18
MAR 2021
THURSDAY
1 GBP =103.82 INR
1 USD =83.57 INR
1 EUR =88.66 INR
breaking news : വിവാഹത്തിന്റെ അന്ന് പള്ളിമുറ്റത്ത് വരന്‍ ഫിറ്റായെത്തി, വധു വിവാഹത്തില്‍ നിന്നും പിന്‍മാറി വരനെ പൊലീസ് കസ്റ്റഡിയിലെടുത്തു, വധുവിന്റെ വീട്ടുകാര്‍ക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരവും >>> സ്പ്രിങ് സീസണിലെ പ്രൈമറി സ്‌കൂൾ കുട്ടികളുടെ പ്രവേശന ലിസ്‌റ്റ് ഇന്നറിയാം, ആകാംക്ഷയോടെ മാതാപിതാക്കൾ, സെലക്റ്റുചെയ്ത സ്‌കൂൾ കിട്ടിയില്ലെങ്കിൽ എന്തുചെയ്യണം, അപ്പീൽ നൽകേണ്ട വിധവും സെലക്ഷൻ മാനദണ്ഡങ്ങളും അറിയുക >>> ഒരു ജോലി തന്നെ ഒന്നിലധികം പേര്‍ ചെയ്യുന്നു, ഇലോണ്‍ മസ്‌കിന്റെ ടെസ്ലയില്‍ നിന്ന് 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടാന്‍ പോകുന്നു >>> ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങള്‍ വര്‍ധിക്കാന്‍ സാധ്യതയുണ്ടാക്കും, ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ് >>> നിസ്സാരമായ ബെനഫിറ്റ് റൂള്‍ ലംഘനത്തിന്റെ പേരില്‍ മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിന് കെയറര്‍മാര്‍ നല്‍കേണ്ടത് വന്‍ തുകകളും ക്രിമിനല്‍ കേസുകളും; നടപടിയെ അപലപിച്ച് കീയേര്‍ സ്റ്റാര്‍മര്‍ >>>
Home >> NAMMUDE NAADU

NAMMUDE NAADU

വിവാഹത്തിന്റെ അന്ന് പള്ളിമുറ്റത്ത് വരന്‍ ഫിറ്റായെത്തി, വധു വിവാഹത്തില്‍ നിന്നും പിന്‍മാറി വരനെ പൊലീസ് കസ്റ്റഡിയിലെടുത്തു, വധുവിന്റെ വീട്ടുകാര്‍ക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരവും

പത്തനംതിട്ട : വിവാഹത്തിന്റെ അന്ന് മദ്യപിച്ച് എത്തി പള്ളിമുറ്റത്ത് പ്രശനമുണ്ടാക്കിയ വരനെ പൊലീസ് അറസ്റ്റ് ചെയ്തു. വരന്റെ മദ്യപിച്ചുള്ള പെരുമാറ്റം കണ്ട് വധു വിവാഹത്തില്‍ നിന്നും പിന്മാറിയതോടെ വിവാഹം മുടങ്ങി.  വധുവിന്റെ വീട്ടുകാര്‍ക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാമെന്ന ധാരണയിലാണ് ഇരുകൂട്ടരും പിരിഞ്ഞത്. കോഴഞ്ചേരി തടിയൂരിലാണു സംഭവം. പള്ളിമുറ്റത്തെത്തിയ വരന്‍ കാറില്‍നിന്നിറങ്ങാന്‍പോലും പാടുപെട്ടു. പുറത്തിറങ്ങിയതോടെ കൂടുതല്‍ വഷളായി. വിവാഹത്തിനു കാര്‍മികത്വം വഹിക്കാനെത്തിയ വൈദികനോടുവരെ മോശമായി സംസാരിച്ചതോടെ വധുവിന്റെ വീട്ടുകാര്‍ മനസ്സുമാറ്റി. വിവരമറിഞ്ഞ് പൊലീസെത്തിയപ്പോഴും വരന്‍ പ്രശ്നമുണ്ടാക്കി. അതോടെ, മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന വകുപ്പു ചുമത്തി പൊലീസ് കേസെടുത്തു. മദ്യപിച്ചതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. വിദേശത്തുനിന്നു വിവാഹത്തിനെത്തിയ വരനെ കല്യാണ വേഷത്തില്‍ തന്നെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. രാവിലെ മുതല്‍ മദ്യപിച്ചിരുന്നതായി ബന്ധുക്കളില്‍ ചിലര്‍ പറഞ്ഞു.

