യുകെയിലെ ദേശീയ മിനിമം വേതനത്തില്‍ ഏപ്രില്‍ മുതല്‍ ഉണ്ടാകുന്ന വര്‍ധനവ് പല സ്ഥാപനങ്ങളിലെയും കുറഞ്ഞ വരുമാനമുള്ള ജോലികള്‍ ഇല്ലാതാക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. തൊഴിലുടമകളുടെ ദേശീയ ഇന്‍ഷുറന്‍സ് വര്‍ധനവും കൂടിയാകുമ്പോള്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകും. കുറഞ്ഞ വരുമാനക്കാരെ സഹായിക്കാനാണ് ദേശീയ ലിവിംഗ് വേതനം നടപ്പാക്കുന്നത്. എന്നാല്‍, തൊഴിലുടമകളുടെ ദേശീയ ഇന്‍ഷുറന്‍സ് വിഹിതം നല്‍കേണ്ട പരിധി കുറയ്ക്കാനുള്ള നീക്കം ഇതിനെ പ്രതികൂലമായി ബാധിക്കും. നിലവില്‍ 9,100 പൗണ്ടില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ക്കാണ് എന്‍ഐസി നല്‍കേണ്ടത്. 2025 ഏപ്രിലോടെ ഇത് 5,000 പൗണ്ടായി കുറയും.
ഇതോടൊപ്പം, തൊഴിലുടമയുടെ എന്‍ഐ നിരക്ക് 13.8 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തും. ഏകദേശം 23,800 പൗണ്ട് വരുമാനമുള്ള ജീവനക്കാരന് 800 പൗണ്ടിലധികം എന്‍ഐസി നല്‍കേണ്ടിവരും. കൂടാതെ, തൊഴില്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ലേബര്‍ പാര്‍ട്ടിയുടെ പരിഷ്കാരങ്ങളും ചെറുകിട സ്ഥാപനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. പണപ്പെരുപ്പവും സാമ്പത്തിക മാന്ദ്യവും കാരണം പല സ്ഥാപനങ്ങളും ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയാണ്. ചെറുകിട സ്ഥാപനങ്ങള്‍ക്ക് ശമ്പള വര്‍ധനവും ദേശീയ ഇന്‍ഷുറന്‍സ് വിഹിതവും താങ്ങാനാവുന്നില്ല. അതിനാല്‍, പുതിയ നിയമനങ്ങള്‍ ഒഴിവാക്കുകയും നിലവിലുള്ള ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്യുന്നു.
ചാര്‍ട്ടേഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പേഴ്സണല്‍ ആന്‍ഡ് ഡവലപ്മെന്റുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും സമാനമായ ആശങ്കകളാണ് പങ്കുവെക്കുന്നത്. സര്‍വേയില്‍ പങ്കെടുത്ത 2,000 സ്ഥാപനങ്ങളില്‍ മൂന്നിലൊന്ന് ജീവനക്കാരെ പിരിച്ചുവിടാനും പുതിയ നിയമനങ്ങള്‍ ഒഴിവാക്കാനും തീരുമാനിച്ചു. ചെറുകിട തൊഴിലുടമകളുടെ ഈ തീരുമാനം സാധാരണക്കാരെ വലിയ രീതിയില്‍ ബാധിക്കും. ഇത് കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. യുകെയിലെ മലയാളി ചെറുകിട സംരംഭകര്‍ക്കും തൊഴിലാളികള്‍ക്കും ഈ വിഷയം വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്.
കുട്ടികളെ ക്രിമിനല്‍ മാര്‍ഗങ്ങള്‍ക്കായി ചൂഷണം ചെയ്യാന്‍ സാധ്യതയുള്ള ആളുകള്‍ക്ക് കടുത്ത ശിക്ഷ കിട്ടാനുള്ള നിര്‍ദ്ദേശങ്ങള്‍ അടക്കം കുട്ടികളെ ഏതെങ്കിലും രീതിയില്‍ ചൂഷണം ചെയ്യുന്ന നടപടികള്‍ക്കെതിരെ അടുത്ത ആഴ്ച പുതിയ നിയമനിര്‍മ്മാണത്തിന് പാര്‍ലമെന്റില്‍ തുടക്കം കുറിക്കും. മയക്കുമരുന്ന് ഇടപാടുകള്‍ പോലെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കുട്ടികളെ ഉപയോഗിക്കുന്നത് തടയുന്നതും നിയമനിര്‍മാണത്തിന്റെ പ്രധാന ലക്ഷ്യമാണ്. ഇത് കൂടാതെ ഇരകളെ സംരക്ഷിക്കുന്നതിനുള്ള വകുപ്പുകളും നിയമത്തിലുണ്ടാകും. കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കുന്നതിനോടൊപ്പം ഇത്തരം കുറ്റകൃത്യങ്ങള്‍ സംഭവിക്കുന്നത് തന്നെ തടയുന്ന നടപടിക്രമങ്ങള്‍ നിയമത്തിലുണ്ടാകുമെന്ന് ആഭ്യന്തര സെക്രട്ടറി പറഞ്ഞു. നമ്മുടെ സമൂഹത്തില്‍നിന്ന് കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പ്രവണതകള്‍ തുടച്ചു മാറ്റേണ്ടത് അനിവാര്യമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
നിര്‍ദ്ദിഷ്ട നിയമം നടപ്പിലാകുന്നതോടെ കുട്ടികളെ ഉപയോഗിച്ച് മയക്കുമരുന്ന് വ്യാപാരം തുടങ്ങിയ അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കും എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം സമാനമായ നിയമ നിര്‍മ്മാണത്തിന് മുന്‍ സര്‍ക്കാര്‍ തുടക്കമിട്ടിരുന്നു. എന്നാല്‍ പൊതുതെരഞ്ഞെടുപ്പിനായി പാര്‍ലമെന്റ് പിരിച്ചുവിട്ടപ്പോള്‍ ഈ നിയമനിര്‍മ്മാണം കൂടുതല്‍ പുരോഗതി കൈവരിച്ചില്ല.
മയക്കുമരുന്ന് ഇടപാടുകള്‍, സംഘടിത കവര്‍ച്ച ഉള്‍പ്പെടെയുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലേയ്ക്ക് കുട്ടികളെ വളര്‍ത്തുന്ന ആളുകളെയാണ് പുതിയ നിയമ നിര്‍മ്മാണം ലക്ഷ്യം വയ്ക്കുന്നതെന്നാണ് ആഭ്യന്തര ഓഫീസ് പുറത്തുവിട്ട വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. 2023 - 24 വര്‍ഷങ്ങളില്‍ ഏകദേശം 14,500 കുട്ടികളെയാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ സാധ്യതയുള്ളവരായി തിരിച്ചറിഞ്ഞത്.
Latest News
സ്കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൈയ്യില്‍ ഗ്ലൗസും മുഖത്ത് മാസ്ക്കും വെച്ച് വളരെ വൃത്തിയോടെയാണ് ഇത് തയ്യാറാക്കുന്നത്. പക്ഷെ ഇതൊന്നും കേരളത്തില്‍ അല്ല. സംഭവം അങ്ങ് ജപ്പാനില്‍ നിന്നാണ്.
ജപ്പാനിലെ സായ്തമയിലെ പബ്ലിക് മിഡില്‍ സ്കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്നന വീഡിയോയാണ് വൈറലാകുന്നത്. ഉച്ചഭക്ഷണത്തിന് വെജിറ്റബിള്‍ ചിക്കന്‍ മീറ്റ്ബോള്‍ സൂപ്പ് തയ്യാറാക്കുന്നതാണ് വീഡിയോയിലുള്ളത്. ഇതിലേക്ക് ആവശ്യമായ പച്ചക്കറികള്‍ വൃത്തിയായി കഴുകുന്നതും മുറിക്കുന്നതു അരിയുന്നതുമെല്ലാം വീഡിയോയിലുണ്ട്. മീറ്റ് ബോളുകള്‍ തയ്യാറാക്കുന്നതും കാണാം. വളരെ ശ്രദ്ധയോടെയും വൃത്തിയോടെയുമാണ് ഓരോ കാര്യങ്ങളും ചെയ്യുന്നതെന്ന് വീഡിയോയില്‍ വ്യക്തമാണ്.
ജപ്പാനില്‍ സ്കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുമ്പോള്‍ കൃത്യമായ പോഷക നിലവാരവും ശുചിത്വവും പാലിക്കണം എന്നത് നിര്‍ബന്ധമാണെന്നും വീഡിയോയില്‍ പറയുന്നു. ഭക്ഷണം പാകം ചെയ്യുന്നവര്‍ മാസ്കും കയ്യുറയും മറ്റും ധരിച്ചിട്ടുമുണ്ട്.
ASSOCIATION
യുകെയിലെ മികച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റുകളില്‍ ഒന്നായ യുണൈറ്റഡ് ബാഡ്മിന്റണ്‍ ക്ലബ് ഗ്ലാസ്ഗോയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ഓള് യുകെ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് മാര്‍ച്ച് എട്ടിന് ശനിയാഴ്ച സ്കോട്ലന്‍ഡിലെ പ്രമുഖ ബാഡ്മിന്റണ്‍ ട്രെയിനിങ് സെന്ററായ സര് ക്രെയ്ഗ് റീഡി സെന്ററില്‍ വച്ചു നടത്തപ്പെടുന്നു.
യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള അനേകം ടീമുകള്‍ ഈ ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നതിനായി എല്ലാ വര്‍ഷവും ഗ്ലാസ്ഗോയില്‍ എത്തിച്ചേരാറുണ്ട്. ശനിയാഴ്ച രാവിലെ പത്തു മണി മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും.
രാവിലെ 10 മണി മുതല്‍ വൈകുന്നേരം ആറു മണി വരെ ആയിരിക്കും മത്സരങ്ങള്‍. വിജയികള്‍ക്ക് ആകര്‍ഷകമായ ക്യാഷ് പ്രൈസ് അടക്കം നിരവധി സമ്മാനങ്ങളാണ് കാത്തിരിക്കുന്നത്. ഒന്നാം സമ്മാനം 301 പൗണ്ടും ട്രോഫിയും രണ്ടാം സമ്മാനം 201 പൗണ്ടും ട്രോഫിയും മൂന്നാം സമ്മാനം 101 പൗണ്ടും ട്രോഫിയും നാലാം സമ്മാന 51 പൗണ്ടും ട്രോഫിയും മറ്റനവധി പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും.
എല്ലാ വര്‍ഷവും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ടീമുകള്‍ ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ താല്പര്യം കാണിക്കുന്നതിനാല്‍ മത്സരത്തിന്റെ സുഗമമായ നടത്തിപ്പിനായി ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 32 ടീമുകളെ മാത്രമേ മത്സരത്തിന് പരിഗണിക്കുകയുള്ളൂ എന്ന് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.
മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടുക
Joe - 07882435921
Jothish - 07882923415
Noel - 07412021628
Praveen - 07799260515
2022-2025 കാലയളവിലെ സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് സുരേന്ദ്രന് ആരക്കോട്ടിന്റെ അധ്യക്ഷതയില്‍ ഫെബ്രുവരി 8-ന് സറെയിലെ റെഡ് ഹില്‍ സ്ഥിതിചെയ്യുന്ന സാല്‍ഫോഡ്സ് വില്ലേജ് ഹാളില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് ഈ തിരഞ്ഞെടുപ്പ് നടന്നത്. യുക്മ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ യോഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
യോഗത്തില്‍ റീജിയണല്‍ ജനറല്‍ സെക്രട്ടറി ജിപ്സണ്‍ തോമസ് പങ്കെടുത്ത ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്കും സംഘടനാ പ്രതിനിധികള്‍ക്കും സ്വാഗതം ആശംസിച്ചു. മുന്‍ ദേശീയ പ്രസിഡണ്ടുമാരായ വര്‍ഗീസ് ജോണ്‍, മനോജ് കുമാര്‍ പിള്ള, ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യന്‍, ദേശീയ സമിതി അംഗം ഷാജി തോമസ് എന്നിവര്‍ പുതിയ നേതൃത്വത്തിന് ആശംസകള്‍ നേര്‍ന്നു. ജിപ്സണ്‍ തോമസ് 2022-25 കാലയളവിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ശ്രീ സനോജ് ജോസ് സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. യുക്മ ഇലക്ഷന് കമ്മീഷന് അംഗം ശ്രീ മനോജ് കുമാര്‍ പിള്ളയുടെ മേല്‍നോട്ടത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികള്‍ ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടു:
2025 - 2027 കാലയളവിലേക്കുള്ള ഭാരവാഹികള്‍
ദേശീയ സമിതി അംഗം - സുരേന്ദ്രന് ആരക്കോട്ട് (DMA, ഡാര്‍ട്ഫോര്‍ഡ്; മുന്‍ റീജിയന് പ്രസിഡന്റ്)
പ്രസിഡന്റ് - ജിപ്സണ്‍ തോമസ് (MARS, റെഡ്ഹില്‍; മുന്‍ റീജിയന് ജനറല്‍ സെക്രട്ടറി) ജനറല്‍ സെക്രട്ടറി - സാംസണ് പോള്‍ (MCH, ഹോര്‍ഷം, മുന്‍ വള്ളംകളി കോഓര്‍ഡിനേറ്റര്‍).ട്രഷറര്‍ - തേജു മാത്യൂസ് (CMC, ക്രോളി; ക്രോളി മലയാളി കമ്മ്യൂണിറ്റി പ്രസിഡന്റ്)
വൈസ് പ്രസിഡന്റുമാര്‍ - സനോജ് ജോസ് (SEEMA, ഈസ്റ്റ് ബോണ്‍), ശാരിക അമ്പിളി (KCWA, ക്രോയ്ഡന്‍) ജോയിന്റ് സെക്രട്ടറിമാര്‍ - സുനോജ് ശ്രീനിവാസ് (BMA, ബ്രൈട്ടണ്), ഡാഫിനി എല്‍ദോസ് (MAP, പോര്‍ട്സ്മൗത്ത്. സ്പോര്‍ട്സ്, സാംസ്കാരിക, സാമൂഹ്യ മേഖലാ കോഓര്‍ഡിനേറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള ഓരോ വിഭാഗത്തിനും പുതിയ കോഓര്‍ഡിനേറ്റര്‍മാരെ തിരഞ്ഞെടുത്തു.
