാധയെത്തുടര്‍ന്ന് തൊട്ടടുത്ത ദിവസം ഡാനിയേല മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

പതിനൊന്ന് മാസം പ്രായമായ കുഞ്ഞിന് അഡ്രിനല്‍ ഗ്രന്ഥിയിലെ ട്യൂമര്‍, തിരുവനന്തപുരം കിംസ്ഹെല്‍ത്തില്‍ താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെ ട്യൂമര്‍ നീക്കം ചെയ്തു

തിരുവനന്തപുരം കിംസ്‌ഹെല്‍ത്തില്‍ പതിനൊന്നു മാസം പ്രായമായ കുഞ്ഞിന് ട്യൂമര്‍ ശസ്ത്രക്രിയ. അഡ്രിനല്‍ ഗ്രന്ഥിയിലെ ട്യൂമറുമായി എത്തിയ കുഞ്ഞിനാണ് സുരക്ഷിതമായി ട്യൂമര്‍ നീക്കം ചെയ്തുകൊണ്ട് ശസ്ത്രക്രിയ നടത്തിയത്.  കൊല്ലം സ്വദേശികളായ മാതാപിതാക്കള്‍ കുട്ടിയെ കിംസ്ഹെല്‍ത്തിലെ ശിശുരോഗ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റായ ഡോ. സനൂജ ടൈറ്റസ് സന്തോഷിന്റെ പക്കലെത്തിക്കുകയായിരുന്നു. അള്‍ട്രാ സൗണ്ട് പരിശോധനയില്‍ അഡ്രിനല്‍ ഗ്രന്ഥിയില്‍ ട്യൂമര്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ സിടി സ്‌കാനില്‍ കുട്ടിയുടെ വലത്തേ വൃക്കയ്ക്കു മുകളില്‍ അഡ്രിനല്‍ ഗ്രന്ഥിയില്‍, വലിയ രക്തക്കുഴലിനോടും കരളിനോടും ചേര്‍ന്ന്, ട്യൂമര്‍ സ്ഥിരീകരിക്കുകയായിരുന്നു. സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ അതിനെ അതിജീവിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണുകളായ കോര്‍ട്ടിസോളും അഡ്രിനാലിനും പുറപ്പെടുവിക്കുന്ന ഗ്രന്ഥിയാണ് അഡ്രിനല്‍ ഗ്രന്ഥി. ചെറിയ പ്രായത്തില്‍ കണ്ടുവരുന്ന അഡ്രിനല്‍ ട്യൂമറുകള്‍ ക്യാന്‍സറായിരിക്കാനുള്ള സാധ്യത കൂടുതലാണ്. കോപിക് രീതിയിലുള്ള താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെയാണ് ട്യൂമര്‍ നീക്കം ചെയ്തത്. കുട്ടിയുടെ പിന്‍ഭാഗത്തു നിന്ന് താക്കോല്‍ദ്വാരത്തിലൂടെ അഡ്രിനല്‍ ട്യൂമറിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധ്യമാകും. അനെസ്തേഷ്യയുടെ സഹായത്തോടെ, കുഞ്ഞിനെ കമഴ്ത്തി കിടത്തി രണ്ടര മണിക്കൂറോളം നീണ്ട താക്കോല്‍ദ്വാര ശസ്ത്രക്രിയയിലൂടെയാണ് സര്‍ജിക്കല്‍ സംഘം കുട്ടിയുടെ വയറ്റില്‍ നിന്നും ട്യൂമര്‍ നീക്കം ചെയ്തത്.  വയറിന്റെ പുറകില്‍ കടന്ന് മറ്റ് അവയവങ്ങളെ ബാധിക്കാത്ത രീതിയിലാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയതെന്ന് പീഡിയാട്രിക് മിനിമല്‍ ആക്സസ് സര്‍ജനും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. റെജു ജോസഫ് തോമസ് പറഞ്ഞു. രക്തക്കുഴലുകള്‍ ഒരേ സമയം  സീല്‍ ചെയ്ത് മുറിക്കാന്‍ സാധിക്കുന്ന ലൈഗാഷ്വര്‍ ഉപകരണം ഉപയോഗിച്ച്  ശസ്ത്രക്രിയ സുരക്ഷമായും വേദനരഹിതമായും പൂര്‍ത്തിയാക്കി. ശസ്ത്രക്രിയയ്ക്ക് ശേഷം അന്ന് വൈകുന്നേരം തന്നെ കുട്ടി വെള്ളവും ഭക്ഷണവും കഴിക്കാന്‍ തുടങ്ങി. അടുത്ത ദിവസം മുതല്‍ തന്നെ ഇരിക്കാനും കളിക്കാനും തുടങ്ങിയിരുന്നു. അനസ്തേഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ജേക്കബ് ജോണ്‍ തിയോഫിലസ്, സര്‍ജിക്കല്‍ ഓങ്കോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ജയാനന്ദ് സുനില്‍, കാര്‍ഡിയോതൊറാസിക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. ഷാജി പാലങ്ങാടന്‍ എന്നിവരും  ശസ്ത്രക്രിയയുടെ ഭാഗമായി.