തൃശ്ശൂര്‍പൂരത്തിന് ഇന്ന് കൊടികയറും: പൂരത്തിന് കുരുക്കിട്ട് വനംവകുപ്പിന്റെ സര്‍ക്കുലര്‍, ആനകളുടെ 50 മീറ്റര്‍ അകലെ ആളുകള്‍ നില്‍ക്കാന്‍ പാടില്ല

പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍ പൂരത്തിന് ഇന്ന് കൊടികയറ്റം. പൂരത്തിന്റെ സാരഥികളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങളിലും പങ്കാളികളായ എട്ട് ദേശ ക്ഷേത്രങ്ങളിലും കൊടിയേറ്റം ആഘോഷമായി നടത്തും. ആദ്യ കൊടിയേറ്റ് നടക്കുക തിരുവമ്പാടി ക്ഷേത്രത്തിലാണ്. എന്നാല്‍ ഈ വര്‍ഷത്തെ പൂരത്തിന്റെ ആനയെഴുന്നെള്ളിപ്പിന് കുരുക്കിട്ടിരിക്കുകയാണ് വനംവകുപ്പിന്റെ പുതിയ സര്‍ക്കുലര്‍. സര്‍ക്കുലര്‍ പ്രകാരം ആനകളുടെ 50 മീറ്റര്‍ അകലെ ആളു നില്ക്കാന്‍ പാടില്ല. 15ന് മുമ്പ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കണം എന്ന് തുടങ്ങുന്ന നിര്‍ദ്ദേശങ്ങളാണ് സര്‍ക്കുലറിലുള്ളത്.  പക്ഷെ ഈ സര്‍ക്കുലര്‍ പിന്‍വലിച്ചില്ലെങ്കില്‍ തൃശൂര്‍ പൂരത്തിന് ആനകളെ വിട്ടു തരില്ലെന്ന് ആന ഉടമ സംഘടന പ്രതിഷേധം അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് ആന ഉടമകളുടെയും ഉത്സവ സംഘടകരുടെയും അടിയന്തര യോഗം തൃശൂരില്‍ ചേരും. തൃശ്ശൂര്‍ പൂരത്തിന് ആവേശം നല്‍കുന്ന പൂരപ്രേമികളുടെ ആരാധനാപാത്രമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ഇത്തവണ എത്തുമോയെന്ന കാര്യത്തില്‍ ഹൈക്കോടതി ഈ മാസം 17ന് തീരുമാനമെടുക്കും.  എല്ലാ ആനകളുടെയും പട്ടികയും, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ആനകളെ അമിക്കസ് ക്യൂറി പരിശോധിക്കണം. ആരോഗ്യ പ്രശ്‌നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നും കോടതി അറിയിച്ചു. ഇന്നാണ് തൃശ്ശൂര്‍ പൂരത്തിന്റെ കൊടിയേറ്റം. തിരുവമ്പാടി പാറമേക്കാവ് ക്ഷേത്രങ്ങള്‍ക്കൊപ്പം എട്ടു ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റം ഉണ്ടാകും. തിരുവമ്പാടിയുടെ കൊടിയേറ്റം രാവിലെ 11 നാണു.തിരുവമ്പാടി വിഭാഗം നടുവിലാലിലെയും നായ്ക്കനാലിനെയും പന്തലുകളില്‍ കൊടി ഉയര്‍ത്തും. 11.20നും 12.15നും ഇടയ്ക്കാണ് പാറമേക്കാവിലെ കൊടിയേറ്റം ഉണ്ടാവുക. ക്ഷേത്രത്തിനു മുന്നിലെ പാല മരത്തിലും മണികണ്ഠന്‍ ആലിലെ ദേശപ്പന്തലിലും ആണ് മഞ്ഞപ്പട്ടില്‍ സിംഹമുദ്ര യുള്ള കൊടിക്കൂറ നാട്ടുന്നത്.

