കോഴിക്കോട്: മലയാളത്തിന്റെ പ്രിയ സാഹിത്യകാരനും എഴുത്തുകാരനും തിരക്കഥാകൃത്തും സംവിധായകനും ആയ എംടി വാസുദേവന്‍ നായര്‍. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ് അദ്ദേഹം ഇപ്പോള്‍.
എം.ടി.വാസുദേവന്‍ നായര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനയോടിരിക്കുകയാണ് കേരളം. ഈ മാസം 15നാണ് എം.ടിയെ ശ്വാസകോശ തടസമടക്കം ആരോഗ്യ പ്രശ്നങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെയോടെ ആരോഗ്യ നില കൂടുതല്‍ വഷളായി. തുടര്‍ന്ന് ഹൃദയസ്തംഭനമുണ്ടായി. ഓക്സിജന്‍ മാസ്‌കിന്റെയും മറ്റും സഹായത്തോടെ ഐ.സി.യുവിലാണ് ഇപ്പോള്‍ അദ്ദേഹം ഉള്ളത്.
വിവരമറിഞ്ഞ് ആശുപത്രിയിലെത്തിയ മന്ത്രി മുഹമ്മദ് റിയാസ് ആശുപത്രി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ മാദ്ധ്യമങ്ങള്‍ക്ക് മുമ്പാകെ വിവരിച്ചു. സര്‍ക്കാരും സംവിധാനങ്ങളുമെല്ലാം എം.ടിയുടെ ജീവന്‍ രക്ഷിക്കാന്‍ ഒപ്പമുണ്ടെന്നും സാദ്ധ്യമായ സംവിധാനങ്ങളെല്ലാം ഉപയോഗിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യനില മാറ്റമില്ലാതെ തുടരുകയാണെന്നാണ് ഏറ്റവും ഒടുവില്‍ ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്. അതേസമയം,? ഹൃദയ മിടിപ്പും രക്തസമ്മര്‍ദ്ദവും നിയന്ത്രണ വിധേയമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുണ്ട്. വിദഗ്ദ്ധ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്.
മന്ത്രി എ.കെ.ശശീന്ദ്രന്‍, സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ.ബേബി, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള തുടങ്ങിയവര്‍ ആശുപത്രിയിലെത്തി ഡോക്ടര്‍മാരുമായും ബന്ധുക്കളുമായും സംസാരിച്ചു. കുടുംബാംഗങ്ങളെല്ലാം ആശുപത്രിയിലുണ്ട്.