വാശിയേറിയ പ്രചാരണങ്ങൾക്കും അപ്രതീക്ഷിത ട്വിസ്റ്റുകൾക്കും ആരോപണ പ്രത്യാരോപണ കോലാഹലങ്ങൾക്കും ശേഷം വോട്ടെടുപ്പ് കഴിഞ്ഞ് നാളത്തെ ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം.
നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടന്ന ചേലക്കരയിൽ വിജയമുറപ്പെന്ന് എൽഡിഎഫ് പറയുന്നു. പാലക്കാടും വിജയിക്കുമെന്നാണ് അവകാശവാദം.
അതേസമയം ലോകസഭാ തിരഞ്ഞെടുപ്പ് നടന്ന വയനാട്ടിലും നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന പാലക്കാട്ടും വിജയം ഉറപ്പെന്ന് യു.ഡിഎഫ്. എൽഡിഎഫ് കോട്ടയായ ചേലക്കര നിയമസഭാ മണ്ഡലത്തിൽ അട്ടിമറി വിജയം നേടാനാകുമെന്നും യു.ഡി.എഫ് ക്യാമ്പ് അവകാശപ്പെടുന്നു.
എന്നാൽ മറ്റു രണ്ടിടങ്ങളിലും വിജയ സാധ്യത അവകാശപ്പെടുന്നില്ലെങ്കിലും പാലക്കാട് അട്ടിമറി വിജയം നേടുമെന്നാണ് ബിജെപിയുടെ വിശ്വാസം.
രാഷ്ട്രീയ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ട്വിസ്റ്റുകളും വാദപ്രതിവാദങ്ങളും പ്രചാരണ തന്ത്രങ്ങളും അരങ്ങേറിയ ഉപ തെരഞ്ഞെടുപ്പെന്ന് ഇതിനെ വിശേഷിപ്പിക്കാം. അതുകൊണ്ടുതന്നെ ഫലമറിയാൻ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയും ചെയ്യുന്നു.
പാലക്കാട് എൽഡിഎഫ് സ്ഥാനാർത്ഥിയായ ഡോ. പി. സരിന്റെ അപ്രതീക്ഷിത മുന്നണി മാറ്റത്തോടെയാണ് രാഷ്ട്രീയ നാടകങ്ങൾക്ക് തുടക്കമിട്ടത്. കണ്ണൂർ എ.ഡി.എമ്മും സിപിഎം പാർട്ടി കുടുംബാംഗവുമായ കെ. നവീൻ ബാബുവിന്റെ ആത്മഹത്യയോടെ പ്രതിരോധത്തിലായ സിപിഎമ്മിന് ഉപതിരഞ്ഞെടുപ്പിൽ വീണുകിട്ടിയ പിടിവള്ളിയായി കോൺഗ്രസിൽ നിന്നുമുള്ള പി. സരിന്റെ മറുകണ്ടം ചാട്ടം.
എന്നാൽ ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തോടെയും കോൺഗ്രസ്സ് സ്ഥാനാർത്ഥിയും പ്രചാരണത്തിനെത്തിയ നേതാക്കളും താമസിച്ചിരുന്ന ഹോട്ടലിലെ റെയ്‌ഡും ട്രോളിയിൽ പണം കടത്തിയതുമായ കോലാഹലവും അതേത്തുടർന്ന് സിപിഎം നേതാക്കൾക്കിടയിൽ തന്നെയുള്ള ഭിന്നിപ്പുമെല്ലാം പി. സരിന്റെ വിജയപ്രതീക്ഷയിൽ വിള്ളലുകൾ വീഴ്ത്തിയിട്ടുണ്ട്.