പടക്കവുമായി ട്രെയിന്‍ യാത്ര ചെയ്യുന്നവര്‍ കുടുങ്ങും, പിടിവീണാല്‍ റെയില്‍വേ നിയമം 164, 165 വകുപ്പുകള്‍ പ്രകാരം കേസെടുക്കും, മൂന്നു വര്‍ഷം വരെ തടവ് കൂടാതെ പിഴയും ലഭിക്കാവുന്ന കുറ്റം

ഈ വിഷുക്കാലത്ത് പടക്കവുമായി ട്രെയിന്‍ യാത്ര ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നവര്‍ക്ക് തിരിച്ചടിയായി വിലക്ക്. പടക്കവുമായി ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ആര്‍പിഫ്.  അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വിലക്കുറവില്‍ പടക്കം വാങ്ങി തീവണ്ടിയില്‍ എത്തിക്കാനുള്ള സാധ്യത മുന്നില്‍ കണ്ട് പുതിയ നീക്കമാണ് ആര്‍പിഎഫ് നടത്തുന്നത്. പടക്കവുമായി ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ക്ക് മൂന്നു വര്‍ഷം വരെയാണ് തടവും പിഴയും ആണ് ലഭിക്കുക. ആര്‍പിഎഫ് ക്രൈം ഡിവിഷന്‍ ആന്‍ഡ് ഡിറ്റക്ഷന്‍ സ്‌ക്വാഡാണ് പരിശോധന തുടങ്ങിയത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് നടപടി. പാലക്കാട്, മം?ഗലാപുരം, എറണാകുളം, തിരുവനന്തപുരം തുടങ്ങിയ സ്റ്റേഷനുകളെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. എസ്‌ഐയോ എഎസ്‌ഐയോ നേതൃത്വം നല്‍കുന്ന നാലം?ഗ സംഘമാണ് ഓരോ സ്‌ക്വാഡിലും ഉണ്ടാവുക. 24 മണിക്കൂറും പരിശോധനയുണ്ടാകും. മഫ്തിയിലാണ് പരിശോധനയ്ക്ക് എത്തുക. പിടിവീണാല്‍ റെയില്‍വേ നിയമം 164, 165 വകുപ്പുകള്‍ പ്രകാരം കേസെടുക്കും. മൂന്നു വര്‍ഷം വരെ തടവോ 1000 രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാവുന്ന ശിക്ഷയാണ് ഇത്. കനത്ത ചൂടുള്ള കാലാവസ്ഥയില്‍ പടക്കം പൊട്ടിത്തെറിക്കാനും തീവണ്ടിക്ക് തീപിടിക്കാനുമുള്ള സാധ്യതയുള്ളതിനാലാണ് നടപടി കര്‍ശനമാക്കുന്നത്.

കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ ലഘുഭക്ഷണവും വെള്ളവും വാങ്ങാം, പുതിയ പരിഷ്‌ക്കാരവുമായി കെഎസ്ആര്‍ടിസി

പുത്തന്‍ മാറ്റത്തിന് തയ്യാറെടുക്കുകയാണ് കെഎസ്ആര്‍ടിസി. കാലത്തിന്റെ മാറ്റത്തിനൊപ്പം പുതിയ പരിഷ്‌ക്കാരങ്ങളാണ് കെഎസ്ആര്‍ടിസിയില്‍ വരുന്നത്. ഇനി മുതല്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് മുതലുള്ള ബസുകളില്‍ യാത്ര ചെയ്യുമ്പോള്‍ ലഘുഭക്ഷണവും വെള്ളവും വാങ്ങാനാകും. പണം ഡിജിറ്റലായും നല്‍കാന്‍ സാധിക്കും എന്നതാണ് പ്രത്യേകത. ഇവയുടെ മാലിന്യം സംഭരിക്കേണ്ടത് കരാര്‍ എടുക്കുന്ന ഏജന്‍സിയുടെ ചുമതലയായിരിക്കുമെന്ന് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നിര്‍ദേശിച്ചു. മുഖ്യ ഡിപ്പോകളിലെ കാന്റീന്‍ നടത്തിപ്പ് പ്രധാന ഹോട്ടല്‍ ഗ്രൂപ്പുകള്‍ക്ക് അഞ്ചു വര്‍ഷത്തേക്കു നല്‍കാനും തീരുമാനമായി. ഈ മേഖലയില്‍ പരിചയമുള്ളവര്‍ക്കേ കരാര്‍ നല്‍കാവൂ എന്നു മന്ത്രി നിര്‍ദേശിച്ചു.കെഎസ്ആര്‍ടിസി സ്ഥലം മാത്രം കൈമാറും. മികച്ച ഇന്റീരിയര്‍ സൗകര്യങ്ങളും വൃത്തിയുള്ള ശുചിമുറികളും നടത്തിപ്പുകാര്‍ നിര്‍മിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ആന്ധ്രാപ്രദേശില്‍ രഥ പ്രദക്ഷണത്തിനിടെ ഹൈ-വോള്‍ട്ടേജ് ഇലക്ട്രിക് വയറില്‍ നിന്ന് 13 കുട്ടികള്‍ക്ക് ഷോക്കേറ്റു, ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികള്‍ അപകടനില തരണം ചെയ്തു

