സ്കോട്ടിഷ് നഗരത്തിൽ നിന്ന് യുവതിയായ മലയാളി വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായിട്ട് രണ്ടാഴ്ച പിന്നിടുന്നു. സാന്ദ്രയെ ഏറ്റവും ഒടുവിലായി കണ്ടെത്തിയ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടെങ്കിലും അന്വേഷണം ഇപ്പോഴും കാര്യമായ പുരോഗതിയില്ലാതെ നിൽക്കുകയാണ്.
ഡിസംബർ 6 വെള്ളിയാഴ്ചയാണ് എഡിൻബർഗിലെ സൗത്ത് ഗൈൽ പ്രദേശത്ത് നിന്ന് 22 കാരിയായ സാന്ത്ര സാജുവിനെ കാണാതായത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ അന്നേദിവസം രാത്രി 8.30 ഓടെ ലിവിങ്സ്റ്റണിലെ ബേൺവെയ്ൽ പ്രദേശത്തുള്ള സൂപ്പർമാർക്കറ്റിലെ സിസിടിവിയിൽ സാന്ദ്രയെ കണ്ടെത്തി.
ഇതേത്തുടർന്ന് ചിത്രങ്ങൾ പുറത്തുവിട്ട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയെങ്കിലും ഇപ്പോഴും യുവതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇതേത്തുടർന്ന് ബന്ധുക്കൾ കൂടുതൽ ആശങ്കയിലായി.
കാണാതായ ദിവസം ലിവിങ്സ്റ്റണിലെ ആല്മണ്ട്വെയ്ലിലെ അസ്ഡ സ്റ്റോറിലെ കാമെറയിലാണ് സാന്ദ്രയുടെ ദൃശ്യങ്ങൾ അവസാനമായി പതിഞ്ഞത്. ആദ്യം ബേൺവെയ്ൽ പ്രദേശത്ത് ചുറ്റിനടക്കുന്ന നിലയിലും കണ്ടെത്തിയിരുന്നു. ഒരു മണിക്കൂറിന് ശേഷം രാത്രി 9.10 നും 9.45 നും ഇടയിലാണ് സാന്ദ്ര സൂപ്പർമാർക്കറ്റിനുള്ളിൽ എത്തുന്നത്.
സൂപ്പർമാർക്കറ്റിൽ നിന്നും ഇറങ്ങുമ്പോൾ യുവതിയുടെ കൈവശം പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്ന തരം ഒരു ബ്ലാക്ക് ആൻഡ് വൈറ്റ് ഷോപ്പർ സ്റ്റൈൽ ബാഗ് ഉണ്ടായിരുന്നതായും പോലീസ് വെളിപ്പെടുത്തി. എന്നാൽ യുവതി അസ്ദ സ്റ്റോറിൽ കയറിയപ്പോൾ ഈ ബാഗ് ഉണ്ടായിരുന്നില്ല.
ഇതേത്തുടർന്ന് യുവതിയെ കണ്ടിട്ടുള്ളവരോ അവളെ തിരിച്ചറിയുന്ന ആരെങ്കിലുമോ വിവരം അറിയിക്കാൻ പോലീസ് ആവശ്യപ്പെടുന്നു.
5 അടി 6 ഇഞ്ച് ഉയരമുള്ള, മെലിഞ്ഞ ശരീരപ്രകൃതിയുള്ള ഇന്ത്യൻ വംശത്തിൽപ്പെട്ട, നീളം കുറഞ്ഞ കറുത്ത മുടിയുള്ള യുവതിയാണ് കാണാതായ സാന്ദ്രയെന്നും പോലീസ് പുറത്തുവിട്ട നോട്ടീസിൽ പറയുന്നു.
അവസാനമായി കാണുമ്പോൾ കറുത്ത ജാക്കറ്റും രോമക്കുപ്പായവും ധരിച്ചിരുന്നു. കൈയിലെ ബാഗ് പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റുന്നതിനാൽ ബാഗുമായി സാന്ദ്രയെ കണ്ടതായി ആരെങ്കിലും ഓർക്കുമെന്നും പോലീസ് പ്രതീക്ഷിക്കുന്നു.
എറണാകുളം പെരുമ്പാവൂര്‍ സ്വദേശിനിയായ സാന്ദ്ര, സ്റ്റുഡന്റ് വിസയിലാണ് സ്കോട്ട്ലാൻഡിലെത്തിയത്. ഹെരിയോട്ട് വാട്ട് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിനിയാണ്. വിദ്യാർഥി വീസയിൽ കഴിഞ്ഞ വർഷമാണ് ഇവിടെയെത്തിയത്.
സാന്ദ്രയുടെ തിരോധാനം അവ്യക്തമാണെന്നും യുവതിയുടെ സുരക്ഷയെക്കുറിച്ച് കൂടുതൽ ആശങ്കാകുലരാണെന്നും സുഹൃത്തുക്കളും കുടുംബാംഗങ്ങളും പറഞ്ഞു. കാണാതായതിന് ശേഷം ആരുമായും സമ്പർക്കം പുലർത്തിയിട്ടില്ല, പെട്ടെന്നുള്ള തിരോധാനത്തെക്കുറിച്ച് ആശങ്കകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
യുകെയിൽ ഓരോവർഷവും കാണാതാകുന്ന കൗമാരക്കാരായ കുട്ടികളുടേയും യുവതിയുടേയും എണ്ണം ഓരോവർഷവും വർധിച്ചുവരികയാണ്. സ്കോട്ട്ലാൻഡിൽ മാത്രം പ്രതിവർഷം 15,000 പേരോളം കാണാതാകുന്നു. ഇവരിൽ പകുതിയോളം പേരെ മരണപ്പെട്ട നിലയിൽ പിന്നീട് കണ്ടെത്തുകയാണ് പതിവ്. നാലിലൊന്നുപേരെ മാത്രമാണ് അധികൃതർക്ക് കണ്ടെത്താൻ കഴിയുന്നതും തിരിച്ചെത്തുന്നതും.
പ്രണയക്കെണിയിൽ പെട്ടാണ് കുടുതലും കൗമാരക്കാർ വീടുവിട്ടുപോകുന്നത്. ഒടുവിൽ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട് ഒഴിഞ്ഞ കെട്ടിടങ്ങളിലോ പ്രദേശങ്ങളിലോ ജഡമായി കണ്ടെത്തുകയാണ് പതിവ്. ഈവിധത്തിൽ കൗമാരക്കാരേയും യുവതികളേയും കുടുക്കാൻ ഭീകരസംഘടനകളുടെ പിന്തുണയുള്ളവർ അടക്കമുള്ള ഗ്യാംഗുകൾ നിരവധിയുണ്ടെന്നും പോലീസ് പറയുന്നു.
എന്നാൽ സാന്ദ്രയുടെ കേസിൽ, സൂപ്പർമാർക്കറ്റിൽ നിന്നും ബാഗൊക്കെ വാങ്ങി ഏതോ ദീർഘദൂര യാത്രയ്‌ക്കൊ അല്ലെങ്കിൽ ദീർഘകാലം മറ്റൊരിടത്ത് താമസിക്കാനോ തയ്യാറെടുക്കുന്ന സൂചനയാണ് പ്രത്യക്ഷത്തിൽ പ്രകടമാകുന്നത്.
അതിനാൽത്തന്നെ പഠനം വിജയകരമായി പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ, യുകെയിൽ നിന്നും മടങ്ങാതിരിക്കാൻ പരിചയമുള്ള മറ്റാരുടെയെങ്കിലും അടുത്തേക്ക് മുങ്ങിയതാണോയെന്നും സംശയിക്കുന്നു. എങ്കിലും പ്രണയത്തിലോ സൗഹൃദത്തിലോ പെട്ട് അവരെ വിശ്വസിച്ച് പോയതാകാമെന്നുള്ളതാണ് പാഥമികമായ നിഗമനം.
"യുവതിയെ കണ്ടെത്താനുള്ള ശ്രമത്തിൽ വിപുലമായ അന്വേഷണങ്ങൾ നടക്കുന്നു. നിങ്ങൾക്ക് എന്തെങ്കിലും വിവരങ്ങൾ ലഭിച്ചാൽ ഡിസംബർ 15 , 2024 ഞായറാഴ്ചത്തെ കേസ് നമ്പർ 3390 പ്രകാരം 111 നമ്പറിൽ പോലീസ് സ്കോട്ട്ലൻഡുമായി ബന്ധപ്പെടാനും കോർസ്റ്റോർഫിൻ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ അലിസൺ ലോറി ആവശ്യപ്പെട്ടു.