കോഓര്‍ഡിനേറ്റര്‍മാര്‍
പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ - എറിക്സണ് ജോസഫ് (CMC), ക്രോളി. ആര്‍ട്സ് കോഓര്‍ഡിനേറ്റര്‍..- മെബി മാത്യു (CKH), ഹോര്‍ഷം.സ്പോര്‍ട്സ് കോഓര്‍ഡിനേറ്റര്‍ - ബെര്വിന് ബാബു (HUM), ഹേവാര്‍ഡ്സ് ഹീത്ത്. ചാരിറ്റി കോഓര്‍ഡിനേറ്റര്‍ - ബൈജു ശ്രീനിവാസ് (HMA), ഹേവാര്‍ഡ്സ്ഹീത്ത്. നഴ്സസ് ഫോറം കോഓര്‍ഡിനേറ്റര്‍ - റെനോള്‍ഡ് മാനുവേല്‍ (DMA), ഡാര്‍ട്ഫോര്‍ഡ്. യൂത്ത് കോഓര്‍ഡിനേറ്റര്‍ - അലന് ജേക്കബ് (CKH), ഹോര്‍ഷം. വള്ളംകളി കോഓര്‍ഡിനേറ്റര്‍ - ലിറ്റോ കോരൂത്ത് (CKA), കാന്റര്‍ബറി. വിമെന്‍സ് ഫോറം കോഓര്‍ഡിനേറ്റര്‍- മോളി മാര്‍ക്കോസ് (GMCA), ഗില്‍ഡ്ഫോര്‍ഡ്. യുക്മ ന്യൂസ് കോഓര്‍ഡിനേറ്റര്‍ - ജോണ്സണ് മാത്യു (AMA), ആഷ്ഫോര്‍ഡ്. സോഷ്യല്‍ മീഡിയ കോഓര്‍ഡിനേറ്റര്‍- അനില്‍ സെബാസ്റ്റ്യന്‍ (MARC), റെഡ്ഡിങ്.
പുതിയ ഭരണസമിതി റീജിയനിലെ മുഴുവന്‍ അംഗ അസോസിയേഷനുകളോടും ഇതുവരെ കിട്ടിയ സഹകരണത്തിന് നന്ദി അറിയിച്ചതോടൊപ്പം തുടര്‍ന്ന് വരാനിരിക്കുന്ന എല്ലാ പരിപാടികളിലും തികഞ്ഞ പങ്കാളിത്തം അഭ്യര്‍ത്ഥിക്കുന്നതായി അറിയിച്ചു . 2025 ഫെബ്രുവരി 22-ന് ബര്‍മിംഗ്ഹാമില്‍ നടക്കാനിരിക്കുന്ന ദേശീയ ജനറല്‍ ബോഡി യോഗത്തില്‍ കൂടുതല്‍ പ്രതിനിധികളുടെ പങ്കാളിത്തത്തിന് യോഗം ആഹ്വാനം ചെയ്തു. പുതിയ ജനറല്‍ സെക്രട്ടറി സാംസണ് പോള്‍, യോഗത്തില്‍ പങ്കെടുത്ത എല്ലാവര്ക്കും നന്ദി അറിയിച്ച് യോഗം സമാപിച്ചു.
സൗമ്യത മുഖമുദ്രയാക്കിയ രണ്ട് ആളുകള്‍ പ്രസിഡന്റും ജനറല്‍ സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ യുക്മ പോലെ ബൃഹത്തായ ഒരു സംഘടനയെ ഇവരെങ്ങനെ മുന്നോട്ട് നയിക്കുമെന്ന് ചിലരെങ്കിലും നെറ്റിചുളിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ രണ്ടര വര്‍ഷക്കാലം യാതൊരു പരാതിയ്ക്കുമിട നല്‍കാതെ ഒരു ഭരണസമിതിയുടെ കാലയിളവില്‍ ആദ്യമായി മൂന്ന് കലാമേളയും മൂന്ന് വള്ളംകളിയും വിജയകരമായി പൂര്‍ത്തീകരിച്ച് ചരിത്രം സൃഷ്ടിച്ച് കാലാവധി പൂര്‍ത്തിയാക്കി സ്ഥാനമൊഴിയാന്‍ തയ്യാറെടുക്കുകയാണ് ഡോ. ബിജു പെരിങ്ങത്തറയുടേയും ശ്രീ. കുര്യന് ജോര്‍ജിന്റെയും നേതൃത്വത്തിലുള്ള എട്ടാമത് യുക്മ ദേശീയ കമ്മറ്റി. ഇരുവര്‍ക്കുമൊപ്പം ഊര്‍ജ്ജ്വസ്വലനായ ട്രഷറര്‍ ഡിക്സ് ജോര്‍ജ് കൂടി ചേര്‍ന്ന് ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ച ഭരണസമിതി ആദ്യമായി അഞ്ചക്ക സംഖ്യ നീക്കിയിരുപ്പോടെയാണ് സ്ഥാനമൊഴിയുന്നതെന്ന പ്രത്യേകത കൂടിയുണ്ട്. 2019ല്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി കാലാവധി പൂര്‍ത്തീകരിച്ചുവെങ്കിലും കോവിഡ് മൂലം തെരഞ്ഞെടുപ്പ് നടന്നത് 2022 ജൂണ്‍ 22നാണ്. രണ്ട് വര്‍ഷക്കാലം കൂടുമ്പോള്‍ നടക്കേണ്ട യുക്മ തെരഞ്ഞെടുപ്പ്, പുതിയതായി നിലവില്‍ വന്ന ഭരണഘടന നിഷ്കര്‍ഷിക്കുന്നതനുസരിച്ച് നടത്തുന്നതിനായി 2024 മെയ് മാസം ചേര്‍ന്ന ആനുവല്‍ ജനറല്‍ ബോഡിയുടെ പ്രത്യേക അനുമതിയോടെയാണ് കാലാവധി രണ്ടര വര്‍ഷമായി മാറ്റിയെടുത്തത്. ഷീജോ വര്‍ഗ്ഗീസ്, ലീനുമോള്‍ ചാക്കോ (വൈസ് പ്രസിഡന്റുമാര്‍), പീറ്റര്‍ താണോലില്‍, സ്മിതാ തോട്ടം (ജോ. സെക്രട്ടറിമാര്‍) അബ്രാഹം പൊന്നുംപുരയിടം (ജോ. ട്രഷറര്‍ എന്നിവരായിരുന്നു മറ്റ് ഭാരവാഹികളും റീജണല്‍ പ്രസിഡന്റുമാരും നാഷണല്‍ എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങളും കമ്മറ്റികളില്ലാത്ത റീജണുകളിലെ കോര്‍ഡിനേറ്റേഴ്സുമടങ്ങുന്ന 27 അംഗ ദേശീയ ഭരണസമിതിയാണ് നേതൃത്വത്തിന് കരുത്ത് പകര്‍ന്നത്.
യുക്മയുടെ ചരിത്രത്തില്‍ ഏറ്റവും ചലനാത്മകവും വിജയകരവുമായി പ്രവര്‍ത്തിച്ച ഈ കമ്മിറ്റി ശ്രദ്ധേയമായ പല പരിപാടികളും സംഘടിപ്പിക്കുകയുണ്ടായി. യു.കെ മലയാളി സമൂഹത്തിലെ കഴിവുറ്റ കലാകാരന്മാരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനും സമൂഹത്തിനുള്ളില്‍ ഐക്യബോധം വളര്‍ത്തുന്നതിനും വേദിയൊരുക്കി കേരളീയ കലകളുടെയും സാഹിത്യത്തിന്റെയും സംസ്കാരത്തിന്റെയും ഉജ്ജ്വലമായ ആഘോഷമായ യുക്മ ദേശീയ കലാമേള 2022, 2023, 2024 വര്‍ഷങ്ങളില്‍ ചെല്‍റ്റന്‍ഹാമില്‍ സംഘടിപ്പിക്കപ്പെട്ടതിന് യു.കെയിലുടനീളമുള്ള മലയാളികളുടെ അഭൂതപൂര്‍വമായ പങ്കാളിത്തമാണ് ലഭിച്ചത്. കോവിഡ് കാലത്തെ രണ്ട് ഓണ്‍ലൈന്‍ കലാമേള ഉള്‍പ്പെടെ തുടര്‍ച്ചയായ പതിനഞ്ച് കലാമേളകളാണ് ഇതിനോടകം യുക്മ സംഘടിപ്പിച്ചത്. കേരളത്തിന്റെ പരമ്പരാഗത വള്ളംകളിയുടെ ചൈതന്യം ബ്രിട്ടണിലേയ്ക്ക് കൊണ്ടുവന്ന കേരളാ പൂരം എന്ന പേരില്‍ നടത്തപ്പെടുന്ന വള്ളംകളി മത്സരം ഈ ഭരണസമിതിയുടെ മൂന്ന് വര്‍ഷവും ഷെഫീല്‍ഡിലെ മാന്‍വേഴ്സ് തടാകത്തില്‍ നടത്തപ്പെടുകയുണ്ടായി. യൂറോപ്പിലെ മലയാളികള്‍ക്കിടയില്‍ ഏറ്റവും വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്ന പരിപാടി എന്ന നിലയില്‍ പ്രവാസി മലയാളികള്‍ക്കിടയില്‍ സാംസ്കാരിക ബന്ധം ശക്തിപ്പെടുത്തുന്ന കേരളാ പൂരം കേരളത്തിന്റെ ഉത്സവ പാരമ്പര്യങ്ങളുടെ സത്തയെ ഉള്‍ക്കൊള്ളിച്ചു നടത്തപ്പെടുന്നതായി.
മൂന്ന് തവണയും നടന്ന കേരളാപൂരം വള്ളംകളി പരിപാടികള്‍ക്ക് മുന്‍നിര സിനിമാതാരങ്ങളെയാണ് അതിഥികളായെത്തിച്ചത്. 2022 ആഗസ്റ്റ് 27 ന് നടന്ന നാലാമത് യുക്മ കേരളപൂരം വള്ളംകളിയ്ക്ക് സുപ്രസിദ്ധ സിനിമ താരം ഉണ്ണി മുകുന്ദന്, സംവിധായകന് വിഷ്ണു മോഹന്‍, ചലച്ചിത്ര പിന്നണി ഗായിക മാളവിക അനില്‍കുമാര്‍, മാസ്റ്റര്‍ ഷെഫ് സുരേഷ് പിള്ള എന്നിവരുടെ സാന്നിദ്ധ്യം പരിപാടിയെ കൂടുതല്‍ ആകര്‍ഷകമാക്കി. 2023ലെ അഞ്ചാമത് വള്ളംകളിയ്ക്ക് മലയാളത്തിന്റെ പ്രിയതാരങ്ങള്‍ ജോജു, ചെമ്പന്‍ വിനോദ്, കല്യാണി പ്രിയദര്ശന് എന്നിവരോടൊപ്പം പ്രശസ്ത യുട്യൂബര്‍ സുജിത് ഭക്തന്, ഗായകന് അഭിജിത് കൊല്ലം എന്നിവരും വിശിഷ്ടാതിഥികളായിരുന്നു. 2024ലെ ആറാമത് യുക്മ കേരളപൂരം വള്ളംകളിയ്ക്ക് പ്രശസ്ത നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ സുരഭി ലക്ഷ്മി സെലിബ്രിറ്റി ഗസ്റ്റായി പങ്കെടുത്തു.
യുക്മ കലാമേളകളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജനപങ്കാളിത്തത്തോടെയാണ് ചെല്‍ട്ടന്‍ഹാം മൂന്ന് തവണയും വേദിയായത്. 2022 നവംബര്‍ 5 ന് നടന്ന ദേശീയ കലാമേളയില്‍ പ്രശസ്ത സിനിമ താരം നരെയ്ന്, ലണ്ടന്‍ ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ സുഭാഷ് പിള്ള എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. 2 വര്‍ഷത്തെ ഓണ്‍ലൈന്‍ കലാമേളകള്‍ക്ക് ശേഷം നടന്ന കലാമേളയെ യുകെ മലയാളി സമൂഹം ഏറെ ആവേശത്തോടെയാണ് വരവേറ്റത്. 2023 നവംബര്‍ 4ന് നടന്ന ദേശീയ കലാമേള മത്സരാര്‍ത്ഥികളുടെ ബാഹുല്യം കാരണം വെളുപ്പിന് 3 മണി വരെ നീണ്ടപ്പോള്‍ ഫല പ്രഖ്യാപനവും സമ്മാന വിതരണവും പൂര്‍ത്തിയാക്കുവാന്‍ കഴിയാതെ അവസാനിപ്പിക്കേണ്ടി വന്നു. തുടര്‍ന്ന് 05/11/2023 ല്‍ ഫെയ്സ്ബുക്ക് ലൈവിലൂടെ ദേശീയ കലാമേളയുടെ ഫലപ്രഖ്യാപനം നടത്തുകയും ഒരു മാസത്തിനകം വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും സമ്മാനവും വിതരണം ചെയ്യുമെന്നും അറിയിച്ചു. കലാമേളയുടെ സമ്മാന വിതരണം 25/11/2023 ശനിയാഴ്ച കവന്‍ട്രിയില്‍ വെച്ച് നടത്തി മുഖ്യാതിഥിയായി ശ്രീ.തോമസ് ചാഴിക്കാടന് എം.പിയെ പങ്കെടുപ്പിച്ച് ഗംഭീരമാക്കി. 2024 നവംബര്‍ 2 ന് ചെല്‍റ്റന്‍ഹാമിലെ ക്ളീവ് സ്കൂളില്‍ വെച്ച് നടന്ന പതിനഞ്ചാമത് ദേശീയ കലാമേള ഒരു ചരിത്ര വിജയമായി. യു.കെ മലയാളികളുടെ അഭിമാനമായി മാറിയ സോജന് ജോസഫ് എം.പി കലാമേളയുടെ മുഖ്യാതിഥിയായി എത്തിയപ്പോള്‍ പ്രശസ്ത നടി ദുര്‍ഗ കൃഷ്ണ സെലിബ്രിറ്റി ഗസ്റ്റായി എത്തി. റീജിയണല്‍ കലാമേളകളില്‍ വിജയികളായ അറുന്നൂറോളം കലാകാരന്മാരും കലാകാരികളും ആറ് സ്റ്റേജുകളിലായി അരങ്ങേറിയപ്പോള്‍ അതൊരു ചരിത്ര വിജയമായി മാറുകയായിരുന്നു.