കുര്‍ണൂല്‍ : ക്ഷേത്രത്തിലെ രഥ പ്രദക്ഷണത്തിനിടെ ഷോക്കേറ്റ് കുട്ടികള്‍ ആശുപത്രിയില്‍. ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലെ തേക്കൂര്‍ ഗ്രാമത്തില്‍ ഉഗാഡി ഘോഷയാത്രയുടെ ഭാഗമായുള്ള രഥ പ്രദക്ഷണത്തിനിടെ ഹൈ-വോള്‍ട്ടേജ് ഇലക്ട്രിക് വയറില്‍ നിന്നാണ് കുട്ടികള്‍ക്ക് ഷോക്കേറ്റത്.  13 കുട്ടികള്‍ക്കാണ് ഷോക്കേറ്റത്. കുട്ടികളെ ഉടനെ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുര്‍ണൂലിലെ  ആശുപത്രിയില്‍ ആണ് കുട്ടികള്‍ ഇപ്പോള്‍. കുട്ടികള്‍ അപകടനില തരണം ചെയ്തെന്നും ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.  തെലുങ്ക് കലണ്ടര്‍ പ്രകാരം പുതുവര്‍ഷത്തിന്റെ തുടക്കമാണ് ഉഗാഡി. തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ ഈ ദിവസം ആഘോഷിക്കാറുണ്ട്. 'ഇന്ന് രാവിലെ ഉഗാഡി ഉത്സവത്തിന്റെ സമാപനത്തിനിടെശേഷം 13 കുട്ടികള്‍ക്ക് വൈദ്യുതാഘാതമേറ്റു. എന്നാല്‍ പത്ത് ശതമാനത്തില്‍ താഴെയാണ് പൊള്ളലേറ്റിട്ടുള്ളത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല'... കുര്‍ണൂല്‍ പൊലീസ്  ഇന്‍സ്പെക്ടര്‍ കിരണ്‍ കുമാര്‍ റെഡ്ഡി വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോട് പറഞ്ഞു. വൈഎസ്ആര്‍സിപി നേതാവും പനയം എംഎല്‍എയുമായ കടസാനി രാമഭൂപാല്‍ റെഡ്ഡിയും നന്ദ്യാല ടിഡിപി സ്ഥാനാര്‍ഥി ബൈറെഡ്ഡി ശബരിയും പരിക്കേറ്റ കുട്ടികളെ കാണാന്‍ ആശുപത്രിയിലെത്തി. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളമെന്ന് ബൈറെഡ്ഡി ശബരി ആവശ്യപ്പെട്ടു.