കേരളത്തില്‍ ചൂടിന് മാറ്റമില്ല, പത്ത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, മുന്നറിയിപ്പ് നാളെവരെ നിലനില്‍ക്കും

കേരളത്തില്‍ ചൂട് കൂടിയ കാലാവസ്ഥയ്ക്ക് മാറ്റമില്ലാതെ തുടരുകയാണ്. നാളെവരെ പത്ത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.  പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍ ജില്ലകളിലാണ് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. മുന്നറിയിപ്പ് ഇന്നും നാളെയും വരെയാണ് ഉള്ളത്. അമിതമായി ചൂട് ഏല്‍ക്കാതെ സൂക്ഷിക്കാന്‍ മുന്നറിയിപ്പില്‍ പറയുന്നുണ്ട്.  പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെയും, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട് എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും (സാധാരണയെക്കാള്‍ 2 - 4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍) ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ 2024 മാര്‍ച്ച് 18 മുതല്‍ 20 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

വീണ്ടും നിപ്പ ഭീതി? രണ്ട് ജില്ലകളില്‍ നിന്നും കണ്ടെത്തിയ പഴംതീനി വവ്വാലുകളില്‍ നിപ വൈറസ് സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചതായി പഠനറിപ്പോര്‍ട്ട്

കേരളം കണ്ട ഏറ്റവും ഭീതിയേറിയ കോവിഡ് വൈറസ് സാന്നിധ്യം സ്ഥിരീകരിക്കുന്നതിന് മുന്‍പ് കേരളം നേരിട്ട മറ്റൊരു വൈറസായിരുന്നു നിപ്പ വൈറസ്. കോഴിക്കോട് ജില്ലയെ അപ്പാടെ മുള്‍മുനയില്‍ നിറുത്തിയ നിമിഷമായിരുന്നു നിപ്പ വൈറസ് പരന്ന സമയം. ഇപ്പോഴിതാ വീണ്ടും നിപ്പയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുകയാണ്. കോഴിക്കോട്, വയനാട് എന്നി ജില്ലകളിലെ പഴംതീനി വവ്വാലുകളില്‍ ആണ് നിപ വൈറസ് സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചിരിക്കുന്നത്. പുതിയ പഠനറിപ്പോര്‍ട്ടില്‍ ആണ് ഈ കാര്യം പറയുന്നത്. പുണെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എന്‍.ഐ.വി.) ഗവേഷകര്‍ 2023 ഫെബ്രുവരി, ജൂലായ്, സെപ്റ്റംബര്‍ മാസങ്ങളില്‍ നിപബാധിതമേഖലകളില്‍നിന്ന് ശേഖരിച്ച വവ്വാല്‍ സ്രവങ്ങള്‍ പരിശോധിച്ച ഫലങ്ങളില്‍ വൈറസ് സാന്നിധ്യം വ്യക്തമായത്. വൈറസ് മനുഷ്യരിലേക്ക് ഏതുതരത്തിലാണ് പകരുന്നതെന്ന് വ്യക്തമാകാന്‍ തുടര്‍പഠനം വേണമെന്നാണ് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര, മണാശ്ശേരി, കുറ്റ്യാടി, കള്ളാട്, തളീക്കര, വയനാട് ജില്ലയിലെ മാനന്തവാടി എന്നിവിടങ്ങളില്‍നിന്നാണ് പഴംതീനി വവ്വാലുകളുടെ സ്രവങ്ങള്‍ ശേഖരിച്ചത്. 272 വവ്വാലുകളുടെ സ്രവങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ 20.9 ശതമാനത്തില്‍ നിപ വൈറസ് ആന്റിബോഡി സാനിധ്യം കണ്ടെത്തി. 44 വവ്വാലുകളുടെ കരളില്‍നിന്നും പ്ലീഹയില്‍നിന്നും ശേഖരിച്ച സാംപിളുകളില്‍ നാലെണ്ണത്തില്‍ വൈറസ് സാന്നിധ്യം ഉണ്ടായിരുന്നു. മുമ്പ് കേരളത്തില്‍ കണ്ടെത്തിയ നിപ വൈറസുമായി 99 ശതമാനം ജനിതകസാമ്യമുള്ളവയാണ് തിരിച്ചറിഞ്ഞ വൈറസെന്നും വ്യക്തമായി. മുന്‍വര്‍ഷങ്ങളില്‍ സംഘടിപ്പിച്ച പരിശോധനകളിലും മേഖലയിലെ വവ്വാലുകളില്‍ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. വൈറസ് ഇനിയും പടര്‍ന്ന് പിടിക്കാതിരിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം എന്ന് മുന്നറിയിപ്പില്‍ പറയുന്നു.