2022 സെപ്റ്റംബര്‍ 8ന് വിട പറഞ്ഞ എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി സെപ്റ്റംബര്‍ 15 ന് യുക്മ ഭാരവാഹികള്‍ ബക്കിംങ്ഹാം പാലസിലെത്തി പുഷ്പചക്രം സമര്‍പ്പിച്ചു.
2022 ഒക്ടോബര്‍ 9 ന് കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് പങ്കെടുത്ത ലോക കേരള സഭ - ലണ്ടന്‍ റീജിയണല്‍ സമ്മേളനത്തിലും പൊതുയോഗത്തിലും പരിപാടിയുടെ ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്മാന് കൂടിയായ യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തില്‍ യുക്മ ദേശീയ സമിതിയിലെ അംഗങ്ങള്‍ പങ്കെടുത്തു. 2024 ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത് വെച്ച് നടന്ന ലോക കേരള സഭയില്‍ യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയ്ക്ക് പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത് യുക്മ യു കെ മലയാളികള്‍ക്കിടയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ്. യുക്മ ജനറല്‍ കൗണ്‍സില്‍ അംഗങ്ങളായ സി.എ ജോസഫ്, ഷൈമോന്‍ തോട്ടുങ്കല്‍ എന്നിവരും നാലാം ലോക കേരള സഭയില്‍ പങ്കെടുത്തിരുന്നു.
യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍, കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുണ്ടക്കയം കൂട്ടിക്കലില്‍ നിര്‍മ്മിച്ച് നല്കിയ 2 വീടുകളുടെ താക്കോല്‍ ദാനം 2023ല്‍ ബഹുമാനപ്പെട്ട മന്ത്രി ശ്രീ. വി.എന്‍. വാസവന് നിര്‍വ്വഹിച്ചു. പ്രസ്തുത ചടങ്ങില്‍ യുക്മ ചാരിറ്റി ഫൗണ്ടേഷന് ട്രസ്റ്റികളായ അഡ്വ. എബി സെബാസ്റ്റ്യന്‍, ഷാജി തോമസ് എന്നിവര്‍ പങ്കെടുത്തു.
2023 ജനുവരി 8 മുതല്‍ 10 വരെ ഇന്‍ഡോറില്‍ വെച്ച് നടന്ന പ്രവാസി ഭാരതീയ ദിവസില്‍ യുക്മ പ്രതിനിധിയായി അഡ്വ. എബി സെബാസ്റ്റ്യന്‍ പങ്കെടുത്തു.
കോവിഡ് കാലഘട്ടത്തില്‍ പ്രധാനമായും യുക്മയുടെ ശ്രമഫലമായി വന്ദേ ഭാരത് മിഷന്റെ ഭാഗമായി ആരംഭിച്ച ലണ്ടന്‍ - കൊച്ചി റൂട്ടിലെ വിമാന സര്‍വ്വീസുകള്‍ നിര്‍ത്തുന്നതിനുള്ള തീരുമാനമെടുക്കുമ്പോള്‍ അതിനെ പ്രതിരോധിക്കുന്നതിന് യുക്മ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. 2023ല്‍ സര്‍വീസുകള്‍ പുന:സ്ഥാപിക്കണമെന്നുള്ള യുക്മയുടെ നിവേദനം കേന്ദ്ര സഹമന്ത്രി ശ്രീ. വി. മുരളീധരന് വഴി പ്രധാനമന്ത്രി, വ്യോമയാന മന്ത്രി, വിദേശകാര്യ മന്ത്രി എന്നിവര്‍ക്ക് സമര്‍പ്പിച്ചു. 2025ല്‍ ലണ്ടനില്‍ നിന്നും കൊച്ചിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാന സര്‍വ്വീസ് നിര്‍ത്തലാക്കുന്നതിനെതിരെയുള്ള യു കെ മലയാളികളുടെ പ്രതിഷേധം എയര്‍ ഇന്ത്യയേയും വ്യോമയാന മന്ത്രാലയത്തേയും അറിയിക്കുകയുണ്ടായി. യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ ശ്രീ. സോജന് ജോസഫ് എം.പിയോടൊപ്പം ബ്രിട്ടീഷ് വ്യോമയാന മന്ത്രി മൈക്ക് കെയ്നെ നേരില്‍ കണ്ട് ബ്രിട്ടനില്‍ നിന്നും കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ തുടങ്ങേണ്ടതിന്റെ ആവശ്യകത അറിയിക്കുകയുണ്ടായി.
ഈ ഭരണസമിതിയുടെ കാലയളവിനുള്ളില്‍ യുകെ മലയാളി സമൂഹത്തില്‍ നിന്നും ഒട്ടനവധിയാളുകള്‍ നമ്മളെ വേര് പിരിഞ്ഞു. ഇതില്‍ പല മരണങ്ങളും പ്രസ്തുത കുടുംബങ്ങളെ നിരാലംബരാക്കിയെന്നതാണ് സത്യം. ഈ കുടുംബാംഗങ്ങളുടെയും പ്രാദേശിക അസ്സോസ്സിയേഷനുകളുടെയും അഭ്യര്‍ത്ഥന അനുസരിച്ച് യുക്മ നടത്തിയ ചാരിറ്റി അപ്പീലിലൂടെ 22 കുടുംബങ്ങളെയാണ് ഇതുവരെയും യു.കെയിലെ സുമനസ്സുകളുടെ പിന്തുണയോടെ സഹായിക്കുവാന്‍ സാധിച്ചത്. യുക്മ ചാരിറ്റി അപ്പീലുകള്‍ക്ക് യുകെ മലയാളി സമൂഹം നല്കി വരുന്ന നിര്‍ലോഭമായ സഹകരണത്തിലൂടെ ഏകദേശം രണ്ടര ലക്ഷത്തോളും പൗണ്ടിന്റെ സഹായമാണ് ഈ അവസരത്തില്‍ ചെയ്തത്.
യുക്മ യൂത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന കരിയര്‍ ഗൈഡന്‍സ് ഓണ്‍ലൈന്‍ സെമിനാറുകള്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചതാണ്. മെഡിക്കല്‍, ഡന്റല്‍, ഗ്രാമര്‍ സ്കൂള്‍, എഞ്ചിനീയറിംഗ് & ഐ.ടി എന്നീ വിഷയങ്ങളെ അധികരിച്ച് നടന്ന സെമിനാറുകള്‍ വളരെയധികം ആളുകളുടെ പ്രശംസകള്‍ നേടിക്കഴിഞ്ഞു. കരിയര്‍ ഗൈഡന്‍സിന്റെ സെഷന് ഫെയ്സ്ബുക്ക്, സൂം എന്നിവയിലാണ് നടത്തപ്പെട്ടത്. യുക്മയുടെ സഹകരണത്തോടെ ട്യൂട്ടര്‍ വേവ്സ്, ട്യൂട്ടേഴ്സ് വാലി എന്നിവര്‍ നടത്തിയ വിദ്യാഭ്യാസ അവബോധ സെമിനാറുകള്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ഏറെ പ്രയോജനകരമായിരുന്നു. യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ, ജോ. സെക്രട്ടറി സ്മിത തോട്ടം, റെയ്മോള്‍ നിധീരി, നോര്‍ഡി ജേക്കബ്ബ് എന്നിവര്‍ ഈ വെബ്ബിനാറുകള്‍ക്ക് നേതൃത്വം നല്കി.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോടുള്ള യുക്മയുടെ ആദരം അറിയിക്കുന്നതിനായി 05/08/2023 ല്‍ ഷീജോ വര്‍ഗ്ഗീസ്, അബ്രാഹം പൊന്നുംപുരയിടം, അഡ്വ. എബി സെബാസ്റ്റ്യന്‍, ജിജോ മാധവപ്പള്ളി, ബൈജു തിട്ടാല, ഷൈമോന്‍ തോട്ടുങ്കല്‍, അഡ്വ. ജോബി പുതുക്കുളങ്ങര എന്നിവര്‍ പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ കല്ലറ സന്ദര്‍ശിക്കുകയും പുഷ്പചക്രം അര്‍പ്പിക്കുകയും ചെയ്തു.
ചാള്‍സ് രാജാവ് 14/11/2023 ല്‍ ബക്കിംഗ്ഹം പാലസില്‍ നടത്തിയ ഗാര്ഡന് പാര്‍ട്ടിയില്‍ യുക്മ നഴ്സസ് ഫോറത്തെ പ്രതിനിധീകരിച്ച് യുക്മ ജോയിന്റ് സെക്രട്ടറി സ്മിത തോട്ടം, മുന്‍ ജോയിന്റ് സെക്രട്ടറിയും യു.എന്‍.എഫ് അഡൈ്വസറുമായ സാജന് സത്യന് എന്നിവര്‍ പങ്കെടുത്തു. 11/05/2024 യു.എന്‍.എഫ് അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷച്ചടങ്ങ് നോട്ടിങ്ഹാമില്‍ വച്ച് അതിമനോഹരമായി നടത്തപ്പെട്ടു. ഒ.ഇ.ടി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ഒ.ഇ.ടി എക്സാം ബോര്‍ഡ്, എന്‍.എച്ച്. എസ് ഇംഗ്ളണ്ട് എന്നിവര്‍ നടത്തുന്ന അന്വേഷണങ്ങള്‍ക്കും തുടര്‍ നടപടികള്‍ക്കും യുക്മയുടെ സഹകരണം തേടുകയുണ്ടായി. ഈ അന്വേഷണത്തില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങളും പിന്തുണയും യുക്മ നല്‍കിയിരുന്നു. യുക്മ നഴ്സസ് ഫോറം നഴ്സിങ് മേഖലയിലെ വിദഗ്ദരുടെ സഹകരണത്തോടെ നഴ്സിങ് രംഗത്തെ വിവിധ വിഷയങ്ങളെ അധികരിച്ച് നടത്തിയ വെബിനാറുകള്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്ന നിരവധിയാളുകള്‍ക്ക് പ്രയോജനകരമായിരുന്നു. സോണിയാ ലൂബി, മിനിജ ജോസഫ്, ഷൈനി ബിജോയ് എന്നിവരാണ് ഇതിന് നേതൃത്വം നല്‍കിയിരുന്നത്.
അഞ്ചര ലക്ഷത്തിലധികം ആരോഗ്യപ്രവര്‍ത്തകര്‍ അംഗങ്ങളായുള്ള ആര്‍സി.എന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ബിജോയ് സെബാസ്റ്റ്യന്റെ പ്രചരണത്തില്‍ അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച്, യുക്മ ക്രിയാത്മകമായ നേതൃത്വം നല്കി. വാശിയേറിയ തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ച ബിജോയ് സെബാസ്റ്റ്യന്‍ മുഴുവന്‍ യു.കെ മലയാളികളുടെയും അഭിമാനമായി. ആര്‍സി.എന്‍ മിഡ്ലാന്റ്സ് ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മത്സരിച്ച ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയംഗം ബ്ലെസ്സി ജോണിന്റെ തിരഞ്ഞെടുപ്പ് ക്യാംപയിനും യുക്മ പിന്തുണ നല്കി. ബ്ലെസിയും തിരഞ്ഞെടുപ്പില്‍ തിളക്കമാര്‍ന്ന വിജയം കൈവരിച്ചു.
ദേശീയ കായികമേളകള്‍ 2023ല്‍ നൈനീറ്റണിലും 2024ല്‍ സട്ടന്‍ കോള്‍ഡ് ഫീല്‍ഡിലും വിജയകരമായി സംഘടിപ്പിക്കപ്പെട്ടു.