ഏറ്റവും ഒടുവിലായി സന്ദീപ് വാര്യർ ബിജെപിയെ ഉപേക്ഷിച്ച് കോൺഗ്രസ്സിൽ ചേർന്നതും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയതായി കരുതണം. വാര്യർമാർക്കും അയ്യർമാർക്കും പട്ടരുമാർക്കുമൊക്കെ കാര്യമായ വേരുകളുള്ള മണ്ണാണ് പാലക്കാടിന്റേത്. പരമ്പരാഗത കോൺഗ്രസ്സ് അനുഭാവികളായ ഇവരൊക്കെ ഇടക്കാലത്ത് ബിജെപിയിലേക്ക് മാറിയിരുന്നു.
സന്ദീപ് വാര്യരുടെ മാറ്റം ഏറ്റെടുത്ത് ഇവർ പിന്തുണച്ചാൽ കോൺഗ്രസ്സിന് പ്രതീക്ഷയ്‌ക്കും മുകളിലുള്ള ഭൂരിപക്ഷത്തോടെ പാലക്കാട് വിജയിക്കാനാകും. ബിജെപിയുടെ പരാജയം കനത്തതുമാകും. മൂന്നാംസ്ഥാനം പ്രവചിക്കപ്പെടുന്ന എൽ.ഡി.എഫിന് രണ്ടാംസ്ഥാനത്തേക്ക് കടന്നുവരാനും കഴിഞ്ഞേക്കും.
പതിവുകോട്ടയായ ചേലക്കരയിൽ ആണ് എൽഡിഎഫിന്റെ ഏക വിജയപ്രതീക്ഷ. ചേലക്കരയിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളെക്കുറിച്ചും വികസനക്കുറവുകളെക്കുറിച്ചും സ്വന്തം പാർട്ടിയുടെ സർക്കാരിനെത്തന്നെ വിമർശിക്കാൻ മടികാണിക്കാത്ത എൽഡിഎഫ് സ്ഥാനാർത്ഥി യു ആർ പ്രദീപിന്റെ തന്ത്രം വിജയിച്ചാൽ, കോട്ടയിൽ സിപിഎം തന്നെ കൊടിനാട്ടും.
അതേസമയം യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസിന്റെ സ്വതവേയുള്ള പ്രവർത്തനശൈലി ചേലക്കരക്കാർ ഇഷ്ടപ്പെടുകയും ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുകയും ദളിത വികാരം ഏകോപിക്കുകയും ചെയ്താൽ, രമ്യയ്ക്കും ഇത്തവണ ഇടതുകോട്ടയിൽ അട്ടിമറി വിജയം സ്വന്തമാക്കാനാകും. ഉപതെരഞ്ഞെടുപ്പുകളിൽ ഏറ്റവും ഉയർന്ന പോളിംഗ് നടന്നു എന്നതിനാൽ ചേലക്കരയിലെ പോരിന് വീറും വാശിയും കൂടും.
വയനാട് ലോകസഭാ മണ്ഡലത്തിൽ പ്രിയങ്ക വിജയിക്കുമെന്ന കാര്യത്തിൽ മറ്റുപാർട്ടികൾക്കും വലിയ തർക്കമൊന്നുമില്ല. എന്നാൽ പോളിംഗ് ശതമാനത്തിൽ കാര്യമായ കുറവ് വന്നതിനാൽ പ്രിയങ്കയുടെ ഭൂരിപക്ഷം ഒരു ലക്ഷത്തിന് അല്പം മുകളിലോ താഴെയോ ആയി മാറാനും സാധ്യത കൽപിക്കപ്പെടുന്നു.
നാളെ രാവിലെ എട്ടുമണിക്ക് തന്നെ വോട്ടെണ്ണൽ ആരംഭിക്കും. അധികം വൈകാതെ ട്രെൻഡ് അറിയാം. ഉച്ചയ്ക്ക് മുമ്പ് തന്നെ അന്തിമ ഫലവും അറിയുവാൻ കഴിയും. കേരളത്തിനു പുറമേ ഉപതെരഞ്ഞെടുപ്പുകൾ നടന്ന , മഹാരാഷ്ട്ര, ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ ഫലപ്രഖ്യാപനവും നാളെ നടക്കും.