2011 ലാണ് ഇതിനുമുമ്പ്‍ ബ്രിട്ടനിൽ ഇതുപോലൊരു കലാപം നടന്നത്. ആദ്യ കാമറോൺ സർക്കാരിൻറെ ഭരണകാലത്തായിരുന്നു ആ കലാപം. ടോട്ടൻഹാമിൽ ഒരു കൗമാരക്കാരനെ പോലീസ് വെടിവച്ചുകൊന്നതായിരുന്നു കലാപത്തിന് തുടക്കമിട്ടത്.
അന്ന് ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും വ്യാപകമായി വാഹനങ്ങൾക്ക് തീയിടുകയും പൊതുമുതലുകൾ നശിപ്പിക്കുകയും കടകൾ കൊള്ളയടിക്കുകയും ചെയ്തു.
എന്നാൽ ഇത്തവണത്തെ കലാപം പോലെ എല്ലാ പ്രമുഖ നഗരങ്ങളിലേക്കും 2011ലെ കലാപം പടർന്നുപിടിച്ചില്ല. വിദേശത്ത് ഹോളിഡേ ആഘോഷിക്കുകയായിരുന്ന പ്രധാനമന്ത്രി ഡേവിഡ് കാമറോൺ തിരികെയെത്തി അധികം വൈകാതെ കലാപം കെട്ടിടങ്ങുകയും ചെയ്തു.
13 വർഷത്തിനുശേഷം വീണ്ടുമൊരു കലാപം ബ്രിട്ടനിൽ നടക്കുമ്പോൾ കാര്യങ്ങൾ തികച്ചും വ്യത്യസ്തമാണ്. മുമ്പ് കുടിയേറ്റക്കാരും ന്യൂനപക്ഷ വിഭാഗങ്ങളുമാണ് കലാപം നടത്തിയതെങ്കിൽ ഇപ്പോൾ ഒരു പ്രത്യേക ന്യൂനപക്ഷ വിഭാഗത്തെ ലക്ഷ്യമിട്ടാണ് പരമ്പരാഗത വെള്ളക്കാരുടെ ഫാർ റൈറ്റ് സംഘടനകൾ പ്രതിഷേധങ്ങളും കലാപവും നടത്തിയത്. കലാപം മൂർഛിച്ചതോടെ പിന്നീടത് കുടിയേറ്റക്കാർക്ക് എതിരെ പൊതുവിലുമായി മാറി.
ഇതിന് കാരണമായത് ആകട്ടെ സൗത്ത്പോർട്ടിലെ ഹോളിഡേ ഡാൻസ് ക്‌ളാസിൽ കൊച്ചുകുട്ടികളെ അടക്കം അഭയാർത്ഥിയായി യുകെയിലെത്തിയ ആഫ്രിക്കൻ വംശജനായ ഒരു യുവാവ് കത്തികൊണ്ട് കുത്തിയും വെട്ടിയും ആക്രമിക്കുകയും മൂന്നുകുട്ടികളെ കൊലപ്പെടുത്തുകയും ഒമ്പതോളം പേരെ പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവമാണ്.
അതെന്തായാലും ഒരാഴ്ചത്തെ തെരുവുകളിലെ അരാജകത്വത്തിനുശേഷം കലാപം കെട്ടിടങ്ങുമ്പോൾ ഏറ്റവും കൂടുതൽ തിരിച്ചടി നേരിടുന്നത് ഇന്ത്യക്കാർ അടക്കമുള്ള കുടിയേറ്റ സമൂഹമാണ്. ഈ കലാപത്തിൻറെ അനന്തരഫലമായി കുടിയേറ്റക്കാർക്ക് എതിരെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ നിർബന്ധിതരായേക്കും എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.
നഴ്സുമാരും കെയറർമാരും മിഡ് വൈഫുകളും ഫാർമസിസ്റ്റുകളും ഫിസിയോതെറാപ്പിസ്റ്റുകളും റേഡിയോ ഗ്രാഫർമാരും ഉൾപ്പെടെയുള്ള നിലവിൽ ആരോഗ്യ മേഖലയിൽ തൊഴിൽ വിസ ലഭിക്കുന്ന വിഭാഗക്കാർക്ക് എല്ലാം വരും വർഷങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയേക്കാം.