ലൈഫ് ലൈന്‍ പ്രൊട്ടക്ട് ലിമിറ്റഡിന്റെ സഹകരണത്തോടെ യുക്മ സംഘടിപ്പിച്ച ബംബര്‍ ടിക്കറ്റ് സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നവംബര്‍ 2 ന് ദേശീയ കലാമേള വേദിയില്‍ വെച്ച് നടത്തി. ഒന്നാം സമ്മാനമായ പതിനായിരം പൗണ്ട് റെഡിച്ചിലെ സുജിത് തോമസിനും രണ്ടാം സമ്മാനമായ ഒരു പവന് സ്വര്‍ണ്ണം ബ്രിസ്റ്റോളിലെ കെവിന് എബ്രഹാമിനും ലഭിച്ചു. കൂടാതെ എട്ട് റീജിയണുകളിലും ഒരു ഗ്രാം സ്വര്‍ണനാണയം സമ്മാനമായി നല്കുകയുണ്ടായി.സമ്മാനാര്‍ഹര്‍ക്ക് നവംബര്‍ 16 ന് ഡര്‍ബിയില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
2024 ജൂലൈ 30 ന് സമാനതകളില്ലാത്ത ദുരന്തത്തിന് ഇരയായ വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ ദുരിതബാധിതര്‍ക്ക് കൈത്താങ്ങാകുവാന്‍ യുക്മയുടെയും യുക്മ ചാരിറ്റിയുടെയും അഭ്യര്‍ത്ഥനകള്‍ മാനിച്ച് യുകെ മലയാളികള്‍ നല്‍കിയത് 10567.76 പൗണ്ടാണ്. ദുരന്തബാധിത പ്രദേശങ്ങളുടെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഇനിയും കൃത്യമായ രൂപരേഖ തായ്യാറാകാത്തതിനാല്‍ ഈ തുക യുക്മ അക്കൗണ്ടില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ക്ളബ്ബ് മില്യണയര്‍ കൊച്ചിയുമായി ചേര്‍ന്ന് സെപ്റ്റംബര്‍ അവസാന വാരം യു കെയിലെ 6 പ്രധാന നഗരങ്ങളില്‍ ബിസിനസ്സ് മീറ്റുകള്‍ സംഘടിപ്പിച്ചു. ബര്‍മിംഗ്ഹാം, മാഞ്ചസ്റ്റര്‍, കവന്‍ട്രി, നോട്ടിംഗ്ഹാം, ഗ്ലോസ്റ്റര്‍, മില്ട്ടന് കെയ്ന്‍സ് എന്നിവിടങ്ങളില്‍ നടന്ന മീറ്റുകള്‍ വിജയകരമായിരുന്നു. സഞ്ജീവനി ഹെല്‍ത്ത് കെയറുമായി ചേര്‍ന്ന് ചെല്‍റ്റന്‍ഹാമില്‍ സംഘടിപ്പിച്ച മീറ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടു.
വളരെ മനോഹരമായി തയ്യാറാക്കിയ മള്‍ട്ടി കളര്‍ യുക്മ കലണ്ടര്‍ - 2025 വിതരണത്തിനായി 2024 ഡിസംബര്‍ പകുതിയോട് കൂടി റീജിയണുകളുടെ നേതൃത്വത്തില്‍ അംഗ അസ്സോസ്സിയേഷനുകളില്‍ എത്തിക്കുവാന്‍ കഴിഞ്ഞു. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ചെയ്തവര്‍ക്ക് പോസ്റ്റല്‍ വഴി അയച്ച് നല്‍കുകയും ചെയ്തു.
പെരുമാറ്റത്തിലെ വിനയവും ലാളിത്യവും സൗമ്യതയും കൊണ്ട് ഏവരുടേയും അംഗീകാരവും പിന്തുണയും ആര്‍ജ്ജിച്ച പ്രവര്‍ത്തനശൈലിയായിരുന്നു ഡോ. ബിജു പെരിങ്ങത്തറയും ശ്രീ. കുര്യന് ജോര്‍ജും പിന്തുടര്ന്നത്. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇരുവരുടേയും സമീപനത്തിന് യു.കെ മലയാളി സമൂഹത്തിലും അംഗഅസോസിയേഷനുകള്‍ക്കിടയിലും വലിയ അംഗീകാരമാണ് ലഭിച്ചത്. ഈ ഭരണസമിതിയുടെ കാലത്തുടനീളം, എല്ലാ വിഭാഗങ്ങളില്‍ പെടുന്നവരെ കേള്‍ക്കുകയും അര്‍ഹമായ പ്രാതിനിധ്യം നല്‍കുകയും ചെയ്യുന്നുവെന്ന് അവര്‍ ഉറപ്പാക്കി. ഈ കമ്മറ്റിയുടെ ഭരണകാലത്ത് സംഘടനയ്ക്കുള്ളില്‍ ഐക്യം വളര്‍ത്തുകയും വ്യാപകമായ പൊതുജന പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്തത്, യുക്മയെ കൂടുതല്‍ ഊര്‍ജ്ജസ്വലവും സ്വീകാര്യവുമാക്കി. പരസ്പര സഹകരണം, ഐക്യം, സാംസ്കാരിക പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നിങ്ങനയുള്ള അവരുടെ പ്രതിബദ്ധത ഈ ഭരണസമിതിയുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും പ്രകടമായിരുന്നു. ഇതേ സമയം തന്നെ യുക്മയുടെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള ദൃഢനിശ്ചയത്താല്‍ അവരുടെ നേതൃത്വ ശൈലി അടയാളപ്പെടുത്തിയിരിക്കുന്നു.
യുക്മ എന്ന സംഘടനയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയ്ക്കും യു.കെയിലെ മലയാളി സമൂഹത്തിനായുള്ള അശ്രാന്ത സേവനത്തിനും സംഘടിപ്പിച്ച പരിപാടികളിലെ തകര്‍പ്പന്‍ നേട്ടങ്ങള്‍ക്കും ഈ ദീര്‍ഘവീക്ഷണമുള്ള നേതാക്കന്മാരോടും അവരുടെ ടീമിനോടും യുക്മ ഏറെ കടപ്പെട്ടിരിക്കുന്നു. ഭാവിപ്രവര്‍ത്തനങ്ങളുമായി സംഘടന മുന്നോട്ട് പോകുമ്പോള്‍, ഈ വിജയകരമായ ഭരണസമിതിയുടെ പാരമ്പര്യം സംഘടനയ്ക്ക് ഏറെ പ്രചോദനവും മാതൃകയുമാവും. ഈ ഭരണസമിതിയുടെ കാലാവധി അവസാനിക്കുമ്പോള്‍, ഡോ. ബിജു പെരിങ്ങത്തറയും ശ്രീ. കുര്യന് ജോര്‍ജും ശ്രീ ഡിക്സ് ജോര്‍ജ്ജും ഒപ്പം അവരുടെ ടീമും സ്ഥാപിച്ച സുശക്തമായ ഒരു സംഘടനാ സംവിധാനം പുതിയ അധ്യായത്തിന്റെ തുടക്കം കുറിയ്ക്കുന്ന അടുത്ത ഭരണസമിതിയ്ക്ക് ശക്തമായ കരുത്ത് പകരും. ഇന്ന് സ്ഥാനമൊഴിയുന്ന ഡോ.ബിജു പെരിങ്ങത്തറയുടെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് യുകെ മലയാളി സമൂഹത്തിന്റെ പേരില്‍ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.
പ്രവാസ ലോകത്തെ ഏറ്റവും വലിയ മലയാളി സംഘടനയായ യുക്മയുടെ ഒന്‍പതാമത് ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള ദേശീയ പൊതുയോഗം ഇന്ന് ബര്‍മിംഗ്ഹാമിനടുത്ത് എര്‍ഡിംഗ്ടണില്‍ വച്ച് നടക്കും. യുക്മയുടെ അംഗ അസോസിയേഷനുകളില്‍, മുന്‍കൂട്ടി അറിയിച്ചപ്രകാരം നിശ്ചിത സമയത്തിനുള്ളില്‍ യുക്മ പ്രതിനിധി ലിസ്റ്റ് സമര്‍പ്പിച്ച നൂറ്റി നാല്പതോളം അസോസിയേഷനുകള്‍ക്ക് ആയിരിക്കും, രണ്ടുവര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ഈ ജനാധിപത്യ പ്രക്രിയയില്‍ ഇത്തവണ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുന്നത്.
യുക്മ തിരഞ്ഞെടുപ്പ് കമ്മീഷന് അംഗങ്ങളായ കുര്യന് ജോര്‍ജ്, മനോജ് കുമാര്‍ പിള്ള, അലക്സ് വര്‍ഗീസ് എന്നിവരായിരിക്കും തിരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം നല്‍കുന്നത്. ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി റീജിയണുകളില്‍ ഫെബ്രുവരി 8 യോര്‍ക് ഷെയര്‍ & ഹംമ്പര്‍, നോര്‍ത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് റീജിയണുകളിലും, ഫെബ്രുവരി 9 ഞായറാഴ്ച ഈസ്റ്റ് വെസ്റ്റ് & മിഡ്ലാന്‍ഡ്സ് റീജിയണിലും, ഫെബ്രുവരി 15 ശനിയാഴ്ച ഈസ്റ്റ് ആംഗ്ലിയ, സൗത്ത് വെസ്റ്റ് റീജിയണിലും ഭാരവാഹികളെ ഐകകണ്ഡേന തിരഞ്ഞെടുത്ത് റീജിയണല്‍ തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാക്കിയിരുന്നു.
ബര്‍മിംഗ്ഹാമിലെ എര്‍ഡിംഗ്ടണില്‍ രാവിലെ പത്തുമണിക്ക് നിലവിലുള്ള ഭരണസമിതിയുടെ അവസാന ദേശീയ നിര്‍വാഹകസമിതി യോഗം പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയുടെ അദ്ധ്യക്ഷതയില്‍ ചേരും. പന്ത്രണ്ട് മണിമുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ബര്‍മിംഗ്ഹാമിലേക്ക്
എത്തിച്ചേരുന്ന യുക്മ പ്രതിനിധികള്‍ ഉള്‍പ്പെടെ എല്ലാവരും ഭക്ഷണത്തിനായി പിരിയും.
ഉച്ചഭക്ഷണത്തിന് ശേഷം കൃത്യം ഒരുമണിക്ക് വാര്‍ഷിക പൊതുയോഗം ആരംഭിക്കും. ഭരണഘടനാ പ്രകാരമുള്ള നടപടികളായ വാര്‍ഷിക റിപ്പാേര്‍ട്ട്, വരവ് ചിലവ് കണക്കുകള്‍ എന്നിവ അവതരിപ്പിച്ച് പാസാക്കി വാര്‍ഷിക പൊതുയോഗം അവസാനിപ്പിക്കുന്ന വിധമാണ് കാര്യപരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. തുടര്‍ന്ന് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള യുക്മ ദേശീയ സാരഥികളുടെ തെരഞ്ഞെടുപ്പ് ചീഫ് ഇലക്ഷന് കമ്മീഷന് കുര്യന് ജോര്‍ജ്, കമ്മീഷണര്‍മാരായ മനോജ് പിള്ള, അലക്സ് വര്‍ഗീസ് എന്നിവരുടെ ചുമതലയില്‍ നടക്കും.
യുക്മ സ്ഥാപിതമായ 2009-ല്‍ സ്ഥാപക പ്രസിഡന്റായി വര്‍ഗീസ് ജോണ്‍ തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാമതൊരിക്കല്‍ കൂടി വര്‍ഗീസ് ജോണ്‍ യുക്മയെ നയിച്ചു. തുടര്‍ന്ന് വിജി കെ.പിയുടെ നേതൃത്വത്തില്‍ കമ്മിറ്റി ഭരണസാരഥ്യമേറ്റെടുത്തു. വിജിയും രണ്ടാമതൊരിക്കല്‍ കൂടി യുക്മയെ നയിക്കുകയുണ്ടായി. തുടര്‍ന്ന് ഫ്രാന്‍സീസ് മാത്യു കവളക്കാട്ട്, മാമ്മന്‍ ഫിലിപ്പ്, മനോജ് കുമാര്‍ പിള്ള എന്നിവരും യുക്മയുടെ കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങളില്‍ യുക്മയുടെ തേരോട്ടത്തിനെ മുന്നില്‍ നിന്നും നയിച്ചു.
യു കെ യിലെ പ്രാദേശീക മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ രൂപംകൊണ്ടതിന്റെ ക്രിസ്റ്റല്‍ ഈയര്‍ (പതിനഞ്ചാം വാര്‍ഷികം) ആഘോഷങ്ങള്‍ക്കിടയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് എന്നനിലയില്‍ 2025 ലെ ദേശീയ തെരഞ്ഞെടുപ്പ് തീര്‍ച്ചയായും ശ്രദ്ധേയമാകുന്നു. രാജ്യത്തിന്റെ പത്ത് മേഖലകളില്‍നിന്നായി ഏകദേശം നാനൂറില്‍ പരം പ്രതിനിധികള്‍ തങ്ങളുടെ ദേശീയ സാരഥികളെ തെരഞ്ഞെടുക്കുവാന്‍ ഇന്ന് എത്തിച്ചേരും എന്ന് വിലയിരുത്തപ്പെടുന്നു. പൊതുയോഗ ഹാളിലേക്ക് പ്രവേശിക്കുവാന്‍ യുക്മ പ്രതിനിധികള്‍ക്ക് മാത്രമേ അനുവാദം ഉണ്ടായിരിക്കുകയുള്ളൂ. പ്രതിനിധികള്‍ ആവശ്യമെങ്കില്‍ പ്രദര്‍ശിപ്പിക്കാന്‍ ഫോട്ടോ പതിച്ച ഏതെങ്കിലും തരത്തിലുള്ള യു കെ തിരിച്ചറിയല്‍ കാര്‍ഡ് കയ്യില്‍ കരുതേണ്ടതാണ്. തെരഞ്ഞെടുപ്പ് പ്രക്രിയക്കിടയിലും, ചോദിക്കുന്ന പക്ഷം തിരിച്ചറിയല്‍ കാര്‍ഡ് സമര്‍പ്പിക്കുവാന്‍ പ്രതിനിധികള്‍ ബാധ്യസ്ഥരാണ്.
പൊതുയോഗം നടക്കുന്ന വേദിയുടെ വിലാസം:
URC CHURCH
Holly lane
Erdington
B24 9JS.
