കേരളവും ലോക മലയാളികളും ആകാംക്ഷയോടെ കാത്തിരുന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ റിപ്പോർട്ടിലെ പ്രവചനങ്ങൾ സത്യമാക്കി മുന്നേറുന്നു.
ഏവരും ഉറ്റുനോക്കിയ ശക്തമായ ത്രികോണ മത്സരം നടന്ന പാലക്കാട് ഇതെഴുതുമ്പോൾ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ, ഇതുവരെ ആരും നേടാത്തത്ര 18721 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽവിജയിച്ചു.
അട്ടിമറി വിജയം നേടുമെന്ന് ബിജെപി അവകാശപ്പെട്ട എൻഡിഎ സ്ഥാനാർഥി സി. കൃഷ്ണകുമാർ ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. യുഡിഎഫിൽ നിന്നുമെത്തി എൽഡിഫ് സ്ഥാനാർത്ഥിയായ ഡോക്ടർ പി പി സരിൻ മൂന്നാം സ്ഥാനത്തും നിൽക്കുന്നു.
ഇടതുപക്ഷ കോട്ടയായ ചേലക്കരയിൽ പ്രതീക്ഷിച്ചതുപോലെ തന്നെ എൽഡിഎഫ് സ്ഥാനാർഥി യു.ആർ പ്രദീപ് 12067 വോട്ടുകളുടെ വിജയത്തിലേക്ക് കുതിക്കുന്നു. യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസ് രണ്ടാം സ്ഥാനത്താണ്. അതേസമയം എൻഡിഎ സ്ഥാനാർത്ഥി കെ. ബാലകൃഷ്ണൻ ഏറെ പിന്നിലുമായി.
ലോകസഭ തിരഞ്ഞെടുപ്പ് നടന്ന വയനാട്ടിൽ കോൺഗ്രസ് ദേശീയ നേതാവ് പ്രിയങ്ക ഗാന്ധി കന്നി മത്സരത്തിൽത്തന്നെ കോൺഗ്രസുകാർ പ്രതീക്ഷിച്ച ഭൂരിപക്ഷത്തിലേക്ക് നീങ്ങുകയാണ്. 338970 വോട്ടുകളുടെ ഭൂരിപക്ഷം എഴുതുമ്പോൾ പ്രിയങ്ക നേടിക്കഴിഞ്ഞു.
ഒട്ടേറെ ട്വിസ്റ്റുകളും രാഷ്ട്രീയ നാടകങ്ങളും അരങ്ങേറിയ രണ്ടുമാസത്തോളം നീണ്ട പ്രചാരണത്തിൽ, യുഡിഎഫിൽ നിന്ന് പി. സരിൻ എൽഡിഎഫിൽ എത്തുകയും ബിജെപിയിൽ നിന്ന് സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് മാറുകയും ചെയ്തിരുന്നു.
എന്തായാലും സന്ദീപ് വാര്യരുടെ വിട്ടുപോകൽ പാലക്കാട് ബിജെപിക്ക് കനത്ത പകരമായി എന്നുതന്നെ നിലവിലെ യുഡിഎഫ് ഭൂരിപക്ഷം വ്യക്തമാക്കുന്നു. ഉപതെരഞ്ഞെടുപ്പ് ഫലത്തോടെ ബിജെപിയിലും എൽഡിഎഫിലും ചില രാഷ്ട്രീയ നേതൃമാറ്റങ്ങൾ സംഭവിച്ചേക്കാമെന്നും പ്രതീക്ഷിക്കപ്പെടുന്നു.