ഒരു വീട് ആരുടെയും സ്വപ്‌നം ആണ്. മനസ്സിനിണങ്ങിയ വീട് കിട്ടണം എന്നതായിരിക്കും ആരുടെയും സ്വപ്‌നം. എന്നാല്‍ അതു പോലെ ഒരു സ്വപ്‌ന വീട് വാങ്ങിയിട്ടും ആദ്യ ദിവസം തന്നെ വീടിനോടുള്ള എല്ലാ ആഗ്രഹങ്ങളും ഉപേക്ഷിച്ച ദമ്പതികളെ കുറിച്ചുള്ള കാര്യങ്ങളാണ് വാര്‍ത്തയാകുന്നത്.
യുകെയിലെ ദമ്പതികളായ വാള്‍ട്ടര്‍ ബ്രൗണിന്റെയും ഭാര്യ ഷാരോണ്‍ കെല്ലിയുടെയും വീടെന്ന ആഗ്രഹമാണ് വലിയ ഒരു ബുദ്ധിമുട്ടായി മാറുന്നത്. അടുത്ത കാലത്താണ് വാള്‍ട്ടറും ഷാരോണു കൂടി യുകെയിലെ കോളര്‍ട്ടണില്‍ നാല് കിടപ്പുമുറികളുള്ള ഒരു വീട് വാങ്ങിയത്. വീടെന്ന വലിയൊരു സ്വപ്‌നമാണ് സാക്ഷാത്കരിച്ചത്.
ഇരുവരും തങ്ങളുടെ വീട് വാങ്ങിയത് 3,58,000 പൗണ്ടിന്, ഏകദേശം 3.84 കോടി രൂപയ്ക്കായിരുന്നു. എന്നാല്‍, പെട്ടെന്ന് തന്നെ പുതിയ വീട്ടില്‍ താമസിക്കാനുള്ള ഇരുവരുടെയും ആഗ്രഹത്തിന് മങ്ങലേറ്റു. അതിന് കാരണമായത് കിടപ്പുമുറിയില്‍ നിന്നുള്ള ഒരു കാഴ്ചയായിരുന്നു. മനോഹരമായ വീടിന്റെ സമീപത്ത് മനോഹരമായ ഭൂപ്രകൃതിക്കായി ജനല്‍ തുറന്ന ഇരുവരും കണ്ടത് പ്രദേശത്തെ മാലിന്യ കൂമ്പാരം. അതും ഏക്കറ് കണക്കിന്. ഇരുവരും അധികൃതരോട് വീടിന് സമീപത്തെ മാലിന്യ കൂമ്പാരം മാറ്റാന്‍ ആവശ്യപ്പെട്ട് പരാതികള്‍ നല്‍കിയെങ്കിലും ഒന്നിലും നടപടിയുണ്ടായില്ല.
ജനാലകള്‍ അടച്ചാലും മാലിന്യ കൂമ്പാരത്തില്‍ നിന്നുള്ള അസഹ്യമായ ദൂര്‍ഗന്ധം വീട്ടില്‍ ഇരിക്കാന്‍ പോലും അവരെ അനുവദിച്ചില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വാള്‍ട്ടര്‍ ഇതിനിടെ പ്രോപ്പര്‍ട്ടി ഡെവലപ്പര്‍മാരെ മാലിന്യകൂമ്പാരം നീക്കാന്‍ ആവശ്യപ്പെട്ടു. നീക്കാമെന്ന് അവര്‍ സമ്മതിച്ചെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. മാത്രമല്ല, പ്രദേശത്തെ റോഡുകളെല്ലാം മോശമായിരുന്നു. ഇത്രയും വലിയ തുകയ്ക്ക് ചാടിക്കയറി വീട് വാങ്ങേണ്ടിയിരുന്നില്ലെന്നാണ് ഇപ്പോള്‍ ദമ്പതിമാര്‍ പറയുന്നതും. വീട് വാങ്ങുന്നത് പോലെ തന്നെ വീടിന്റെ ചുറ്റുപാടുകളെ കുറിച്ച് അന്വേഷിക്കുന്നതു പ്രധാനമാണെന്നും ഇരുവരും കൂട്ടിചേര്‍ക്കുന്നു.