SPIRITUAL
കേംബ്രിഡ്ജ് ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജന്‍18-ാമത് വാര്‍ഷിക കണ്വന്ഷന് ഏപ്രില്‍ 11 മുതല്‍ 13 വരെ കേംബ്രിഡ്ജിലെ കാംബോണ്‍ വില്ലേജ് കോളജില്‍ നടക്കും.റീജന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ് ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍ ഷിബു തോമസ് ഒക്കലഹോമയാണ് മുഖ്യ പ്രഭാഷകന്‍. യുകെ പ്രവാസികളായ വിശ്വാസികള്‍ക്ക് ആത്മമാരിയുടെ ദിനങ്ങളായിരിക്കും ഇതെന്ന് കണ്വെന്ഷന് കണ്‍വീനര്‍ പാസ്റ്റര്‍ ജോര്‍ജ് തോമസ് പറഞ്ഞു.
പാസ്റ്റേഴ്സ് മീറ്റിങ്, ബൈബിള്‍ ക്ലാസുകള്‍, സണ്ടേസ്കൂള്‍, പിവൈപിഎ, വുമണ്‍സ് ഫെലോഷിപ് തുടങ്ങിയവയുടെ വാര്‍ഷിക യോഗങ്ങളും കണ്‍വന്‍ഷനോട് അനുബന്ധിച്ചു നടക്കും. എല്ലാ ദിവസവും വൈകിട്ട് അഞ്ചു മുതല്‍ രാത്രി 9.30 വരെ വിശേഷ യോഗങ്ങളും നടക്കും. ഞായറാഴ്ച സംയുക്ത ആരാധനയുണ്ടാകും. റീജന്‍ ഗായകസംഘം സംഗീത ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കും.
ഐ.പി.സി യുകെ ആന്‍ഡ് അയര്‍ലന്‍ഡ് റീജിയണ്‍ വൈസ് പ്രസിഡന്റ് പാസ്റ്റര്‍ വില്‍സണ്‍ ബേബി, സെക്രട്ടറി പാസ്റ്റര്‍ ഡിഗോള്‍ ലൂയിസ്, ജോയിന്റ് സെക്രട്ടറിമാര്‍ പാസ്റ്റര്‍ വിനോദ് ജോര്‍ജ്, പാസ്റ്റര്‍ മനോജ് ഏബ്രഹാം, ട്രഷറര്‍ ജോണ്‍ തോമസ്, പ്രമോഷണല്‍ സെക്രട്ടറി പാസ്റ്റര്‍ സീജോ ജോയി, അഡ്മിനിസ്ട്രേറ്റര്‍ പാസ്റ്റര്‍ പി.സി. സേവ്യര്‍, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് കോഓര്‍ഡിനേറ്റര്‍ തോമസ് മാത്യു എന്നിവര്‍ നേതൃത്വം നല്‍കും.
സൗത്താംപ്ടണ്‍ ഹിന്ദു സമാജത്തിന്റെ മഹാശിവരാത്രി ആഘോഷം ഈ മാസം 26ന് നടക്കും. വൈകിട്ട് ആറു മണിയ്ക്ക് ആരംഭിക്കുന്ന ആഘോഷത്തില്‍ പൂജയും ഭജനും പ്രസാദവും ഒക്കെ ഉണ്ടായിരിക്കുന്നതാണ്.
സ്ഥലത്തിന്റെ വിലാസം
The Hilt,
Chandlersford,
Eastleigh,
SO53 5NP
ലണ്ടന്‍: യുകെയിലെ പന്ത്രണ്ടാമത് ശിവരാത്രി നൃത്തോത്സവം ഫെബ്രുവരി 22 ന്സറെയില് സംഘടിപ്പിക്കുമെന്ന്ലണ്ടന് ഹിന്ദു ഐക്യവേദി, മോഹന്‍ജി ഫൗണ്ടേഷന് എന്നിവയുടെ ഭാരവാഹികള്‍ അറിയിച്ചു. 22 ന് ഉച്ച കഴിഞ്ഞു 3.30 മുതല്‍ സറെയിലെ കാര്‍ഷെല്‍ട്ടന്‍ ബോയ്സ് സ്പോര്‍ട്സ് കോളജില്‍ വച്ചാണ് നൃത്തോത്സവം നടത്തപ്പെടുക.
ക്രോയിഡോണിലെ മന്ത്ര അക്കാദമി ഓഫ് പെര്‍ഫോമിങ് ആര്‍ട്സിന്റെ സ്ഥാപകയും ആര്‍ട്ടിസ്റ്റിക് ഡയറക്ടറും കലാമണ്ഡലം സത്യഭാമയുടെ ശിഷ്യയും പ്രമുഖ നൃത്ത അധ്യാപികയയുമായ ആശ ഉണ്ണിത്താന്റെ നേതൃത്വത്തിലാണ് നൃത്തോത്സവം. തുടര്‍ന്ന് ദീപാരാധനയും ഉണ്ടായിരിക്കും. ജാതി മത ഭേദമന്യേ എല്ലാവരും ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന് സംഘാടകര്‍ അറിയിച്ചു.
SPECIAL REPORT
ഗൂഗിള്‍ പേയില്‍ മൊബൈല്‍ റീച്ചാര്‍ജുകള്‍ ചെയ്യുമ്പോള്‍ കണ്‍വീനിയന്‍സ് ഫീ എന്ന പേരില്‍ 3 രൂപ അധികമായി ഈടാക്കുന്നുണ്ട്. എന്നാല്‍ ഇപ്പോഴിതാ മറ്റൊരു രീതി കൂടി നടത്താനൊരുങ്ങുകയാണ് ഗൂഗിള്‍ പേ.
ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് ബില്‍ പേമെന്റുകള്‍ നടത്തുന്നതിനും ഗൂഗിള്‍ പേ നിശ്ചിത തുക ഈടാക്കാന്‍ തുടങ്ങിയിരിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന വിവരം. വൈദ്യുതി ബില്‍, ഗ്യാസ്, വെള്ളം ഉള്‍പ്പടെയുള്ളവയുടെ ബില്‍ തുക അടക്കുമ്പോഴാണ് ജിഎസ്ടിയ്ക്ക് പുറമെ ജിപേ അധിക തുക ഈടാക്കുന്നത്.
ബില്‍ തുകയുടെ 0.5% മുതല്‍ 1% വരെയാണ് കണ്‍വീനിയന്‍സ് ഫീ ആയി ജിപേ ഈടാക്കുക. യുടിലിറ്റി ബില്‍ പേമെന്റുകള്‍ക്കുള്ള ജിഎസ്ടിയ്ക്ക് പുറമെയാണിത്. പ്രൊസസിങ് ഫീ എന്ന പേരിലായിരിക്കും ഈ അധിക തുക ഈടാക്കുക. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് മാത്രമാണ് ഈ തുക ഈടാക്കുക. യുപിഐയുമായി ബന്ധിപ്പിച്ച അക്കൗണ്ടുകളില്‍ നിന്ന് നേരിട്ട് ബില്‍ പേമെന്റുകള്‍ ചെയ്യുമ്പോള്‍ ഈ തുക ബാധകമാവില്ല.
ഫോണ്‍പേ, പേടിഎം എന്നീ സേവനങ്ങളുടെ പാത പിന്തുടര്ന്നാണ് ഗൂഗിള്‍ പേയുടെ ഈ പുതിയ നീക്കം. പേടിഎം ഒരു രൂപ മുതല്‍ 40 രൂപ വരെയാണ് ക്രെഡിറ്റ് /ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് ഈടാക്കുന്നത് ഫോണ്‍ പേ ഗൂഗിള്‍ പേയ്ക്ക് സമാനമായ നിരക്കാണ് ഇടാക്കുന്നത്.
CINEMA
ഒരു സിനിമയ്ക്ക് അതിന്റെ വരവിന് വേണ്ടി ആരാധകരെ കാത്ത് നില്ക്കാന് സാധിക്കും എന്ന് തെളിയിച്ച ചുരുക്കം ചില ചിത്രങ്ങളേ ഉള്ളൂ. അതില്‍ പ്രധാനമാണ് എംപുരാന്. എംപുരാന്റെ വിശേഷങ്ങള്‍ ആരാധകര്‍ക്ക് വലിയ ആശ്വാസവും പ്രതീക്ഷയും ആണ്. ഇപ്പോഴിതാ എംപുരാന്റെ പുതിയ അപ്ഡേഷന് എത്തിയിരിക്കുകയാണ്.
എംപുരാന് ഫസ്റ്റ് ലുക്കില്‍ തന്നെ ഒരുപാട് രഹസ്യങ്ങളാണ് സംവിധായകന് പൃഥ്വിരാജ് ഒളിപ്പിച്ചുവച്ചിരിക്കുന്നത്. എഎച്ച്-64 അപ്പാച്ചെ ഹെലികോപ്റ്ററിനു മുന്നില്‍ നെഞ്ചു വിരിച്ച് നില്ക്കുന്ന ഖുറേഷി അബ്രാം ആയിരുന്നു ഫസ്റ്റ് ലുക്കില്‍ നമ്മള് കണ്ടത്.
ഇപ്പോഴിതാ എംപുരാന്റെ പുതിയ പോസ്റ്റര്‍ പുറത്തുവന്നിരിക്കുകയാണ്. ഹെലികോപ്റ്ററില്‍ ഇരിക്കുന്ന ഖുറേഷി അബ്രാം ആണ് പുതിയ പോസ്റ്ററിലുള്ളത്. പോസ്റ്റര്‍ പുറത്തുവന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ഹിറ്റായി മാറിയിരിക്കുകയാണ്. മോഹന്‍ലാലിന്റെ കിടിലന്‍ ലുക്കില്‍ തന്നെയാണ് ആരാധകരുടെ ശ്രദ്ധ പതിഞ്ഞിരിക്കുന്നത്.
'ചെറിയ പടത്തിലെ ചെറിയ ഹെലികോപ്റ്റര്‍', 'ഇനി ചെകുത്താന്റെ വരവിനായി കാത്തിരിക്കാം' എന്നൊക്കെയാണ് പോസ്റ്ററിന് താഴെ നിറയുന്ന കമന്റുകള്‍. അതേസമയം എംപുരാന്റെ കഥ എന്തായിരിക്കുമെന്നതിനേപ്പറ്റിയുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരന് എങ്ങനെ ഖുറേഷി അബ്രാം ആയി മാറിയെന്നതാകും ചിത്രം പറയുന്നത് എന്നാണ് ഭൂരിഭാഗം ആരാധകരും പറയുന്നത്.
ടൊവിനോ അവതരിപ്പിക്കുന്ന ജതിന് രാംദാസ് എന്ന കഥാപാത്രത്തിന്റെ ഭൂതകാലവും എംപുരാനില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇലുമിനാറ്റി അടക്കമുള്ള നിഗൂഢതകളുടെ ചുരുള്‍ അഴിയുന്നതും എംപുരാനിലായിരിക്കുമെന്ന് ആരാധകര്‍ പറയുന്നു. നടന് സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. മാര്‍ച്ച് 27 നാണ് ചിത്രം തിയറ്ററുകളിലെത്തുക.
നടന് ബാലയ്ക്കെതിരെ വീണ്ടും ഗുരുതര ആരോപണങ്ങളുമായി മുന്‍ ഭാര്യ ഡോ,എലിസബത്ത് ഉദയന്‍. ബാല തന്നെ ബലാത്സംഗം ചെയ്തെന്നും കിടപ്പറരംഗങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും എലിസബത്ത് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എലിസബത്ത് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്.
സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ വന്ന മോശം കമന്റുകളുടെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചു കൊണ്ടാണ് എലിസബത്ത് ആരോപണങ്ങള്‍ ഉന്നയിച്ചത്. ബാലയുടെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയിലും എലിസബത്ത് സംശയം പ്രകടിപ്പിച്ചു.
ഡോ. എലിസബത്ത് ഉദയന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ
നിങ്ങളുടെ പ്ലാനിംഗ് ഇതുവരെ കഴിഞ്ഞിട്ടില്ലേ?? ഞാന്‍ ഇത്ര വലിയ തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ എനിക്കെതിരെ പരാതി കൊടുക്കൂ,? എനിക്ക് പിആര്‍ ജോലി ചെയ്യാന്‍ എന്റെ കൈയില്‍ അധികം പണമില്ല എനിക്ക് നിങ്ങളെപ്പോലെ രാഷ്ട്രീയക്കാരുടെയോ ഉന്നതരുടെയോ സ്വാധീനമില്ല. ഒരിക്കല്‍ ചെന്നെയില്‍ നിന്നുള്ള നിങ്ങളുടെ പൊലീസ് എന്നെ ഭീഷണിപ്പെടുത്തി, പിന്നീട് കേരളത്തിലെ ഒരു പൊലീസ് ഓഫീസര്‍ എന്റെ മാതാപിതാക്കളെ വിളിച്ച് മകളെ കൂട്ടിക്കൊണ്ടു പോകാന്‍ ആവശ്യപ്പെട്ടു.
നിങ്ങള്‍ എന്നെ ബലാത്സംഗം ചെയ്തു. പീഡനത്തിന് പിന്നാലെ താന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഞാന്‍ നിങ്ങളുടെ ഭാര്യയല്ലെന്നല്ലേ നിങ്ങള്‍ പറയുന്നത്. അതിനാല്‍ എന്റെ സമ്മതമില്ലാതെ താങ്കള്‍ എന്തുചെയ്താലും അത് പീഡനമാണ്. കൂടാതെ, പണം നല്‍കിയുള്ള കരള്‍ മാറ്റിവയ്ക്കല്‍ നിയമവിരുദ്ധമാണെന്നും ഞാന്‍ കരുതുന്നു.
