പാലക്കാട്: സിനിമാ- നാടക നടി മീന ഗണേഷ് അന്തരിച്ചു. 81 വയസ്സായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കേ ആണ് മരണം. പാലക്കാട് ഷൊര്‍ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്.
1976 മുതല്‍ സിനിമാ സീരിയല്‍ രംഗത്ത് സജീവമായിരുന്നു മീന ഗണേഷ്. 200 ലേറെ സിനിമകളിലും നിരവധി നാടകങ്ങളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
നാടക രംഗത്ത് സജീവമായിരുന്ന മീന ഗണേഷ് 1976 ല്‍ റിലീസായ മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ തുടക്കം കുറിക്കുന്നത്. 1991ലെ മുഖചിത്രം എന്ന ചിത്രത്തില്‍ പാത്തുമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് മീന ഗണേഷ് സിനിമയില്‍ സജീവമായത്.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാല്‍ക്കണ്ണാടി, നന്ദനം, മീശമാധവന്‍, കരുമാടിക്കുട്ടന്‍ തുടങ്ങിയ സിനിമകളിലെ മീനയുടെ അഭിനയം ശ്രദ്ധേയമായിരുന്നു. 1942ല്‍ പാലക്കാട് കല്ലേക്കുളങ്ങരയിലാണ് മീന ഗണേഷ് ജനിച്ചത്. തമിഴ് സിനിമകളില്‍ അഭിനയിച്ചിരുന്ന നടന്‍ കെപി കേശവന്റെ മകളാണ്. സ്‌കൂള്‍ പഠന കാലത്ത് കൊപ്പം ബ്രദേഴ്സ് ആര്‍ട്ട്സ് ക്ലബിലൂടെയാണ് മീന ആദ്യമായി നാടകരംഗത്തെത്തുന്നത്.
മണിമുഴക്കം എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്തുകൊണ്ടാണ് സിനിമയിലെത്തിയതോടെ പെട്ടന്ന് ശ്രദ്ധിക്കപ്പെടുകയായിരുന്നു. 1991ലെ മുഖചിത്രം എന്ന ചിത്രത്തില്‍ പാത്തുമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് മീന ഗണേഷ് സിനിമ രംഗത്ത് ശ്രദ്ധ നേടിയത്.
പ്രശസ്ത നാടകരചയിതാവും സംവിധായകനും നടനുമായ എ എന്‍ ഗണേഷാണ് ഭര്‍ത്താവ്. സീരിയല്‍ സംവിധായകനായ മനോജ് ഗണേഷ്, സംഗീത എന്നിവരാണ് മക്കള്‍. ബിന്ദു മനോജ്, സംഗീത ഉണ്ണി കൃഷ്ണന്‍ എന്നിവരാണ് മരുമക്കള്‍. സംസ്‌കാരം വൈകിട്ട് ഷൊര്‍ണൂര്‍ ശാന്തീതീരത്ത് നടക്കും.