തൂക്കുകയറില്‍ നിന്ന് രക്ഷിക്കാന്‍ 'ബോചെ ടീ ചലഞ്ച്', പണം സ്വരൂപിക്കുന്നതിനായി യാചക യാത്ര തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകള്‍ കടന്ന് എറണാകുളത്ത്

സൗദിയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിരപരാധിയായ കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുള്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കാന്‍ ഏപ്രില്‍ 16 ന് മുന്‍പ് 34 കോടി രൂപ മോചനദ്രവ്യം നല്‍കേണ്ടതുണ്ട്. ഈ തുക സമാഹരിക്കുന്നതിനായി നാട്ടുകാര്‍ രൂപീകരിച്ച അബ്ദുള്‍ റഹീം ലീഗല്‍ അസിസ്റ്റന്‍സ് കമ്മിറ്റി ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് സംഭാവന ചെയ്യാന്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിക്കാന്‍ വേണ്ടി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആരംഭിച്ച യാചക യാത്ര തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകള്‍ കടന്ന് എറണാകുളത്ത് എത്തിയിരിക്കുന്നു. പൊതുജനങ്ങളില്‍ നിന്നും വന്‍ സ്വീകാര്യതയാണ് ബോചെ യാചകയാത്രയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് തന്നെ 18 കോടി രൂപയോളം റഹീമിനു വേണ്ടി മനുഷ്യസ്‌നേഹികള്‍ നല്‍കിയിട്ടുണ്ട്.  ഇനി 16 കോടി രൂപയും കൂടി കണ്ടെത്തേണ്ടതുണ്ട്. എന്നാല്‍ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ. ആയതിനാല്‍ ശേഷിക്കുന്ന തുക പെട്ടെന്ന് സമാഹരിക്കാന്‍ വേണ്ടി ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റ് ചലഞ്ച് ഏപ്രില്‍ 15 നു നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്. ഇതൊരു വണ്‍ ഡേ ചലഞ്ച് ആണ്. ബോചെ ടീ ഒരു പാക്കറ്റിനു 40 രൂപയാണ് വില.  ദിവസേന രാത്രി 9 മണിക്ക് നറുക്കെടുപ്പ് നടത്തുകയും ദിവസേന ഒരു ഭാഗ്യവാന് 10 ലക്ഷം രൂപ സമ്മാനവും കൂടാതെ, പതിനഞ്ചായിരത്തോളം പേര്‍ക്ക് 10000, 5000, 1000, 500, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കും. ബമ്പര്‍ പ്രൈസ് 25 കോടി രൂപയാണ്. നറുക്കെടുപ്പ് വിജയികളുടെ വിവരങ്ങള്‍, ദിവസേന www.bochetea.com എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. കൂടാതെ മാധ്യമങ്ങളിലൂടെയും ദിവസേന അറിയിക്കുന്നതായിരിക്കും. ദുബായില്‍ വന്‍ വിജയമായ ബോചെ ടീ ലക്കി ഡ്രോ ഈ മാസം അവസാനം ഇന്ത്യയില്‍ ലോഞ്ച് ചെയ്യാനായിരുന്നു പദ്ധതി. എന്നാല്‍ അബ്ദുള്‍ റഹീം ട്രസ്റ്റിന്റെ ഫണ്ടിന് വേണ്ടിയാണ് ലോഞ്ച് നേരത്തേയാക്കാന്‍ തീരുമാനിച്ചത്. അതുകൊണ്ട് ഓണ്‍ലൈനായി മാത്രമേ ഇപ്പോള്‍ ബോചെ ടീ ലഭ്യമാവുകയുള്ളു. ഈ മാസം അവസാനത്തോടെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ലഭ്യമായിത്തുടങ്ങും.  മുന്‍പ് ബോചെ പറഞ്ഞിരുന്നത് ബോചെ ടീ വിറ്റുകിട്ടുന്ന ലാഭത്തില്‍ നിന്ന് ഒരുകോടി രൂപ രക്ഷാപ്രവര്‍ത്തനത്തിനായി നല്‍കും എന്നായിരുന്നു. എന്നാല്‍ ഇനിയും ഒരുപാട് കോടി രൂപ ആവശ്യം ഉള്ളത് കൊണ്ട് ബോചെ ടീ വിറ്റുകിട്ടുന്ന മുഴുവന്‍ തുകയും, മുതലടക്കം ബോചെ റഹീമിനായി നല്‍കും. എല്ലാ മനുഷ്യസ്‌നേഹികളും ഈ ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റ് ചാലഞ്ചില്‍ പങ്കെടുത്ത് അബ്ദുള്‍ റഹീമിനെ തൂക്കുമരത്തില്‍ നിന്ന് രക്ഷിക്കാന്‍ ഒരുമിച്ചു ചേരണമെന്ന് ബോചെ അഭ്യര്‍ത്ഥിക്കുന്നു.  

തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ്: മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ട് പിടിച്ച കെ ബാബുവിന്റെ നടപടി തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്ന സ്വരാജിന്റെ പരാതിയില്‍ ഇന്ന് വിധി

കൊച്ചി : കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ട് പിടിച്ച കെ ബാബുവിന്റെ നടപടി തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും കെ ബാബുവിന്റെ വിജയം റദ്ദാക്കണമെന്നുമുള്ള എം സ്വരാജിന്റെ ഹര്‍ജിയില്‍ വിധി ഇന്ന്. കെ ബാബുവിന്റെ വിജയം റദ്ദാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന എം സ്വരാജിന്റെ ഹര്‍ജിയിലാണ് ജസ്റ്റിസ് പി ജി അജിത്കുമാര്‍ വിധി പറയുക. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്ന കെ ബാബു മതചിഹ്നം ഉപയോഗിച്ച് വോട്ട് തേടി എന്ന് ചൂണ്ടിക്കാട്ടിയാണ് സ്വരാജ് ഹര്‍ജി സമര്‍പ്പിച്ചത്. അയ്യപ്പന് ഒരു വോട്ട് എന്ന് അച്ചടിച്ച തെരഞ്ഞെടുപ്പ് സ്ലിപ്പ് വിതരണം ചെയ്തതിന്റെ തെളിവ് കോടതിയില്‍ സ്വരാജ് ഹാജരാക്കിയിരുന്നു.  സ്ലിപ്പില്‍ ശബരിമല അയ്യപ്പന്റെ ചിത്രവും കെ ബാബുവിന്റെ പേരും കൈപ്പത്തി ചിഹ്നവും ഉള്‍പ്പെടുത്തി, മത്സരം ശബരിമല അയ്യപ്പനും എം സ്വരാജും തമ്മിലാണെന്ന് പ്രചാരണം നടത്തി, എം സ്വരാജ് വിജയിക്കുകയാണെങ്കില്‍ അയ്യപ്പന്റെ തോല്‍വിയണെന്ന് പ്രചരിപ്പിച്ചു, തുടങ്ങിയവയാണ് ഹര്‍ജിയിലെ ആരോപണങ്ങള്‍.

ഒമ്പതാം ക്ലാസ്സില്‍ കുറഞ്ഞ മാര്‍ക്കാണോ ലഭിച്ചത്? കേരളത്തില്‍ പത്താം ക്ലാസ്സിലേക്ക് കടക്കാന്‍ ഒമ്പതില്‍ കുറവ് മാര്‍ക്ക് ലഭിച്ചവര്‍ക്ക് ഇനി സേ പരീക്ഷ നടത്തും

കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ ഇനി ഒമ്പതാം ക്ലാസ്സില്‍ മാര്‍ക്ക് കുറഞ്ഞാല്‍ പത്തിലേക്ക് കടക്കാന്‍ സേ പരീക്ഷ എഴുതാം. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ സൗകര്യം. അവധിക്കാലത്താണ് 'സേവ് എ ഇയര്‍'(സേ) പരീക്ഷ നടത്തി നിലവാരം ഉറപ്പാക്കുന്നത്.  സ്‌കൂള്‍ തലത്തില്‍ ചോദ്യ പേപ്പര്‍ തയാറാക്കി സേ പരീക്ഷ നടത്തി അര്‍ഹരായവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കണമെന്നാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. മേയ് 10നു മുന്‍പ് ഈ പരീക്ഷ ഹൈസ്‌കൂളുകളില്‍ നടത്തണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. നിലവില്‍ 9-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഷിക പരീക്ഷയിലെ നിലവാരം മാനദണ്ഡമാക്കാതെ തന്നെ അടുത്ത ക്ലാസിലേക്കു പ്രവേശനം അനുവദിക്കുകയായിരുന്നു. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം 8-ാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും അടുത്ത ക്ലാസിലേക്ക് പ്രവേശനം നല്‍കുന്ന രീതി തുടരും. എന്നാല്‍ വാര്‍ഷിക പരീക്ഷ എഴുതിയിരിക്കണം. ആരോഗ്യ പ്രശ്നങ്ങള്‍ മൂലവും മറ്റു കാരണങ്ങളാലും വാര്‍ഷിക പരീക്ഷ എഴുതാന്‍ കഴിയാത്ത 8-ാം ക്ലാസ് വരെയുള്ളവര്‍ക്കായി സ്‌കൂള്‍ തലത്തില്‍ ചോദ്യ പേപ്പര്‍ തയാറാക്കി വീണ്ടും പരീക്ഷ നടത്തും. വാര്‍ഷിക പരീക്ഷയുടെ അടിസ്ഥാനത്തിലുള്ള സ്ഥാനക്കയറ്റ പട്ടിക മേയ് 2ന് പ്രസിദ്ധീകരിക്കണം. 9-ാം ക്ലാസ് വരെയുള്ള കുട്ടികളില്‍ വാര്‍ഷിക പരീക്ഷയില്‍ മോശം പ്രകടനം കാഴ്ച വച്ചവര്‍ അടുത്ത ക്ലാസിലേക്കു പ്രവേശനം നല്‍കും മുമ്പായി വീണ്ടും പരീക്ഷ നടത്തി നിലവാരം ഉറപ്പാക്കണമെന്ന് എസ്സിഇആര്‍ടി പുറത്തിറക്കിയ കരട് രേഖയില്‍ നിര്‍ദേശിച്ചിരുന്നു.

ലക്ഷദ്വീപ് മേഖലയില്‍ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതായി ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു

കവരത്തി : അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയില്‍ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്‌കെയിലില്‍ 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ദേശീയ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അര്‍ധരാത്രി 12.15 ഓടെയായിരുന്നു ഭൂചലനമുണ്ടായത്. അരമണിക്കൂറോളം പ്രകമ്പനം നീണ്ടുനിന്നതായാണ് റിപ്പോര്‍ട്ട്. മിനിക്കോയ് ദ്വീപില്‍ നിന്ന് 195 കിലോമീറ്റര്‍ അകലെ കടലില്‍ 27 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ആന്ത്രോത്ത്, അഗത്തി, അമിനി, കടമം ദ്വീപുകളില്‍ പ്രകമ്പനം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. തുടര്‍ചലനങ്ങള്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. പരിക്കോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.  

അലോപ്പതി മരുന്നുകള്‍ക്കെതിരായ പരസ്യങ്ങള്‍ അംഗീകരിക്കാനാകില്ല, പൊതുതാല്‍പര്യത്തിന് വിരുദ്ധം, പരസ്യ വിവാദ കേസില്‍ പതഞ്ജലിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