ക്യാന്‍സര്‍ വീണ്ടും വരുന്നു, ക്യാന്‍സര്‍ തടയാനുള്ള പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്ത് പ്രമുഖ ക്യാന്‍സര്‍ ഗവേഷണ-ചികിത്സാ കേന്ദ്രമായ മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്

ക്യാന്‍സര്‍ വരാതിരിക്കാനുള്ള മരുന്ന്് വികസിപ്പിച്ചെടുത്ത് പ്രമുഖ ക്യാന്‍സര്‍ ഗവേഷണ-ചികിത്സാ കേന്ദ്രമായ മുംബൈയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട്. മരുന്ന് വികസിപ്പിച്ചെടുത്തത് പത്തു വര്‍ഷത്തെ ഗവേഷണത്തിനൊടുവിലണ്.  100 രൂപക്ക് പ്രതിരോധ ഗുളികകള്‍ ലഭ്യമാക്കാനാകുമെന്ന് ടാറ്റ മെമ്മോറിയല്‍ ആശുപത്രിയിലെ സീനിയര്‍ കാന്‍സര്‍ സര്‍ജന്‍ ഡോ രാജേന്ദ്ര ബദ്വെ ആണ് ഈ കാര്യം അറിയിച്ചത്. ഇത് രോഗികളില്‍ രണ്ടാം തവണ കാന്‍സര്‍ ഉണ്ടാകുന്നത് തടയുമെന്നും റേഡിയേഷന്‍, കീമോതെറാപ്പി തുടങ്ങിയ ചികിത്സകളുടെ പാര്‍ശ്വഫലങ്ങള്‍ 50 ശതമാനം കുറയ്ക്കുമെന്നും കമ്പനി അവകാശപ്പെടുന്നു. രണ്ടാം തവണ ക്യാന്‍സര്‍ തടയുന്നതിന് ഇത് 30 ശതമാനം ഫലപ്രദമാണ്.പാന്‍ക്രിയാറ്റിക്, ശ്വാസകോശം, വായിലെ അര്‍ബുദം എന്നിവയുടെ ചികിത്സയിലും ഇത് ഫലം ചെയ്യും. കാന്‍സര്‍ വീണ്ടും വരാന്‍ കാരണമാകുന്ന ശരീരത്തിലെ ക്രൊമാറ്റിന്‍ ഘടകങ്ങളെ നശിപ്പിക്കുന്ന പ്രോ ഓക്സിഡന്റ് ഗുളികയാണിത്. റെഡ് വെറേട്രോള്‍, കോപ്പര്‍ സംയുക്തമാണ് ഗുളികയില്‍ അടങ്ങിയിട്ടുള്ളത്. ഗവേഷണത്തിനായി മനുഷ്യരിലെ കാന്‍സര്‍ കോശങ്ങളെ എലികളില്‍ കുത്തിവെച്ച് അത് പ്രോ ഓക്സിഡന്റ് ഉപയോഗിച്ച് പ്രതിരോധിക്കുന്ന പരീക്ഷണം വിജയം കണ്ടു. പാര്‍ശ്വഫലങ്ങള്‍ തടയുന്നതിലുള്ള പരീക്ഷണം മനുഷ്യരിലും വിജയം കണ്ടു.'ഏതാണ്ട് ഒരു പതിറ്റാണ്ടായി ടാറ്റ ഡോക്ടര്‍മാര്‍ ഈ മരുന്നിനു വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു. ടാബ്ലെറ്റ് ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) അംഗീകാരത്തിനായി കാത്തിരിക്കുകയാണ്.അനുമതി ലഭിച്ചാല്‍ ജൂണ്‍-ജൂലെ മാസങ്ങളോടെ വിപണിയില്‍ ലഭ്യമാകും. ക്യാന്‍സര്‍ ചികിത്സ മെച്ചപ്പെടുത്താന്‍ ഈ ഗുളിക ഒരു പരിധി വരെ സഹായിക്കും'' രാജേന്ദ്ര ബദ്‌വെ പറഞ്ഞു.   

