വാശിയേറിയ പ്രചാരണങ്ങൾക്കൊടുവിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കാൻ അമേരിക്കൻ ജനത ഇന്ന് പോളിംഗ് ബൂത്തിൽ എത്തുന്നു. മാറിമറിഞ്ഞ സർവ്വേഫലങ്ങൾ ഒടുവിൽ ഇരുവരും ഒപ്പത്തിനൊപ്പം എന്ന സൂചന നൽകുമ്പോൾ, പോരാട്ടം കഴിഞ്ഞ വർഷത്തേതിലും കടുപ്പമേറിയതാകും.
യു.എസിലെ വലിയ കുടിയേറ്റ സമൂഹമായ ഇന്ത്യക്കാർക്കിടയിൽ, ഇന്ത്യൻ വംശജ എന്നനിലയിൽ ആദ്യം കമല ഹാരിസിന് പിന്തുണ കുടുതലുണ്ടായിരുന്നെങ്കിലും പ്രചാരണം അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ നല്ല സ്വാധീനം ചെലുത്താൻ ട്രമ്പിനും കഴിഞ്ഞിട്ടുണ്ട്.
സമീപകാലത്ത് ബൈഡൻ ഭരണകൂടം കൈക്കൊണ്ട ചില കടുത്ത കുടിയേറ്റ വിരുദ്ധ നടപടികളാണ് കമലയ്ക്ക് തിരിച്ചടിയായത്. ഇതുമൂലം പതിനായിരക്കണക്കിന് ഇന്ത്യക്കാർക്ക് തിരികെപ്പോകേണ്ടി വരുമെന്നും വാർത്തകൾ പരന്നിരുന്നു. അതേസമയം കുടിയേറ്റ വിരുദ്ധത ട്രമ്പ് പ്രചാരണങ്ങളിൽ മയപ്പെടുത്തുകയും ചെയ്‌തു.
അതുപോലെ, യുഎസ് ഇന്ത്യക്കാരിൽ ഏറ്റവും വലിയ വിഭാഗമായ ഹൈന്ദവരും ഇപ്പോൾ ട്രമ്പിനെ അനുകൂലിക്കുന്നുവെന്ന് പറയുന്നു. കമല ഹാരിസിന്റെ പേരിലെ ഹാരിസാണ് ഹൈന്ദവ വിഭാഗങ്ങളെ അവർക്കെതിരെ തിരിച്ചതെന്നും സോഷ്യൽ മീഡിയ പോസ്റ്റുകളിൽ കാണാം.
എന്നാൽ ഇന്ത്യൻ കമ്മ്യൂണിറ്റി പിന്തുണച്ച സ്ഥാനാർത്ഥികൾ വിജയം വരിച്ച ചരിത്രവും അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കുറവുമാണ്. ഇന്ത്യക്കാർ കൂടുതൽ പിന്തുണച്ച സ്ഥാനാർത്ഥികൾ പലപ്പോഴും പരാജയപ്പെട്ടിരുന്നു.
സാധാരണഗതിയിൽ പോളിംഗ് അവസാനിച്ചാൽ അധികം വൈകാതെ രാത്രിവൈകിയോ രാവിലെയോടെയോ ഫലപ്രഖ്യാപനം വരികയാണ് യു.എസിൽ പതിവ്. അങ്ങനെയെങ്കിൽ നാളെ രാവിലെയോടെ തന്നെ അടുത്ത നാലുവർഷം അമേരിക്കയെ ആരുനയിക്കും എന്നകാര്യത്തിൽ വ്യക്തത കൈവരും.
എന്നാൽ വിജയശതമാനം വളരെ കുറയുകയോ, തർക്കങ്ങളോ ലീഗൽ പെറ്റീഷനുകളോ ഉണ്ടാകുകയോ ചെയ്‌താൽ, സ്റ്റേറ്റുകളിൽ റീ കൗണ്ടിങ് വരികയും അന്തിമ ഫലപ്രഖ്യാപനം ചിലപ്പോൾ ദിവസങ്ങളോളം നീണ്ടുപോകുകയോ ചെയ്തേക്കാം.
അതിന് ഉദാഹരണം കഴിഞ്ഞവർഷത്തെ ഫലപ്രഖ്യാപനമാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് നാലുദിവസത്തിനുശേഷമാണ് ബൈഡൻ വിജയിച്ചതായി അന്തിമമായി പ്രഖ്യാപിക്കപ്പെട്ടത്. തോൽവി സാങ്കേതികമാണെന്ന് ട്രംപ് പക്ഷം ഇപ്പോഴും ആരോപിക്കുകയും ചെയ്യുന്നു. അതൊക്കെ മൂലമാണ് റിപ്പബ്ലിക്കൻസിൽ ട്രംപിനൊരു രണ്ടാമൂഴം ലഭിച്ചതും.
ഇരുവരും ഒപ്പത്തിനൊപ്പമെന്ന് അവസാന സർവ്വേ ഫലങ്ങൾ കാണിക്കുന്നുവെങ്കിലും നേരിയ മുൻതൂക്കം ട്രംപിനെന്നും ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. ഇപ്പോഴത്തേത് അടക്കം മൂന്ന് അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലും പങ്കാളിയായി ട്രംപുമുണ്ട് എന്നതും പ്രത്യേകതയാണ്.
വമ്പനായി വീണ്ടും ട്രമ്പ് വൈറ്റ് ഹൌസ് കീഴടക്കുമോ അതോ ചരിത്രം തിരുത്തി ആദ്യ വനിതാ പ്രസിഡന്റാകാൻ ഇന്ത്യൻ വംശജ കമല ഹാരിസിനു കഴിയുമോ..?
ആരുവന്നാലും കുടിയേറ്റ നയത്തിലും തൊഴിൽ - സ്റ്റഡി വിസകളിലും കൈക്കൊള്ളുന്ന പുതിയ നിയമമാറ്റങ്ങൾ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം വരുംവർഷങ്ങളിൽ നിർണ്ണായകമാകും.
യു.എസിലെ സുഹൃത്തുക്കളും ബന്ധുക്കളുമായുമൊക്കെ ബെറ്റുകളും മറ്റുംവച്ച് കാത്തിരിക്കുകയാണ് യുകെ മലയാളികളും. കാണേണ്ട പൂരം കണ്ടറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി.