സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്ട്സാപ്പ് വഴി നോട്സ് അയക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്. ഇതുമായി ബന്ധപ്പെട്ട് ആര്‍ഡിഡിമാര്‍ക്കും സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ നല്കി. പഠനകാര്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ നല്‍കുന്നത് കുട്ടികള്‍ക്ക് ഗുണകരമല്ലെന്ന് സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടി.
ബാലാവകാശ കമ്മിഷന് നിര്‍ദേശത്തെ തുടര്‍ന്നാണു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. സമൂഹമാധ്യമങ്ങളിലൂടെ നോട്സ് നല്‍കുന്നത് കുട്ടികള്‍ക്ക് അമിതഭാരമുണ്ടാക്കുന്നുവെന്ന് സര്‍ക്കുലറില്‍ പറയുന്നു. കുട്ടികള്‍ക്ക് അവരുടെ പഠനകാര്യങ്ങള്‍ ഓര്‍ത്തിരിക്കാനും ശരിയായി മനസിലാക്കാനും നോട്ട്സ് ഉള്‍പ്പടെയുള്ള പഠന കാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നല്കുന്ന രീതി ഗുണകരമല്ലന്നും ഇതില്‍ സൂചിപ്പിക്കുന്നുണ്ട്.
കുട്ടികള്‍ക്ക് നേരിട്ട് ക്ലാസില്‍ ലഭിക്കേണ്ട പഠനാനുഭവങ്ങള്‍ നഷ്ടമാക്കുന്നത് പൂര്‍ണമായി ഒഴിവാക്കണം. ഇക്കാര്യങ്ങള്‍ ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട അധികാരികള്‍ സ്കൂളുകളില്‍ ഇടവിട്ട് സന്ദര്‍ശനം നടത്തി നിരീക്ഷണം ശക്തമാക്കേണ്ടതും വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അഭിപ്രായം ചോദിച്ചറിയേണ്ടതുമാണ്.
പഠന കാര്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ നല്കുന്ന രീതി കുട്ടികള്‍ക്ക് അമിതഭാരവും പ്രിന്റ് എടുത്ത് പഠിക്കുമ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടും വരുത്തുന്നതായി രക്ഷിതാക്കള്‍ പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ബാലാവകാശ കമ്മിഷന് അംഗം എന്‍സുനന്ദ നല്കിയ നോട്ടീസിനെതുടര്‍ന്നാണ് എല്ലാ ആര്.ഡി.ഡിമാര്‍ക്കും സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും വിദ്യാഭ്യാസ വകുപ്പ് സര്‍ക്കുലര്‍ നല്‍കിയത്.