ദിവസവുമുള്ള പ്ലാസ്റ്റിക് ഉല്‍പന്നങ്ങളുടെ ഉപയോഗം മാസം തികയാതെയുള്ള ജനന നിരക്ക് ഉയര്‍ത്തുന്നു, പുതിയ പഠനത്തില്‍ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍

പ്ലാസ്റ്റിക്കിന്റെ ഉപയോഗം പലതരം ആരോഗ്യ പ്രശനങ്ങളിലേക്ക് എത്തിക്കുമെന്ന് അറിയാം. എന്നാല്‍ ഇതാ പുതിയ പഠനങ്ങളില്‍ പറയുന്ന കാര്യങ്ങള്‍ ഏറെ ഞെട്ടലാണ് ഉണ്ടാക്കുന്നത്. കാരണം പ്ലാസ്റ്റിക്കിന്റെ ഉപയോഗം നമുക്ക് മാത്രമല്ല ഗര്‍ഭസ്ഥ ശിശുവിനെയും സാരമായി തന്നെ ബാധിക്കുമെന്നും മാസം തികയാതെയുള്ള ജനനത്തിന്റെ നിരക്ക് ഉയര്‍ത്തുന്നതായാണ് പ്ലാസ്റ്റിക്ക് ഉപയോഗം കാരണമാകും എന്നാണ് പഠനം പറയുന്നത്. ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ഗ്രോസ്മാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കാര്യം പറയുന്നത്. താലേറ്റ്സ് എന്നയിനം രാസവസ്തുക്കള്‍ ആണ് പ്ലാസ്റ്റിക്കില്‍ വില്ലനായി വരുന്നത്. ഇവ പ്ലാസ്റ്റിക്കിനെ മൃദുവും ഫ്ലെക്സിബിളും ഏറെക്കാലം നിലനില്‍ക്കുന്നതും ആക്കാന്‍ വിവിധ ഉല്‍പന്നങ്ങളില്‍ ചേര്‍ക്കാറാണ് പതിവ്. പക്ഷെ ഇത് ഏറ്റവും അപകടകരമായി മാറുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്. ഇത് തെളിയിക്കുന്നതിനായി അയ്യായിരം അമ്മമാരിലാണ് പഠനം നടത്തിയത്. ഗര്‍ഭകാലത്തിന്റെ വ്യത്യസ്തഘട്ടങ്ങളില്‍ മൂത്രസാംപിളുകള്‍ പരിശോധിച്ചു. ഇതില്‍ 20 വ്യത്യസ്ത താലേറ്റ് മെറ്റബോളൈറ്റുകളുടെ നില അളന്നു. വളരെ സാധാരണമായി ഉപയോഗിക്കുന്ന താലേറ്റ് ആയ ഡി.ഇ.എച്ച്.പി (di-2-ethyl hexyl phthalate) മാസം തികയാതെയുള്ള പ്രസവവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു വ്യക്തമായി. മൂത്രത്തില്‍ DEHP ഉള്ളവരെക്കാള്‍ മാസം തികയാതെയുള്ള പ്രസവത്തിന് സാധ്യത 50 ശതമാനം കൂടുതലാണന്നു കണ്ടു. ഈയടുത്ത് ഡിഇഎച്ച്പി ക്കു പകരം ഉപയോഗിച്ചു തുടങ്ങിയ ചില രാസവസ്തുക്കള്‍ ഡിഇഎച്ച്പിയേക്കാള്‍ കൂടുതല്‍ വിനാശകരമാണെന്നു കണ്ടെത്തി. മാസം തികയാതെയുള്ള പ്രസവത്തിനുള്ള സാധ്യത വളരെയധികം കൂടുന്നതായി ശ്രദ്ധയില്‍പെട്ടു. താലേറ്റുകള്‍ക്ക് പകരം മറ്റ് വസ്തു ഉപയോഗിക്കാമെങ്കിലും കമ്പനികള്‍ അത് ചെയ്യാറില്ല. ഇത് പൊതുജനാരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്നു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടു വരേണ്ടതാണെന്ന് പഠനം പറയുന്നു. മൂലകാരണം കണ്ടെത്തി മാസം തികയാതെയുള്ള ജനനനിരക്ക് കുറയ്ക്കാനുള്ള ഭാവി തലമുറയുടെ ആരോഗ്യം സുരക്ഷിതമാക്കാനും ഉള്ള നടപടികള്‍ അധികാരികള്‍ കൈക്കൊള്ളണമെന്നും ഗവേഷകര്‍ പറയുന്നു.