ലേബർ സർക്കാർ വന്നാൽ പാർട്നെർ - ഡിപെൻഡൻസ് - ഫാമിലി വിസ നിയന്ത്രണത്തിൽ കൂടുതൽ ഇളവുകൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്ന ഹെൽത്ത് കെയർ അസിസ്റ്റന്റ്‌സിനും കലാപം സമ്മാനിക്കുക കൂടുതൽ നിരാശയായിരിക്കും.
യുകെയിലേക്ക് ജോലിയ്ക്ക് വരാൻ തയ്യാറായിരിക്കുന്ന നഴ്സുമാർക്കും കലാപം നിരാശജനകമാകും. കൂടുതൽ വിദേശ നഴ്സുമാരെ ഉടൻ റിക്രൂട്ട് ചെയ്യാൻ സർക്കാർ തയ്യാറായേക്കില്ല. കെയറർമാരുടെ തൊഴിൽ സാധ്യതയ്ക്കും മങ്ങലേൽക്കും.
കുടിയേറ്റ വിരുദ്ധ പ്രതിഷേധം രൂക്ഷമായത് യുകെയിലെ നിലവിലുള്ള ഇന്ത്യൻ വിദ്യാർത്ഥികളേയും പുതുതായി എത്തുന്നവരേയും ഒരേപോലെ ദോഷകരമായി ബാധിക്കും. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം യുകെയിൽ 180,000-ത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികൾ നിലവിലുണ്ട്.
അക്രമാസക്തമായ പ്രതിഷേധത്തെത്തുടർന്ന് നിരവധി ബ്രിട്ടീഷ് നഗരങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ട് യുകെയിലേക്ക് യാത്ര ചെയ്യുന്ന പൗരന്മാർക്കും നിലവിലുള്ളവർക്കും ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ജാഗ്രതാ നിർദ്ദേശംവരെ നൽകിയിരുന്നു.
നിലവിൽ യുകെയിൽ പഠിക്കുന്ന മലയാളികൾ അടക്കമുള്ള വിദ്യാർത്ഥികളുടെ മാതാപിതാക്കളും നാട്ടിൽ ആശങ്കയും മനസ്സിൽ തീയുമായി ഈ ദിവസങ്ങളിൽ കഴിയുകയായിരുന്നു. പലയിടങ്ങളിൽ നിന്നും കുടിയേറ്റക്കാരായ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം ഉണ്ടായതായി സോഷ്യൽ മീഡിയകളിൽ വ്യാപകമായി പോസ്റ്റുകൾ വന്നതാണ് കാരണം.
എന്നാൽ യഥാർത്ഥത്തിൽ ടാർജറ്റ് ചെയ്ത ഒരു പ്രത്യേക വിഭാഗത്തിന് നേരെ മാത്രമാണ് യുകെയിലെ തെരുവുകളിൽ ആദ്യദിവസങ്ങളിൽ ആക്രമണം അരങ്ങേറിയത്. ഒന്നോ രണ്ടോ കേസുകൾ മാത്രമാണ് ഇതിന് അപവാദമായുള്ളത്. അക്രമം ഏതുരീതിയിൽ ആയാലും അപലപനീയം തന്നെ. വസ്തുവകകൾ നശിപ്പിക്കുകയും വാഹനങ്ങൾക്ക് തീയിടുകയും മറ്റും ചെയ്തെങ്കിലും കലാപത്തിനിടെ അരങ്ങേറിയ ആക്രമണങ്ങളിൽ ആർക്കും ഗുരുതരമായി പരിക്കേൽക്കുകയോ ജീവഹാനി സംഭവിക്കുകയോ ചെയ്തിട്ടില്ലെന്നതും ഭാഗ്യകരമായി കരുതാം.