എനിക്കറിയില്ല. ഇപ്പോള്‍ പ്രതികരിക്കുന്നു. ആളുകള്‍ ഇങ്ങനെയാണ് പ്രതികരിക്കുന്നത്, അതുകൊണ്ടാണ് എനിക്ക് സംശയം. അതൊരു കുറ്റകൃത്യമാണെന്ന് എനിക്ക് തോന്നി. എന്തെങ്കിലും നിയമോപദേശമോ തെറ്റോ ഉണ്ടെങ്കില്‍ ദയവായി കമന്റില്‍ തിരുത്തുക.എന്റെ പോസ്റ്റ് കൂടുതല്‍ ഗുരുതരമായ കുറ്റകൃത്യമാണെങ്കില്‍ ഞാന്‍ ജയിലില്‍ പോകാന്‍ തയ്യാറാണ്. സത്യം പറഞ്ഞാല്‍, എനിക്കും പേടിയായിരുന്നു. ഇനി ഞാന്‍ നിയമപരമായി പോയാല്‍ അവര്‍ പറയും, നീ അന്ന് പറഞ്ഞില്ലല്ലോ എന്ന്.
ചെന്നൈയില്‍ പൊലീസ് മൊഴി എടുത്തിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചോ എന്ന് അവര്‍ എന്നോട് ചോദിച്ചില്ല, ശരി, ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചോ എന്ന് ഈ എഴുത്ത് ഒഴികെ മറ്റ് തെളിവൊന്നുമില്ല, കാരണം ആരും എന്നെ ചെന്നൈയിലെ ആശുപത്രിയില്‍ എത്തിച്ചില്ല. എനിക്ക് മാനസികമായി സ്ഥിരതയില്ല എന്ന് പറയുന്ന എല്ലാവരും ആരാണെന്ന് എനിക്കറിയില്ല, എന്നും പോസ്റ്റില്‍ പറയുന്നു
തന്റെ സിനിമ കുടുംബ പ്രേക്ഷകരും കാണണമെന്നാണ് ആഗ്രഹമെന്ന് നടനും നിര്‍മാതാവുമായ ഉണ്ണി മുകുന്ദന് പറഞ്ഞു. നിര്‍മ്മാണത്തിലേക്ക് തിരിയാനുള്ള കാരണവും ഉണ്ണി വിശദമാക്കി. 2014നുശേഷം എന്നെ ചെറിയ റോളുകളിലേക്ക് ഒതുക്കാന്‍ ശ്രമം നടന്നിരുന്നു. സ്ഥിരമായി വില്ലന്‍ റോളുകള്‍ മാത്രമായപ്പോഴാണ് 2018ല്‍ സ്വന്തം പ്രൊഡക്ഷന്‍ കമ്പനി ആരംഭിച്ചത്.
കൂടുതലും കുടുംബപ്രേക്ഷകരെ ഉദ്ദേശിച്ചുള്ള സിനിമകള്‍ ചെയ്യാനാണ് എന്റെ ആഗ്രഹം. എന്റേതായ വികാരങ്ങളും മൂല്യങ്ങളും പ്രതിഫലിക്കുന്ന സിനിമകള്‍ നിര്‍മിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഉണ്ണി പറയുന്നു. മേപ്പടിയാന്, ഷെഫീക്കിന്റെ സന്തോഷം, ജയ് ഗണേഷ് എന്നിവയാണ് ഉണ്ണി മുകുന്ദന് നിര്‍മിച്ച് ഇതുവരെ പ്രേക്ഷകരിലേക്ക് എത്തിയ സിനിമകള്‍.
മാര്‍ക്കോയില്‍ നായികയുണ്ടായിരുന്നുവെങ്കിലും ആക്ഷനും വയലന്‍സിനും പ്രധാന്യം കൊടുത്തൊരുക്കിയ സിനിമയായിരുന്നതുകൊണ്ട് പ്രണയരംഗങ്ങള്‍ വിരളമായിരുന്നു. ഗെറ്റ് സെറ്റ് ബേബിയുടെ പ്രമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തിലാണ് ഇന്റിമേറ്റ് രംഗങ്ങളില്‍ അഭിനയിക്കുന്നതിനെ കുറിച്ച് തന്റെ നിലപാടെന്താണെന്ന് നടന് വ്യക്തമാക്കിയത്.
എല്ലാ സിനിമകളിലും നോ കിസ്സിങ്, നോ ഇന്റിമേറ്റ് സീന്‍ പോളിസി പിന്തുടരുന്നയാളാണ് ഞാന്‍. എന്റെ സമപ്രായക്കാരായ അഭിനേതാക്കള്‍ ഇത്തരം സീനുകള്‍ ചെയ്യുന്നുണ്ടെന്ന് കാണിച്ച് ചിലരെല്ലാം ഇത്തരം രംഗങ്ങള്‍ ചെയ്യാന്‍ ആവശ്യപ്പെടാറുണ്ട്. എന്നാല്‍ രണ്ടുപേര്‍ തമ്മിലുള്ള പ്രണയവും അടുപ്പവും കാണിക്കാന്‍ മറ്റ് മാര്‍ഗങ്ങളുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.
അതിന് കിസ്സിങ് സീന്‍ തന്നെ വേണമെന്നില്ല. എല്ലാ വിഭാഗം പ്രേക്ഷകര്‍ക്കും കാണാനാകുന്ന സിനിമയാകണം എന്റേതെന്ന് ആഗ്രഹമുണ്ട്. സിനിമകളിലെ സംഘട്ടന രംഗങ്ങളില്‍ ആരെയെങ്കിലും നേരിട്ട് അടിക്കാതെ തന്നെ അത്തരത്തില്‍ പ്രേക്ഷകനെ തോന്നിപ്പിക്കാന്‍ കഴിയുന്നില്ലേ. ഇതേകാര്യം റൊമാന്റിക് സീനുകളിലും ആവാമല്ലോ. ഇത് എന്റെ മാത്രം കാഴ്ചപ്പാടാണ്. മറ്റുള്ളവര്‍ ഇന്റിമേറ്റ് സീന്‍ ചെയ്യുന്നത് അവരുടെ ഇഷ്ടമാണ്. അതില്‍ എനിക്ക് അഭിപ്രായം പറയേണ്ട കാര്യമില്ല.
NAMMUDE NAADU
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. അപകടനില തരണം ചെയ്തിട്ടില്ലെന്നും ഇന്നലത്തേതിനേക്കാള്‍ നില വഷളായതായും വത്തിക്കാന്‍ അറിയിച്ചു. ഇന്ന് രാവിലെയോടെ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ആസ്മയുടെ ഭാഗമായി ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഉയര്‍ന്ന അളവില്‍ ഓക്സിജന്‍ നല്‍കേണ്ടി വന്നുവെന്നും മെഡിക്കല്‍ ബുള്ളറ്റിന് പറയുന്നു.
പിതാവിന്റെ നില ഗുരുതരമായി തുടരുന്നു, ഇന്നലെ വിശദീകരിച്ചതുപോലെ, പോപ്പ് അപകടനില തരണം ചെയ്തിട്ടില്ല. ഇന്നത്തെ രക്തപരിശോധനയില്‍ വിളര്‍ച്ചയുമായി ബന്ധപ്പെട്ട പ്ലേറ്റ്ലെറ്റ്പീനിയയും കണ്ടെത്തി. പോപ്പ് ഇപ്പോഴും നിരീക്ഷണത്തില്‍ തുടരുകയാണെന്നും വത്തിക്കാന്‍ വ്യക്തമാക്കി.
ശ്വാസകോശത്തില്‍ കടുത്ത അണുബാധ ഉണ്ടെന്ന് വത്തിക്കാന്‍ നേരത്തെ അറിയിച്ചിരുന്നു. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. ചികിത്സക്കിടെ ശ്വാസകോശ അണുബാധയില്‍ കുറവുണ്ടായതായി കഴിഞ്ഞ ദിവസം വത്തിക്കാന്‍ അറിയിച്ചിരുന്നു.
ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി കഴിഞ്ഞ ദിവസം ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ സന്ദര്‍ശിച്ചിരുന്നു. പോപ്പിനെ കണ്ട് സംസാരിച്ചുവെന്നും അദ്ദേഹത്തിന് എത്രയും വേഗം രോഗമുക്തിയുണ്ടാകട്ടെയെന്നും ഇറ്റാലിയന്‍ പ്രധാനമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ഗര്‍ഭപാത്രത്തില്‍ സര്‍ജിക്കല്‍ മോപ്പ് കുടുങ്ങി എന്ന കേസില്‍ നെയ്യാറ്റിന്‍കര ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. സുജ അഗസ്റ്റിന് മൂന്ന് ലക്ഷം രൂപ പിഴ വിധിച്ച് കോടതി. പെര്‍മനന്റ് ലോക് അദാലത്ത് ചെയര്മാന് പി ശശിധരന്, അംഗങ്ങളായ വി.എന്‍. രാധാകൃഷ്ണന്, ഡോ. മുഹമ്മദ് ഷരീഫ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ശിക്ഷ വിധിച്ചത്.
2022 ജൂലായ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം. നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയിലാണ് ജിത്തു സിസേറിയന് വിധേയയാത്. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്ത ശേഷം കഠിനമായ വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് മൂന്ന് തവണ ഡോക്ടര്‍ സുജയെ വന്ന് കാണുകയും ചെയ്തു. എന്നാല്‍ ഡോക്ടര്‍ വേദന സംഹാരി നല്കി മടക്കി അയക്കുകയായിരുന്നു ചെയ്തത്.
2023 മാര്‍ച്ച് മൂന്നിന് വേദനയെത്തുടര്‍ന്ന് ജിത്തു വീണ്ടും ആശുപത്രിയില്‍ അഡ്മിറ്റായി. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയപ്പോഴാണ് സര്‍ജിക്കല്‍ മോപ്പ് കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. തുടര്‍ന്നാണ് പെര്‍മനന്റ് അദാലത്തിനെ പരാതിയുമായി ജിത്തു സമീപിച്ചത്.
തനിക്കല്ല നഴ്സിനായിരുന്നു പിഴവ് പറ്റിയത് എന്നായിരുന്നു ഡോ. സുജ കോടതിയില്‍ വാദിച്ചത്. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. മാത്രമല്ല, ശസ്ത്രക്രിയ കഴിഞ്ഞാല്‍ തയ്യാറക്കാറുള്ള ലിസ്റ്റില്‍ ഗൈനക്കോളജിസ്റ്റിന് പിഴവ് സംഭവിച്ചിട്ടുണ്ടെന്നും കോടതി കണ്ടെത്തി. മൂന്ന് ലക്ഷം രൂപ പിഴയും കൂടാതെ കോടതി ചെലവായി അധികമായി പതിനയ്യായിരം രൂപയുമാണ് അടക്കേണ്ടത്.
Channels
ബിഗ്ബോസ് താരം ആര്യ തന്റെ ജീവിതത്തില്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മകളുടെ പിറന്നാള്‍ വിശേഷം പങ്കുവെച്ച് എത്തിയ ആര്യയുടെ പോസ്റ്റിനൊപ്പം വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ആര്യയുടെ സഹോദരി.
ഖുഷി പിറന്നത് മുതലുള്ള ഫോട്ടോകള്‍ പങ്കുവച്ച ഒരു വീഡിയോയ്ക്കൊപ്പം അല്പം ഇമോഷണലാണ് അഞ്ജന സതീഷിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. തന്റെ ആദ്യത്തെ കുട്ടി അഞ്ജനയും രണ്ടാമത്തെ കുട്ടി ഖുഷിയും ആണെന്നാണ് ആര്യ പറയാറുള്ളത്. പക്ഷേ അഞ്ജനയെ സംബന്ധിച്ച് ആദ്യത്തെ കുഞ്ഞ് എപ്പോഴും ഖുഷി തന്നെയാണ്. ഖുഷിയുടെ കാര്യത്തില്‍ താന്‍ എത്രത്തോളം ഇമോഷണല്‍ ആണെന്ന് അഞ്ജനയുടെ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തം.
'ഞങ്ങളുടെ കുഞ്ഞു കൊച്ച് ഇപ്പോള്‍ ഔദ്യോഗികമായി ടീനേജര്‍ ആയിരിക്കുന്നു. ഞാനിപ്പോള്‍ വളരെ അധികം ഇമോഷന്‍സിലൂടെയാണ് കടന്ന് പോകുന്നത്. അവള്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട അപ്പൂപ്പനെയും രാജു മാമയെയും ഇപ്പോള്‍ മിസ്സ് ചെയ്യുന്നു. അവര്‍ ഇപ്പോള്‍ ഉണ്ടായിരുന്നെങ്കില്‍, തങ്ങളുടെ കുഞ്ഞിപ്പെണ്ണ് വളര്‍ന്ന് ഇത്രയും സുന്ദരിയായി കാണുന്നതില്‍ സന്തോഷവും അഭിമാനവും കൊണ്ടേനെ. പക്ഷേ ഖുഷീ, എപ്പോഴും നിനക്ക് അവരുടെ അനുഗ്രഹവും സ്നേഹവും ഉണ്ടാവും.'
മകള്‍ക്ക് എന്ന സിനിമയിലെ 'ചാഞ്ചാടി ആടി ഉറങ്ങു നീ' എന്ന പാട്ടിന്റെ പശ്ചാത്തലത്തിലാണ് അഞ്ജന വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്. ഈ പാട്ട് വളരെ സ്പെഷ്യലാണ് എന്നും നീ കുഞ്ഞായിരുന്നപ്പോള്‍ നിന്നെ ഉറക്കാന്‍ എപ്പോഴും പാടിയിരുന്നത് ഈ പാട്ടാണ് എന്നും അഞ്ജന പറയുന്നു. എന്റെ മാലാഖ കുട്ടിയ്ക്ക് പതിമൂന്നാം ജന്മദിനാശംസകള് എന്ന് പറഞ്ഞാണ് അഞ്ജനയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് അവസാനിക്കുന്നത്.