അലോപതി മരുന്നുകള്‍ക്കെതിരെയുള്ള പരസ്യങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് കോടതി. പരസ്യ വിവാദ കേസില്‍ പതഞ്ജലിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അലോപ്പതി മരുന്നുകള്‍ക്കെതിരായ പരസ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് ആയുഷ് മന്ത്രാലയം സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി. അലോപ്പതിക്കെതിരായ പരസ്യങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും അത് പൊതുതാല്‍പര്യത്തിന് വിരുദ്ധമാണെന്നുമാണ് സുപ്രീംകോടതിയെ കേന്ദ്രം അറിയിച്ചത്. കൊവിഡ് പ്രതിരോധം എന്ന പേരില്‍ പതഞ്ജലി പുറത്തിറക്കിയ'കൊറോണിലിന്' പരസ്യം നല്‍കരുതെന്ന് നിര്‍ദ്ദേശിച്ചുവെന്നും ഇതിന്റെ ക്ലിനിക്കല്‍ ട്രയല്‍ പൂര്‍ത്തിയായിരുന്നില്ലെന്നും സത്യവാങ്മൂലത്തില്‍ പരാമര്‍ശമുണ്ട്. കോടതി വിമര്‍ശനത്തിന് പിന്നാലെയാണ്‌കേന്ദ്രം സത്യവാങ്മൂലം നല്‍കിയത്. പതഞ്ജലിയുടെ വ്യാജ പരസ്യക്കേസില്‍ ബാബാ രാംദേവിനെയും ആചാര്യ ബാല്‍കൃഷ്ണനെയും കഴിഞ്ഞ ദിവസം സുപ്രീംകോടതി നേരിട്ട് ശാസിച്ചിരുന്നു.കോടതിയലക്ഷ്യക്കേസില്‍ പതഞ്ജലി നേരത്തെ നല്കിയ സത്യവാങ്മൂലത്തില്‍ കടുത്ത അതൃപ്തി അറിയിച്ച കോടതി രാംദേവിന്റെ മാപ്പ് അപേക്ഷ തള്ളുകയും വ്യാജപരസ്യങ്ങളില്‍ നടപടി സ്വീകരിക്കാത്തില്‍ കേന്ദ്രത്തെ വിമര്‍ശിക്കുകയുമുണ്ടായി. പതഞ്ജലി ഉല്‍പ്പന്നങ്ങളെക്കുറിച്ച് തെറ്റായ അവകാശവാദം ഉയര്‍ത്തുന്ന പരസ്യങ്ങള്‍ പിന്‍വലിക്കണമെന്ന ഉത്തരവ് നടപ്പാക്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്. കോടതി ഉത്തരവിനെ കുറിച്ച് പരസ്യ വിഭാഗത്തിന് അറിയില്ലായിരുന്നുവെന്ന രാംദേവിന്റെ വാദം മുഖവിലക്കെടുക്കാതെയാണ് കോടതി മാപ്പപേക്ഷ കഴിഞ്ഞ ദിവസം തളളിയത്.  

More Articles

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 25നുള്ള കേരള സന്ദര്‍ശനം മാറ്റി, 24ന് കേരളത്തിലെത്തും... ബിജെപി സംഘടിപ്പിക്കുന്ന യുവം പരിപാടിയില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി കേരളത്തിലെത്തുന്നത്....
മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്, ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി...
തന്റെ സമ്പാദ്യം മുഴുവന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത ചാലാടന്‍ ജനാര്‍ദ്ദനന്‍ അന്തരിച്ചു, വീട്ടില്‍ കുഴഞ്ഞ് വീണാണ് മരണം...
കേരളത്തില്‍ ഇന്ന് ഉയര്‍ന്ന ചൂട് രേഖപ്പെടുത്താന്‍ സാധ്യത, അള്‍ട്രാവയലറ്റ് വികിരണ തോതും അപകടനിലയിലായതിനാല്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നും മുന്നറിയിപ്പ്...
രാത്രി കെഎസ്ആര്‍ടിസിയില്‍ യാത്ര ചെയ്യുന്ന സ്ത്രീകള്‍ക്ക് അവര്‍ പറയുന്നിടത്ത് ബസുകള്‍ നിര്‍ത്തി കൊടുക്കണം... സ്ത്രീകള്‍ക്കൊപ്പം കുട്ടികളുണ്ടെങ്കിലും ഇത് ബാധകമാണ്....
കുട്ടി വീണ് പരിക്കുപറ്റിയെന്ന് രണ്ടാനച്ഛന്‍, കുട്ടിയുടെ ഭയത്തോടെയുള്ള പെരുമാറ്റത്തില്‍ നിന്നും പന്ത്രണ്ടുകാരനെ രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് തെളിഞ്ഞു...
ഇന്ത്യന്‍ റെയില്‍വേയുടെ അതിവേഗ ട്രെയിന്‍ സര്‍വീസ് വന്ദേ ഭാരത് കേരളത്തിലും സര്‍വീസിന് ഒരുങ്ങുന്നു.... ട്രെയിന്‍ തിരുവനന്തപുരം ഡിവിഷന് കീഴില്‍ സര്‍വ്വീസ് നടത്തും...
നിര്‍ത്തിയിട്ട ബസ്സുകള്‍കള്‍ക്ക് ഇടയിലേയ്ക്ക് സ്‌കൂട്ടര്‍ പാഞ്ഞ് കയറി, ചേനപ്പാടി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം... മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍...

Most Read

British Pathram Recommends