യുകെയിലേക്ക് വരാനിരുന്ന മലയാളികൾ അടക്കമുള്ള ഇന്ത്യൻ വിദ്യാർത്ഥികളും ഇപ്പോൾ കടുത്ത ആശങ്കയിൽ ആണെന്ന് പറയുന്നു. പലരും യുകെയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എൻറോൾ ചെയ്യുകയും ബാങ്ക് ലോണുകൾ എടുക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ യുകെയിലേക്ക് വന്നാൽ ഏതെങ്കിലും തരത്തിലുള്ള നിഷേധാത്മക നടപടികൾ ഉണ്ടാകുമോ എന്നതാണ് അവരെ ആശങ്കപ്പെടുത്തുന്ന പ്രധാന വസ്തുത.
അതേസമയം കലാപം കെട്ടിടങ്ങിയ സാഹചര്യത്തിൽ ആശങ്ക കൂടാതെ അവർക്ക് യുകെയിലേക്ക് വരാമെന്ന് ഈ മേഖലയിലെ വിദഗ്ധർ ഒരേപോലെ ചൂണ്ടിക്കാട്ടുന്നു. നിലവിലെ സാഹചര്യത്തിൽ കൂടുതൽ കലാപത്തിനോ മറ്റ് അക്രമസംഭവങ്ങൾക്കോ സാധ്യത കാണുന്നുമില്ല.
മാന്ദ്യവും തൊഴിലില്ലായ്മയും വിലക്കയറ്റവും ആയിരിക്കും കലാപത്തിനുശേഷം യുകെ സാമ്പത്തിക മേഖലയെ പിടിച്ചുലക്കുന്ന മറ്റു പ്രധാന പ്രശ്നങ്ങൾ. രാഷ്ട്രീയപരമായും വംശീയവും വർഗീയപരമായും സമൂഹം ഭിന്നിക്കപ്പെട്ടതിനാൽ സ്വകാര്യമേഖലകളിലെ തൊഴിൽ ലഭ്യത ചില വിഭാഗക്കാർക്ക് കാര്യമായി കുറയുകയും വേർതിരിവ് അനുഭവപ്പെടാനും സാധ്യതയുണ്ടെന്നും ചുണ്ടിക്കാണിക്കപ്പെടുന്നു.
ഇത് സാമ്പത്തിക മാന്ദ്യത്തിലേക്കും അത് കൂടുതൽ തൊഴിലില്ലായ്മയിലേക്കും നയിച്ചേക്കാമെന്നും വിദഗ്ദ്ധർ ആശങ്കപ്പെടുന്നു. അതുപോലെ പരമ്പരാഗത ബ്രിട്ടീഷുകാർക്കിടയിലെ നിലവിലെ തൊഴിലില്ലായ്മയും കുടുംബങ്ങളിലെ സാമ്പത്തിക അരക്ഷിതവസ്ഥയും യുവാക്കളെയും മധ്യവയസ്ക്കരയും ഒരേപോലെ കലാപത്തിനായി തെരുവിൽ ഇറങ്ങാൻ പ്രേരിപ്പിച്ചതിലെ മുഖ്യഘടകങ്ങളുമാണ്.
കഴിയുന്നവർക്ക് അല്പം കാത്തിരുന്നശേഷം അന്തരീക്ഷം കുറച്ചുകൂടി ശാന്തമാക്കുന്ന സാഹചര്യത്തിൽ യുകെയിലേക്ക് വരാം എന്ന് തന്നെയാണ് മനസ്സിലാക്കുവാൻ കഴിയുന്നത്. അതേസമയം അടിയന്തരമായി കോഴ്‌സുകളിൽ എൻറോൾ ചെയ്യാനും കമ്പനികളിൽ ജോലിക്കായി ചേരുവാനും ഉള്ളവർ അവസരങ്ങൾ നഷ്ടപ്പെടുത്താതെ സധൈര്യം ബ്രിട്ടനിലേക്ക് പുറപ്പെടാനും വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു.