ജാര്‍ഖണ്ഡ്: അതിശൈത്യവും ഉപവാസവും കാരണം വിവാഹച്ചടങ്ങിനിടെ വരന്‍ ബോധം കെട്ടുവീണു. എന്നാല്‍ വരന് ബോധം തിരിച്ചുകിട്ടിയപ്പോള്‍ വധു പറഞ്ഞ കാര്യം കേട്ട് ഞെട്ടി വരനും ബന്ധുക്കളും.
ഝാര്‍ഖണ്ഡിലെ ദേവ്ഘറില്‍ ഞായറാഴ്ചയായിരുന്നു സംഭവം. ഘോര്‍മര സ്വദേശിയായ അര്‍ണവും ബിഹാറിലെ ഭഗല്‍പുര്‍ സ്വദേശിയായ അങ്കിതയും തമ്മില്‍ നടക്കാനിരുന്ന വിവാഹവേദിയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
അര്‍ണവിന്റെ നാട്ടില്‍വച്ച് തുറന്ന മണ്ഡപത്തിലായിരുന്നു വിവാഹച്ചടങ്ങുകള്‍ ആരംഭിച്ചത്. ചടങ്ങിന്റെ അവസാനം വധൂവരന്മാര്‍ അഗ്‌നിക്ക് വലംവെക്കാനൊരുങ്ങവേ അര്‍ണവ് പെട്ടെന്ന് വിറയ്ക്കുകയും പിന്നീട് ബോധംകെട്ടുവീഴുകയുമായിരുന്നു. ഉടന്‍തന്നെ അര്‍ണവിനെ ബന്ധുക്കള്‍ സമീപത്തെ മുറിയില്‍ കൊണ്ടുപോയി പ്രഥമശുശ്രൂഷ നല്‍കുകയും ഡോക്ടറെ വിളിച്ചുവരുത്തുകയും ചെയ്തു. തണുത്ത കാലാവസ്ഥയും ഉപവാസവുമാണ് അര്‍ണവ് ബോധംകെട്ടുവീഴാന്‍ കാരണമെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍ പറഞ്ഞു.
തലകറങ്ങി വീണ് ഒന്നരമണിക്കൂറിനു ശേഷമാണ് അര്‍ണവിന് ബോധംവന്നത്. ഇതോടെ അങ്കിതയ്ക്ക് അര്‍ണവിന്റെ ആരോഗ്യത്തേക്കുറിച്ച് ആശങ്കയുണ്ടാവുകയും വിവാഹത്തില്‍നിന്ന് പിന്മാറുന്നതായി അറിയിക്കുകയുമായിരുന്നു. തണുപ്പത്ത് പെട്ടെന്ന് ബോധം കെട്ടുവീഴാന്‍ കാരണമായ എന്തോ ആരോഗ്യപ്രശ്നം അര്‍ണവിനുണ്ടെന്ന് അങ്കിതയുടെ ഭയമാണ് വിവാഹം മുടങ്ങുന്നതിലേക്ക് വഴിവെച്ചതെന്നാണ് റിപ്പോര്‍ട്ട്.
കൂടാതെ, സാധാരണയായി വരനും കുടുംബവുമാണ് വിവാഹഘോഷയാത്രയുമായി വധൂഗൃഹത്തിലേക്ക് വരിക. എന്നാല്‍ ഇവിടെ വരന്റെ വീട്ടിലേക്ക് വിവാഹഘോഷയാത്രയായി പോയത് അങ്കിതയുടെ കുടുംബമായിരുന്നു. ഈ പതിവ് എന്തുകൊണ്ട് പാലിച്ചില്ലെന്ന് അങ്കിത ചോദ്യം ഉന്നയിച്ചതും ഇരു കുടുംബങ്ങളും തമ്മിലുള്ള തര്‍ക്കത്തിലേക്ക് കൊണ്ടുചെന്നെത്തിച്ചു.