കേരളത്തില്‍ അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ അന്തരീക്ഷതാപനില 38 ഡിഗ്രിവരെ ഉയരും, ദാഹമില്ലെങ്കിലും പരമാവധി ശുദ്ധജലം കുടിക്കുന്നത് തുടരണം

തിരുവനന്തപുരം : കേരളത്തില്‍ ചൂടു കൂടുന്ന സാഹചര്യത്തില്‍ കൂടുതല്‍ മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് താപനില വലിയതോതില്‍ ഉയരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.  അടുത്ത രണ്ടുദിവസങ്ങളില്‍ അന്തരീക്ഷതാപനില 38 ഡിഗ്രിവരെ ഉയരുമെന്നും അവര്‍ അറിയിച്ചു. ഇതേതുടര്‍ന്ന് അഞ്ചുജില്ലകളില്‍ ഉയര്‍ന്നതാപനില മുന്നറിയിപ്പും നല്‍കി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് താപനില 37ഡിഗ്രി വരെയും ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ 36 ഡിഗ്രി വരെയും ഉയരാന്‍ സാധ്യതയുണ്ട്. ഇത് സാധാരണയെക്കാള്‍ 2 - 4 ഡിഗ്രി കൂടുതലാണെന്ന മുന്നറിയിപ്പും അവര്‍ നല്‍കി. സംസ്ഥാനത്ത് ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിര്‍ദേശങ്ങള്‍ പൊതുജനങ്ങള്‍ പാലിക്കണമെന്നു സര്‍ക്കാരും നിര്‍ദ്ദേശിച്ചു. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ക്കു കാരണമാകും. അതുകൊണ്ട് പകല്‍ 11 മുതല്‍ മൂന്നു വരെയുള്ള സമയത്തു നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അതുപോലെ പരമാവധി ശുദ്ധജലം കുടിക്കണം. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നതു തുടരണം. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണം.  അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഉത്തമം. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കണം. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നതും നല്ലതായിരിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണം. ഒ.ആര്‍.എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതും ഈ സമയത്ത് അനുഗുണമായിരിക്കുമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

ആലപ്പുഴ തണ്ണീര്‍മുക്കത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു, രോഗം സ്ഥിരീകരിച്ച വളര്‍ത്തല്‍കേന്ദ്രത്തിലെ പന്നികളെ കൊന്നു സംസ്‌കരിച്ചു

