മെല്‍ബണ്‍: കുടുംബത്തോടൊപ്പം യാത്ര ചെയ്യവേ അനുവാദം ഇല്ലാതെ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകയോട് ചൂടായി ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി. ഭാര്യ അനുഷ്‌കയ്ക്കും മക്കള്‍ക്കുമൊപ്പം നാലാം ടെസ്റ്റിനായി മെല്‍ബണിലേക്കു പോകും വഴിയാണ് താരം മാധ്യമ പ്രവര്‍ത്തകയോട് ചൂടായത്.
ഓസ്ട്രേലിയന്‍ മാധ്യമ പ്രവര്‍ത്തക വിമാനത്താവളത്തില്‍ നിന്നു പുറത്തിറങ്ങുന്നതിനിടെ കോലിയുടെയും കുടുംബത്തിന്റെയും ചിത്രം പകര്‍ത്തുകയായിരുന്നു. ഇതില്‍ രോക്ഷം വന്നതോടെയാണ് കോലിയുടെ പ്രതികരണം.
മാധ്യമപ്രവര്‍ത്തകയുടെ അടുത്തെത്തിയ കോലി ചൂടാകുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നിറയെ. ''കുട്ടികള്‍ക്കൊപ്പം പോകുമ്പോള്‍ എനിക്കു സ്വകാര്യത ആവശ്യമാണ്. എന്നോട് അനുവാദം ചോദിക്കാതെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ സാധിക്കില്ല.''- കോലി പ്രതികരിച്ചു. എന്നാല്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം സ്‌കോട്ട് ബോളണ്ടിന്റെ പ്രതികരണം എടുക്കാനെത്തിയ മാധ്യമപ്രവര്‍ത്തകയോടാണ് കോലി ദേഷ്യപ്പെട്ടതെന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബോളണ്ട് മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍, അതുവഴി കടന്നുപോയ കോലി തെറ്റിദ്ധരിക്കുകയായിരുന്നു എന്നുമാണ് ഓസ്ട്രേലിയന്‍ മാധ്യമങ്ങളുടെ വിശദീകരണം. ബോളണ്ട് മടങ്ങാനൊരുങ്ങുമ്പോള്‍, കോലിയെത്തിയതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ ഇന്ത്യന്‍ താരത്തിന്റെയും ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതായും ഇതാണു പ്രശ്നങ്ങളിലേക്കു നയിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.