ഇന്ത്യന്‍ വിപണിയില്‍ നിന്ന് സ്റ്റാര്‍ബക്സ് വിട്ടു പോകുന്നതായി കഴിഞ്ഞ ദിവസമാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് പിന്നീട് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ ഇതു സംബന്ധിച്ച് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് പ്രസ്താവന ഇറക്കിയിരിക്കുകയാണ് ഇപ്പോള്‍. റിപ്പോര്‍ട്ടുകള്‍ 'അടിസ്ഥാനരഹിതം' എന്നാണ് ടാറ്റ വിശേഷിപ്പിച്ചിരിക്കുന്നത്.
'ഉയര്‍ന്ന പ്രവര്‍ത്തനച്ചെലവും' 'കുറഞ്ഞ ലാഭവും' കാരണം സ്റ്റാര്‍ബക്‌സ് കോഫി ചെയിന്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം നിര്‍ത്തിയേക്കുമെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചര്‍ച്ച ചൂടുപിടിച്ചത്. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ, ബിഎസ്ഇ ലിമിറ്റഡ്, കല്‍ക്കട്ട സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവയ്ക്ക് അയച്ച കത്തില്‍ ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ഈ അവകാശവാദങ്ങള്‍ നിരസിച്ചു.
സ്റ്റാര്‍ബക്സ് കോഫി കമ്പനിയും ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ് ലിമിറ്റഡും തമ്മിലുള്ള സംയുക്ത സംരംഭത്തിലൂടെയാണ് 2012 ഒക്ടോബറില്‍ സ്റ്റാര്‍ബക്സ് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. 'ഉയര്‍ന്ന ചെലവുകള്‍, മോശം രുചി, വര്‍ധിച്ചുവരുന്ന നഷ്ടങ്ങള്‍' എന്നിവ കാരണം സ്റ്റാര്‍ബക്സ് ഇന്ത്യ വിടുന്നു എന്ന തലക്കെട്ടിലായിരുന്നു വാര്‍ത്ത. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയില്‍ ഉപഭോക്താക്കളുടെ എണ്ണം കുറയുന്നതിനാല്‍, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ഹ്രസ്വകാലത്തേക്ക് സ്റ്റാര്‍ബക്‌സ് സ്റ്റോറുകള്‍ തുറക്കാനുള്ള പദ്ധതികള്‍ തത്കാലം നിര്‍ത്തിവെക്കുമെന്ന് ഡിസംബര്‍ 16-ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.