ആലപ്പുഴ: ആലപ്പുഴ തണ്ണീര്‍മുക്കം ഗ്രാമപ്പഞ്ചായത്ത് അഞ്ചാംവാര്‍ഡില്‍ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. പന്നിപ്പനി സ്ഥിരീകരിച്ച പ്രദേശത്തെ പന്നികളെ കൊന്നു സംസ്‌കരിച്ചു. രോഗം സ്ഥിരീകരിച്ച വളര്‍ത്തല്‍കേന്ദ്രത്തിലെയും സമീപത്തെ വളര്‍ത്തു കേന്ദ്രത്തിലെയും 18 പന്നികളെയാണു പ്രത്യേക സംഘം വൈദ്യുതാഘാതമേല്‍പ്പിച്ചു കൊന്ന് ശാസ്ത്രീയമായി കുഴിച്ചിട്ടത്. തണ്ണീര്‍മുക്കം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. ശശികലയുടെ നേതൃത്വത്തില്‍ ഗ്രാമപ്പഞ്ചായത്തും രംഗത്തുണ്ടായിരുന്നു. രണ്ടു കേന്ദ്രങ്ങളിലായി 13 പന്നികളെയാണു കഴിഞ്ഞദിവസം കൊല്ലാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, കഴിഞ്ഞദിവസം ഒരു പന്നി പ്രസവിച്ചപ്പോള്‍ അഞ്ചു കുഞ്ഞുങ്ങളുമായി. ഇതോടെയാണ് എണ്ണം 18 ആയത്. വ്യാഴാഴ്ചയാണ് ഇവിടെ ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. രണ്ടു പന്നികള്‍ രോഗംബാധിച്ചു ചത്തിരുന്നു. തുടര്‍ന്നാണ് ഉന്നതതല സംഘം സ്ഥലം സന്ദര്‍ശിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയത്. എല്ലാ നടപടികളും മാനദണ്ഡങ്ങളും പൂര്‍ത്തിയാക്കിയാണു പന്നികളെ കൊന്നു സംസ്‌കരിച്ചതെന്നു മൃഗസംരക്ഷണവകുപ്പ് അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ച സംഘം വീണ്ടുമെത്തി പന്നികളെ കുഴിച്ചിട്ടയിടങ്ങളില്‍ അണുനാശിനിയായി സോഡിയം സൈപ്പോക്ലോറൈറ്റ് തളിക്കും. തുടര്‍ന്നും വകുപ്പിന്റെ നിരീക്ഷണം ഏര്‍പ്പെടുത്തും. അഞ്ചുദിവസം കൂടുമ്പോള്‍ അണുനശീകരണം നടത്തും. നിലവില്‍ ഒരു കിലോമീറ്റര്‍ പരിധിയില്‍ പന്നിവളര്‍ത്തുന്നതിനും വില്‍പ്പനയ്ക്കും നിയന്ത്രണമുണ്ട്. ഇതും 10 കിലോമീറ്റര്‍ പരിധിയിലെ നിരീക്ഷണവും അടുത്ത രണ്ടുമാസം തുടരും.  

More Articles

ക്യാന്‍സര്‍ വരാന്‍ കാരണമാകുന്ന രാസവസ്തുവിന്റെ സാന്നിധ്യം കണ്ടെത്തി, പുതുച്ചേരിയില്‍ പഞ്ഞി മിഠായിക്ക് നിരോധനം
കേരളത്തില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിനികള്‍ക്ക് സെര്‍വിക്കല്‍ കാന്‍സര്‍ വാക്‌സിനേഷന്‍ നല്‍കാന്‍ തീരുമാനം, വാക്‌സിന്റെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കും
ഇന്ത്യയില്‍ വീണ്ടും കോവിഡ് കേസുകള്‍ ഉയരുന്നു, 157 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം
കോവിഡ് കാലത്ത് 70ലക്ഷം പേര്‍ കൊവിഡ് മൂലം മരണപ്പെട്ടെന്ന് ലോകാരോഗ്യ സംഘടന, പുറത്ത് വന്നത് 2020 മുതല്‍ 2023 വരെയുള്ള കണക്ക്
ലോകം തന്നെ വിറച്ചു പോയ കോവിഡിന് ശേഷം അടുത്ത 'ഫംഗല്‍ രോഗം', മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് അതിവേഗം പടരുന്ന അപകടകരമായ രോഗം
ഉത്തര കന്നഡ ജില്ലയില്‍ കുരങ്ങ് പനി, ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 31 കേസുകള്‍, ഗുരുതരമായ കേസുകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല
ഗസ്സയില്‍ നിന്ന് എണ്ണായിരത്തിലധികം പേരെ അടിയന്തര ചികിത്സക്കായി മറ്റു രാജ്യങ്ങളിലേക്ക് മാറ്റേണ്ടതുണ്ട്: ലോകാരോഗ്യ സംഘടന
കൊല്ലത്ത് നാലുവയസ്സുകാരന് ഷിഗെല്ല വൈറസ് ബാധ സ്ഥിരീകരിച്ചു, മരണപ്പെട്ട സഹോദരന് ഷിഗെല്ലയാണോ എന്നറിയാന്‍ വിശദപരിശോധന നടത്തുന്നു

Most Read

British Pathram Recommends