റിയാദ് : കാലാവസ്ഥാ വ്യതിയാനം ഭൂമിയില്‍ ഉണ്ടാക്കുന്ന മാറ്റങ്ങളുടെ അമ്പരപ്പിക്കുന്ന ഉദാഹരണങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് സൗദി അറേബ്യന്‍ മരുഭൂമി.
വര്‍ഷം മുഴുവന്‍ വരണ്ടു ചൂടേറിയ കാലാവസ്ഥ നിലനിന്നിരുന്ന സൗദി അറേബ്യയിലെ അല്‍-ജൗഫ് മരുഭൂമിയില്‍ ഇത്തവണ ആദ്യമായി മഞ്ഞുവീഴ്ച ഉണ്ടായിരിക്കുകയാണ്. ശൈത്യകാലം എത്തുന്നതിനു മുന്‍പേ ആണ് അല്‍-ജൗഫ് മരുഭൂമിയില്‍ കനത്ത മഞ്ഞുവീഴ്ച ഉണ്ടായിരിക്കുന്നത് എന്നുള്ളതും ഏറെ അമ്പരപ്പിക്കുന്നു.
എന്നാല്‍ സൗദി മരുഭൂമിയിലെ മഞ്ഞുവീഴ്ച ഒരു നല്ല ലക്ഷണം അല്ല എന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. കനത്ത മഴയ്ക്ക് മുന്‍പായി ഉണ്ടാകുന്ന അഭൂതപൂര്‍വ്വമായ ഒരു പ്രതിഭാസമാണ് ഈ മഞ്ഞുവീഴ്ച എന്നാണ് വിദഗ്ദ്ധാഭിപ്രായം. അതേസമയം തന്നെ വരും ദിവസങ്ങളില്‍ മേഖലയില്‍ കനത്ത മഴയും ആലിപ്പഴ വര്‍ഷവും ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കാലാവസ്ഥ പ്രതിഭാസം എന്ത് തന്നെ ആയാലും അല്‍-ജൗഫ് മരുഭൂമിയിലെ മഞ്ഞുവീഴ്ച ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറിയിരിക്കുകയാണ്. നിരവധി ആളുകളാണ് ഈ മഞ്ഞുവീഴ്ചയുടെ ചിത്രങ്ങള്‍ പകര്‍ത്താനും വീഡിയോകള്‍ ചിത്രീകരിക്കാനും ആയി ഈ മേഖലയിലേക്ക് എത്തുന്നത്. എന്നാല്‍ വരും ദിവസങ്ങളില്‍ ശക്തമായ കാറ്റും ചുഴലിക്കാറ്റും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.