ആര്യ ബഡായിയ്ക്ക് രോഹിത് സുശീലില്‍ പിറന്ന മകളാണ് ഖുഷി. ചെറിയ പ്രായത്തില്‍ തന്നെ വിവാഹം കഴിയുകയും കുഞ്ഞ് പിറക്കുകയും ചെയ്തു എന്നും, അന്ന് അപക്വമായി എടുത്ത തീരുമാനമാണ് വിവാഹ മോചനം എന്നും ആര്യ പറഞ്ഞിരുന്നു. അമ്മയ്ക്കും അച്ഛനുമൊപ്പം മാറി മാറിയാണ് ഖുഷി കഴിയുന്നത്. വീണ്ടും വിവാഹിതനായ രോഹിത് സുശീലിന് ആ ബന്ധത്തില്‍ ഒരു മകന് പിറന്നത് അടുത്തിടെയായിരുന്നു.
റിയാലിറ്റി ഷോയിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത റോബിനും ഫാഷന്‍ ഡിസൈനറും അഭിനേത്രിയുമായ ആരതി പൊടിയുമായുള്ള വിവാഹം കഴിഞ്ഞത് ഈ അടുത്താണ്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും വളരെ പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു. ഇപ്പോഴിതാ വിവാഹത്തിന് ശേഷം നടന്ന കര്‍വ്വചൗത്ത് ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് വൈറലാവുന്നത്. ആരതിയുടെയും റോബിന്റെയും ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.
നോര്‍ത്ത് ഇന്ത്യന്‍ രീതിയിലുള്ള ചടങ്ങാണിത്. ചടങ്ങിന്റെ ആശയവും വസ്ത്രം ഡിസൈന്‍ ചെയ്തതുമൊക്കെ ആരതി തന്നെയാണ്. കുതിരപ്പുറത്ത് കയറി വരുന്ന റോബിന്റെയും നോര്‍ത്തിന്ത്യന്‍ മണവാട്ടിയായെത്തിയ ആരതിയുടെയും ചിത്രങ്ങള്‍ സാമൂഹികമാധ്യമത്തില്‍ ശ്രദ്ധനേടി.
ഗുരുവായൂരില്‍ നടന്ന വിവാഹചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇതിന് പിന്നാലെ വിവാഹ റിസപ്ഷനും ഒരുക്കിയിരുന്നു.ആറ് ദിവസം നീണ്ടുനിന്ന ആഘോഷങ്ങള്‍ക്കുശേഷം ഏഴാം ദിവമായിരുന്നു റോബിന്റേയും ആരതിയുടേയും വിവാഹം. രംഗോലി, സംഗീത് ആഘോഷങ്ങളെല്ലാം നേരത്തെ കഴിഞ്ഞിരുന്നു. വിവാഹത്തിന് മുന്നോടിയായി പവിത്രപ്പട്ട് ഏറ്റുവാങ്ങുന്ന ആരതിയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. അഭിമുഖം എടുക്കാനെത്തിയപ്പോഴാണ് ആരതി ആദ്യമായി റോബിനെ കാണുന്നത്. പിന്നീട് ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയത്തിലെത്തുകയായിരുന്നു. 2023 ഫെബ്രുവരിയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.
ബാലതാരമായി എത്തി ഡാന്‍സര്‍ ആയി രസിപ്പിച്ച് ബിഗ്ബോസ് ഷോയിലൂടെ കൂടുതല്‍ പ്രേക്ഷകരിലേക്ക് എത്തിയ താരം ആണ് റംസാന്. നിരവധി ചിത്രങ്ങളിലും വേഷമിട്ടില്ലുണ്ടെങ്കിലും റംസാന് ബിഗ്ബോസ് താരം എന്ന രീതിയില്‍ ആണ് കൂടുതല്‍ പേരിലേക്ക് എത്തുന്നത്.
ഇപ്പോഴിതാ കുഞ്ചാക്കോ ബോബന് നായകനായ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്ന ചിത്രത്തിലൂടെ കരിയറിലെ മറ്റൊരു ഘട്ടത്തിലേക്ക് കാലെടുത്ത് വെക്കാന്‍ ഒരുങ്ങുകയാണ് റംസാന്. ഈ അടുത്ത് ഒരു ചാനലിന് നല്കിയ അഭിമുഖത്തില്‍ ഡാന്‍സ് കരിയറില്‍ തനിക് ലഭിച്ച ഏറ്റവും നല്ല മൊമെന്റിനെ കുറിച്ച് താരം വെളിപ്പെടുത്തി. കമല്‍ ഹാസന് കെട്ടിപ്പിടിച്ച് അഭിനന്ദിച്ച ഒരു നിമിഷത്തെ കുറിച്ചാണ് താരം പറഞ്ഞത്.
റംസാന്റെ വാക്കുകള്‍: ''വിക്രം' സിനിമയുടെ സക്സസ് സെലിബ്രേഷന് ദുബായില്‍ വെച്ച് നടക്കുകയായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ വലിയ ആരാധകനാണ്, ഇത്രയും വൈവിധ്യമാര്‍ന്ന രീതികളില്‍ അഭിനയിക്കുകയും ഡാന്‍സ് ചെയ്യുകയും ചെയ്യുന്ന നടന് വേറെ ഇല്ല. സാറിന്റെ പണ്ടുതൊട്ടുള്ള ഫേമസ് ആയ ചിത്രങ്ങളും അല്ലാത്തവയും കണ്ടിട്ടാണ് ട്രിബ്യൂട്ട് കൊടുക്കുന്നത്. നായകന് തുടങ്ങി അദ്ദേഹത്തിന്റെ പഴയ ഒരുപാട് പടങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. 10 മിനിറ്റ് ഉള്ള ലോങ്ങ് പെര്‍ഫോറമാസ് ആയിരുന്നു അത്. സ്റ്റേജില്‍ കയറുന്നതിന് മുന്‍പ് ഞങ്ങള്‍ക്ക് നിര്‍ദ്ദേശം ഉണ്ടായിരുന്നു. അദ്ദേഹത്തിന് വയ്യ ഷൂട്ട് കഴിഞ്ഞു വന്നതാണ് സീറ്റില്‍ നിന്ന് എഴുന്നേല്‍ക്കില്ല എന്നൊക്കെ.
പെര്‍ഫോമന്‍സ് കഴിയുന്നതിന് മുന്നേ സാര്‍ എഴുന്നേറ്റു. അത് എനിക്ക് കാണാമായിരുന്നു. പെര്‍ഫോമന്‍സ് കഴിഞ്ഞു ഹായ് പറഞ്ഞപ്പോഴേക്കും സാര്‍ എന്നെ കെട്ടിപിടിച്ചു. സിനിമയില്‍ മാത്രം കണ്ട ആരാധനയുള്ള ഒരാളെ അതും കമല്‍ ഹാസന് സാറിനെ കാണുന്നത് ഭാഗ്യം തന്നെയാണ്. ഞാന്‍ പല അഭിനേതാക്കള്‍ക്കും ട്രിബ്യൂട്ട് കൊടുത്തിട്ടുണ്ട്. പക്ഷെ ഇത്രയും അടിപൊളി മൊമെന്റ് എന്റെ ലൈഫില്‍ ഉണ്ടായിട്ടില്ല. എന്നെക്കുറിച്ചും ഡാന്‍സിനെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പിന്നീട് അടുത്തൊരു പരിപാടിക്ക് എന്നെ സജസ്റ് ചെയ്തപ്പോള്‍ കുറച്ചുകൂടെ സന്തോഷമായി,' റംസാന് പറഞ്ഞു.
മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ഗായകന് വിജയ് മാധവും ദേവിക നമ്പ്യാരും. ഇരുവരും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ കൂടുതല്‍ പ്രേക്ഷകരിലേക്ക് അടുത്തു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇവര്‍ക്ക് ഒരു മകള്‍ ജനിക്കുന്നത്. മകള്‍ക്ക് പേരിട്ട സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ആയിരുന്നു. ഇപ്പോഴിതാ മകളുടെ മുഖം ആരാധകര്‍ക്ക് കാണിച്ച് കൊടുത്ത് എത്തിയിരിക്കുകയാണ് താരങ്ങള്‍.
ഓം പരമാത്മാ എന്നാണ് ഇവര്‍ കുഞ്ഞിനിട്ട പേര്. കുഞ്ഞിന്റെ 'ഫേസ് റിവീലിങ്' വീഡിയോയുമായി എത്തിയിരിക്കുകയാണ് താരദമ്പതികള്‍. ഇരുപത്തിയെട്ട് കെട്ടിന് മുഖം എല്ലാവരെയും കാണിക്കാം എന്നാണ് കരുതിയിരുന്നത്. പക്ഷേ എല്ലാവരും ചോദിച്ച് തുടങ്ങിയപ്പോള്‍ ഇനി താമസിപ്പിക്കേണ്ട എന്ന് കരുതി. ഞാന്‍ എന്തിനാണ് എല്ലാം യൂട്യൂബില്‍ ഇടുന്നത് എന്ന് ചോദിച്ചാല്‍, ഞാന്‍ ഞങ്ങളഉടെ സബ്സ്ക്രൈബേഴ്സിനെ കുടുംബത്തെ പോലെയാണ് കാണുന്നത്. എന്റെ കുടുംബത്തിലുള്ളവര്‍ക്കെല്ലാം കുഞ്ഞിന്റെ ഫോട്ടോയും വീഡിയോയും അയച്ചുകൊടുത്തിരുന്നു, അപ്പോള്‍ പിന്നെ നിങ്ങള്‍ക്കും കാണിക്കണമല്ലോ എന്നാണ് വിജയ് മാധവ് പറയുന്നത്.
കുഞ്ഞിന്റെ മുഖം റിവീല്‍ ചെയ്തതിന് ശേഷം, ആരുടെ മുഖഛായയാണെന്ന് വിജയ് മാധവ് ചോദിക്കുന്നുണ്ട്. എന്തെന്നാല്‍ ഓരോ ദിവസവും ഇപ്പോള്‍ ഓം പരമാത്മയുടെ മുഖം മാറിക്കൊണ്ടിരിയ്ക്കുകയാണ്. ആദ്യം കണ്ടപ്പോള്‍ വിജയ് മാധവിന്റെ അച്ഛമ്മയുടെ മുഖഛായയായിരുന്നുവത്രെ. പിന്നീട് ആത്മജയെ പോലെ തോന്നി, അതിന് ശേഷം ദേവികയെ പോലെ. ഇപ്പോള്‍ സഹോദരി നന്ദുവിനെ പോലെ തോന്നുന്നു എന്നാണ് പറയുന്നത്. എന്തായാലും എന്റെയും മാഷിന്റെയും മുഖഛായയല്ല എന്ന് ദേവിക ഉറപ്പിച്ച് പറയുന്നു.
അതിനിടയില്‍ കുഞ്ഞിന് പുതിയ പേര് കിട്ടിയതായും വിജയ് മാധവ് വെളിപ്പെടുത്തി. ഓം പരമാത്മയ്ക്ക് വേണ്ടി കുറച്ച് സാധനങ്ങളൊക്കെ വാങ്ങിക്കാന്‍ പോയപ്പോള്‍, അവിടെ വച്ച് പലരും മോന് സുഖമാണോ മോള്‍ക്ക് സുഖമാണോ എന്നൊക്കെ ചോദിച്ചു. അതിലൊരാള്‍ ചോദിച്ചത്, 'ഓം ബേബി' സുഖമായിരിക്കുന്നോ എന്നാണ്. അത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഓം ബേബി, വിളിക്കാന്‍ നല്ലതാണല്ലോ. അതുകൊണ്ട് ഇനി മുതല്‍ വിരോധമില്ലെങ്കില്‍ ഓം പരമാത്മയെ ഓം ബേബി എന്ന് വിളിക്കാം. ദയവ് ചെയ്ത് ഡബിള്‍ ഒ ഇട്ട് വിളിക്കരുത് എന്ന് മാത്രം- വിജയ് മാധവ് പറഞ്ഞു.
ബിഗ്ബോസ് ബഡായി ബംഗ്ലാവ് തുടങ്ങിയ ഷോകളിലൂടെ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരമായി മാറിയ വ്യക്തിയാണ് ആര്യ ബാബു. ആര്യ ബഡായി എന്ന് പറഞ്ഞാലാണ് എല്ലാവരും താരത്തെ ഓര്‍ക്കുക. ഇപ്പോഴിതാ ആര്യയുടെ വിവാഹത്തെ കുറിച്ച് പറഞ്ഞ കാര്യമാണ് വൈറലാകുന്നത്.
ഇന്‍സ്റ്റഗ്രാമില്‍ ആസ്ക് മി എനിത്തിങ് എന്ന സെഗ്മെന്റില്‍ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ആര്യ. സിംഗിളാണോ എന്ന ചോദ്യത്തിന് നിങ്ങള്‍ എന്ത് കരുതുന്നു ഗായിസ് എന്നായിരുന്നു ആര്യയുടെ മറുചോദ്യം. 2025 ല്‍ വിവാഹം ഉണ്ടാവും എന്ന് പറഞ്ഞല്ലോ, ഈ വര്‍ഷം അത് സംഭവിക്കുമോ എന്നായിരുന്നു ഒരാളുടെ ചോദ്യം. അപ്പോഴും വിവാഹം കഴിക്കാനുള്ള ആഗ്രഹം ആര്യ വ്യക്തമാക്കുന്നുണ്ട്.
'ഞാന്‍ മാത്രം വിചാരിച്ചാല്‍ നടക്കുന്ന കാര്യമല്ലല്ലോ അത്' എന്നായിരുന്നു ആര്യയുടെ മറുപടി. പ്രണയ ദിനത്തെ കുറിച്ച് എന്താണ് അഭിപ്രായം എന്ന് ചോദിച്ചപ്പോള്‍, എല്ലാ ദിവസവും ആഘോഷിക്കണം എന്നായിരുന്നു ആര്യയുടെ ആദ്യത്തെ പ്രതികരണം. അതല്ലാതെ, പ്രണയിക്കുന്നവര്‍ അത് പങ്കുവയ്ക്കാനായി കാത്തിരിയ്ക്കുന്ന ഒരു ദിവസം എന്ന നിലയിലും വാലന്റൈന്‍സ് ഡേ നല്ലതാണ്- ആര്യ പറഞ്ഞു.
നിലവില്‍ മച്ചാന്റെ മാലാഖ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷന് തിരക്കിലാണ് ആര്യ. സൗബിന് ഷഹീറും നമിത പ്രമോദും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഫെബ്രുവരി 27 ന് തിയേറ്ററുകളിലെത്തും
BUSINESS
സുരക്ഷാ ക്രമീകരണങ്ങളുടെ പേരിലാണ് ആപ്പിള്‍ ഉപകരണങ്ങള്‍ എന്നും വേറിട്ട് നിന്നിരുന്നത്. എന്നാല്‍ കാലങ്ങളായുള്ള ആ തീരുമാനത്തില്‍ നിന്നും ഒരു ചുവട് പിന്നോട്ട് വയ്ക്കേണ്ടി വന്നിരിക്കുകയാണ് ടെക് ഭീമനായ ആപ്പിളിന്. ഒടുവില്‍ ആപ്പിള്‍ ഉപഭോക്താക്കളെ തന്നെ നിരാശയിലാക്കി സുരക്ഷാ ക്രമീകരണങ്ങളില്‍ വലിയ മാറ്റങ്ങള്‍ നടത്താന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് ആപ്പിളിന്. ആപ്പിള്‍ ഉപഭോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കുന്ന എഡിപിയെന്ന അഡ്വാന്‍സ്ഡ് ഡാറ്റാ പ്രൊട്ടക്ഷന്‍ യുഎസ് സര്‍ക്കാരിന്റെ ആവശ്യപ്രകാരം ആപ്പിള്‍ വെട്ടിക്കുറയ്ക്കുന്നത്. ഇതോടെ ആപ്പിളിന് പോലും ലഭ്യമാകാതിരുന്ന, ഉപഭോക്താക്കളുടെ മാത്രം നിയന്ത്രണത്തിലുണ്ടായിരുന്ന ഡേറ്റകളിലേക്ക് സര്‍ക്കാരിന് പ്രവേശിക്കാം.
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ പ്രകാരം ഐ ക്ലൗഡില്‍ സുരക്ഷിതമാക്കിയ ആപ്പിള്‍ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളില്‍ പ്രവേശനം വേണമെന്നായിരുന്നു യുകെ സര്‍ക്കാരിന്റെ ആവശ്യം. ഇതില്‍ ഫോട്ടോകള്‍, മറ്റ് രേഖകള്‍ എന്നിവ ഉള്‍പ്പെടും. ഇന്ത്യിലുള്ളവര് ഇക്കാര്യത്തില്‍ നിരാശപ്പെടേണ്ട ആവശ്യമില്ല. ഇപ്പോള്‍ യു കെയില്‍ മാത്രമാണ് എഡിപിയില്‍ ആപ്പിള്‍ ഇളവ് നല്‍കുന്നത്. പുതിയതായുള്ള ഉപഭോക്താക്കള്‍ക്ക് എഡിപി സംവിധാനത്തിന്റെ സംരക്ഷണം ലഭിക്കില്ല. നിലവിലെ ഉപഭോക്താക്കള്‍ക്ക് കുറച്ച് സമയം കൂടി ലഭ്യമാകുമെങ്കില്‍ സ്വാഭാവികമായി അത് ഇല്ലാതാകും.
ജനങ്ങള്‍ക്ക് മേല്‍ സര്‍ക്കാര്‍ നിയന്ത്രണം വയ്ക്കുന്നതടക്കമുള്ള എതിര്‍പ്പുകള്‍ ഒരു കോണില്‍ നിന്നും ഉയരുന്നുണ്ട്. ഡാറ്റാ ചോര്‍ച്ച ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉയരുമെന്ന ആശങ്ക ആപ്പിളും പങ്കുവയ്ക്കുന്നുണ്ട്. ഇന്‍വസ്റ്റിഗേറ്ററി പവര്‍ ആക്റ്റ് പ്രകാരം ആപ്പിളിന്റെ ആഗോള ഉപയോക്തൃ ഡാറ്റയിലേക്ക് കടന്നു ചെല്ലാന്‍ അനുവദിക്കുന്ന നിലയില്‍ സാങ്കേതികമാറ്റം നടപ്പാക്കണം എന്നായിരുന്നു യു കെ സര്‍ക്കാരിന്റെ നിര്‍ദേശം.
ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ നീക്കിവെച്ച 21 മില്യണ്‍ ഡോളറിന്റെ ഫണ്ട് റദ്ദാക്കിയ വിഷയത്തില്‍ വീണ്ടും വിവാദ പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താന്‍ മുമ്പ് പലതവണ പറഞ്ഞതുപോലെ വ്യക്തികള്‍ക്കുള്ള കൈക്കൂലിയാണ് അതെന്ന് റിപ്പബ്ലിക്കന്‍ ഗവര്‍ണേഴ്സ് അസോസിയേഷന് യോഗത്തില്‍ ട്രംപ് ആരോപിച്ചു.
വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ 21 മില്യണ്‍ ഡോളറോ ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പ്രാതിനിധ്യത്തെപ്പറ്റി നാം എന്തിന് ആശങ്കപ്പെടണം. നമുക്ക് ആവശ്യത്തിന് പ്രശ്നങ്ങളുണ്ട്. നമ്മുടെ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കേണ്ടതുണ്ട്. ആ പണം മുഴുവന്‍ ഇന്ത്യയിലേക്ക് പോകുമെന്ന് കരുതുന്നുണ്ടോ? അത് എപ്പോള്‍ ലഭിക്കുമെന്നാകും അവര്‍ കരുതുന്നത്. അതൊരു കൈക്കൂലിയാണ്. താന്‍ പലതവണ പറഞ്ഞതുപോലെ വ്യക്തികള്‍ക്കുള്ളതാണ് ട്രംപ് പറഞ്ഞു.
ഇന്ത്യന്‍ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കാനുള്ള യു.എസ്. ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് 21 മില്യണ്‍ ഫണ്ട് സംബന്ധിച്ച വിവരങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടല്‍ ഉണ്ടായെന്നതു സംബന്ധിച്ച ആശങ്ക ഉയര്‍ത്തുന്നതാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ഫോര്‍ഡ് വീണ്ടും ഇന്ത്യയിലേക്ക് എത്തുന്നു. യുഎസ് വാഹന നിര്‍മാതാക്കളായ ഫോര്‍ഡ് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ട്. രാജ്യത്തെ ഉത്പാദനവും വില്പനയും അവസാനിപ്പിച്ച് മടങ്ങിയ കമ്പനി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ ക്ഷണം സ്വീകരിച്ചാണ് ഇന്ത്യയിലേക്ക് തിരികെ എത്തുന്നത്.
ചെന്നൈയിലെ മറൈമലൈ നഗറിലെ നിര്‍മാണപ്ലാന്റ് പുനരുജ്ജീവിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം. ഇക്കാര്യം കമ്പനി തന്നെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. 350 ഏക്കര്‍ വിസ്തൃതിയുള്ള പ്ലാന്റ് ഉപയോഗിക്കാന്‍ അനുമതി നേടി തമിഴ്നാട് സര്‍ക്കാരിനെ കമ്പനി സമീപിച്ചിരുന്നു.
നികുതി സംബന്ധിച്ച വിഷയങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. രണ്ടാം വരവില്‍ ഇവികളിലാണ് ഫോര്‍ഡ് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഏതാനം മാസങ്ങള്‍ക്ക് മുമ്പ് നിക്ഷേപ സമാഹരണത്തിന് യുഎസിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് കമ്പനിയെ തമിഴ്നാട്ടിലേക്ക് ക്ഷണിച്ചിരുന്നു.
മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് 2021ലാണ് ഫോര്‍ഡ് ഇന്ത്യ വിട്ടത്. എന്നാല്‍ വിപണയില്‍ നിന്നും പൂര്‍ണമായും ഒഴിവായിരുന്നില്ല. ഫിഗോ അടക്കമുള്ള കാറുകള്‍ നിര്‍മിച്ചിരുന്ന ഗുജറാത്തിലെ പ്ലാന്റ് ടാറ്റയ്ക്ക് വിറ്റ ഫോര്‍ഡ് ചെന്നൈ പ്ലാന്റ് 830 കോടിക്ക് വില്ക്കാന് തീരുമാനിച്ചിരുന്നു. പിന്നീട് ഈ തീരുമാനം മാറ്റി.
BP SPECIAL NEWS
പിറന്നാള്‍ ആഘോഷത്തിനിടെ ബലൂണ്‍ പൊട്ടിത്തെറിച്ച് യുവതിക്ക് പൊള്ളലേറ്റു. വിയറ്റ്നാമിലെ ഹനോയിയിലാണ് യുവതിയുടെ പിറന്നാള്‍ ആഘോഷം നടന്നത്. സന്തോഷത്തോടെ തുടങ്ങിയ ആ ആഘോഷം അപ്രതീക്ഷിതമായി അവസാനിച്ചത് കരച്ചിലില്‍. ആഘോഷങ്ങളുടെ ഭാഗമായി കൊണ്ടുവന്ന ഹൈഡ്രജന്‍ ബലൂണുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. യുവതിയുടെ മുഖത്തിന് പൊള്ളലേറ്റിട്ടുണ്ട്.
വിയറ്റ്നാമിലെ ഹനോയിയിലാണ് യുവതിയുടെ ജന്മദിനാഘോഷം നടന്നത്. ഇതിനിടയിലായിരുന്നു അപ്രതീക്ഷിതമായി അപകടമുണ്ടായതും. കേക്കുമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു യുവതി. അതിനിടയിലാണ് അവളുടെ കയ്യിലുണ്ടായിരുന്ന ബലൂണ്‍ പൊട്ടിത്തെറിച്ചത്. ഇതോടെ അവിടമാകെ ഒരു തീഗോളം പോലെ നില്ക്കുന്നതും കാണാം. ജിയാങ് ഫാം എന്ന യുവതിക്കാണ് പിറന്നാള്‍ ദിനത്തില്‍ പൊള്ളലേറ്റത്.
എന്തായാലും, പിറന്നാള്‍ ആഘോഷത്തിലുണ്ടായ ഈ അപകടത്തിന്റെ വീഡിയോ ജിയാങ് ഫാം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഫെബ്രുവരി 14 -നാണ് ജിയാങ്ങിന്റെ പിറന്നാള്‍ ആഘോഷം നടന്നത്. ഒരു റെസ്റ്റോറന്റില്‍ വച്ചായിരുന്നു ആഘോഷം സംഘടിപ്പിച്ചത്. ആ ഹാള്‍ ബലൂണുകളും മറ്റും കൊണ്ട് അലങ്കരിച്ചിരിക്കുന്നതും കാണാം.
അവിടെ ഒരു കയ്യില്‍ ബലൂണും മറുകയ്യില്‍ പിറന്നാള്‍ കേക്കുമായി ജിയാങ്ങും നില്ക്കുന്നതും കാണാം. എന്നാല്‍, പെട്ടെന്നാണ് ബലൂണൊരു തീഗോളമായി മാറിയത്. യുവതിയുടെ കയ്യിലിരുന്ന മെഴുകുതിരിയില്‍ നിന്നും ബലൂണിലേക്ക് തീ പാളുകയായിരുന്നു. പെട്ടെന്ന് ബലൂണ്‍ പൊട്ടിത്തെറിച്ചതും യുവതി മുഖം പൊത്തിക്കൊണ്ട് അവിടെ നിന്നും ഓടി മാറുന്നതും വീഡിയോയില്‍ കാണാം.
ജിയാങ്ങിന്റെ മുഖത്ത് പൊള്ളലേറ്റിട്ടുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം പൊള്ളലേറ്റ ഉടനെ തന്നെ അവള് ബാത്ത്റൂമിലേക്ക് ഓടി. വെള്ളമെടുത്ത് മുഖം കഴുകി. പിന്നാലെ ഉടനെ തന്നെ ആശുപത്രിയിലെത്തി എന്നും പറയുന്നു.
ആറ് ദിവസം മുമ്പാണ് ഈ സംഭവം നടന്നത്, എന്നാല്‍ ഇന്ന് മാത്രമാണ് ഇതേക്കുറിച്ച് വിശകലനം ചെയ്യാന്‍ തനിക്ക് സാധിച്ചത് എന്നും ജിയാങ് പറഞ്ഞു. താന്‍ ഒരുപാട് കരഞ്ഞുവെന്നും മുഖത്ത് പൊള്ളലേറ്റതിനെ തുടര്‍ന്ന് തനിക്കിനി തന്റെ ജോലി ചെയ്യാന്‍ സാധിക്കില്ല എന്നാണ് കരുതിയത് എന്നും അവള് പറയുന്നു. എന്നാല്‍, പൊള്ളല്‍ ഗുരുതരമല്ല, പാടുകള്‍ പൂര്‍ണമായും മാറുമെന്ന് ഡോക്ടര്‍ ജിയാങ്ങിന് ഉറപ്പ് നല്കി. ബലൂണില്‍ ഹൈഡ്രജനായിരുന്നു എന്ന് അറിയില്ലായിരുന്നു, കടക്കാരന് മുന്നറിയിപ്പൊന്നും തന്നിരുന്നില്ല എന്നും അവള് പറഞ്ഞു.
PRAVASI VARTHAKAL