പ്രവചനങ്ങൾ സത്യമാക്കി യു.എസ് പ്രഡിഡന്റ് തിരഞ്ഞെടുപ്പിൽ മുന്നേറുകയാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്. മാസങ്ങൾ നീണ്ട വാശിയേറിയ പ്രചാരണത്തിനുശേഷം നടന്ന വോട്ടെടുപ്പിൽ, ഇതുവരെ ലഭ്യമായ ഫലമനുസരിച്ച് ഇന്ത്യൻ വംശജയായ കമല ഹാരിസിനേക്കാൾ ഇലക്ട്രറൽ വോട്ടുകളുടെ എണ്ണത്തിൽ ഏറെ മുന്നിലാണ് ഡൊണാൾഡ് ട്രംപ്.
ഇപ്പോൾ ലഭ്യമായ വിവരമനുസരിച്ച് ട്രംപ് 265 ഇലക്ട്രറൽ കോളേജ് വോട്ടുകളും കമല ഹാരിസ് 194 വോട്ടുകളും നേടിയിട്ടുണ്ട്. വിവിധ സ്റ്റേറ്റുകളിലെ നിലവിലെ ലീഡുനില അനുസരിച്ച് ട്രംപ് 306 ഇലക്ട്രറൽ കോളേജ് വോട്ടുകൾ വരെ നേടിയേക്കാമെന്ന് പ്രവചിക്കപ്പെടുന്നു. ലീഡുനില മാറിമറിഞ്ഞാൽ ഇത് 270 മുതൽ 322 വരെയുമാകാം.
അതേസമയം കമല ഹാരിസിന് 232 ഇലക്ടറൽ വോട്ടുകളാണ് പ്രവചിക്കപ്പെടുന്നത്. ഇത് 216 മുതൽ 268 വരേയുമാകാം. 12 സ്‌റ്റേറ്റ് റിസൾട്ടുകളിലാണ് ഇനിയും അന്തിമ ഫലപ്രഖ്യാപനം നടക്കേണ്ടത്. അമേരിക്കയുടെ മിഡ്, സൗത്തീസ്റ്റ് , നോർത്ത് വെസ്റ്റ് സ്റ്റേറ്റുകളിൽ ഏകദേശം എല്ലാംതന്നെ റിപ്പബ്ലിക്കൻസ് മുന്നേറുന്നു.
സെൻട്രൽ അമേരിക്കയിൽ കൊളറാഡോയിലും ഇല്ലിനോയിസിലും മാത്രമാണ് ഡെമോക്രാറ്റുകൾക്ക് മുന്നേറാൻ കഴിഞ്ഞിട്ടുള്ളത്. നോർത്ത് ഈസ്റ്റിലേയും വെസ്റ്റ് കോസ്റ്റിലേയും ഏതാനും സ്റ്റേറ്റുകളിലും അവർ മുന്നേറുന്നു.
കഴിഞ്ഞ തവണ കൈവിട്ട ജോർജിയയിലും നോർത്ത് കരോലിനയിലും ട്രംപ് ഉജ്വലമായ തിരിച്ചുവരവ് നടത്തി.
ബൈഡൻ സർക്കാരിന്റെ കുടിയേറ്റ നയങ്ങളും ഇന്ത്യൻ വംശജരുടെ സമ്പൂർണ്ണ പിന്തുണ കിട്ടാത്തതും കമല ഹാരിസിന് തിരിച്ചടിയായെന്നും പ്രാഥമികമായി വിലയിരുത്തപ്പെടുന്നു.
270 ഇലക്ട്രൽ കോളേജ് വോട്ടുകൾ ട്രംപ് അനായാസം നേടിയാൽ, ഇന്ത്യൻ സമയം ഇന്നുച്ചയോടെ തന്നെ വിജയം പ്രഖ്യാപിക്കും.
എന്നാൽ ഏതെങ്കിലും സ്‌റ്റേറ്റ് ഫലത്തിൽ തർക്കമുണ്ടായി, റീകൗണ്ടിങ് നടന്നാലും ഡെമോക്രാറ്റുകൾ ലീഗൽ അപ്പീലുകൾ ഫയൽ ചെയ്‌താലും അന്തിമ ഫലപ്രഖ്യാപനം വൈകും.
എങ്കിൽത്തന്നെയും ഇപ്പോൾത്തന്നെ വ്യക്തമായ ലീഡുനില ട്രംപിന് കൈവരിക്കാൻ കഴിഞ്ഞതിനാൽ, അധികം വൈകാതെ അമേരിക്കയുടെ പ്രസിഡന്റായി ട്രംപ് ഒരിക്കൽക്കൂടി അധികാരമേൽക്കും എന്നാണ് പൊതുവേയുള്ള നിഗമനം.
കമല ഹാരിസ് ഇന്ത്യൻ വംശജയെന്ന പ്രചാരണം ശക്തമാക്കിയെങ്കിലും യു.എസിലെ പ്രബല ഇന്ത്യൻ വംശജരുടെ ഗ്രൂപ്പുകൾ അവർക്ക് പ്രത്യക്ഷ പിന്തുണയുമായി രംഗത്തെത്തിയിരുന്നില്ല. അതൊക്കെമൂലം ഇന്ത്യക്കാർക്കിടയിലെ റിപ്പബ്ലിക്കൻ അനുകൂലികൾക്ക് പുറമെ നല്ലൊരുവിഭാഗം ട്രംപിനുതന്നെ വോട്ടുചെയ്തതെന്നും കരുതുന്നു.