വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ കാലഘട്ടം മുന്നോട്ട് പായുമ്പോള്‍ നമ്മള്‍ വെള്ളത്തിന് വേണ്ടി ക്യൂ നില്‍ക്കേണ്ടി വരും. ശുദ്ധ ജലം എന്നത് കുപ്പികളില്‍ ലഭിക്കുന്ന ഒന്നായി മാറും. ഇതെല്ലാം നേരത്തെ തന്നെ കേട്ടിട്ടുള്ളതും മനുഷ്യന്‍ ഇപ്പോഴും പേടിയോടെ നിരീക്ഷിക്കുന്നതുമായ കാര്യമാണ്.
എന്നാല്‍ ഈ കാലഘട്ടത്തില്‍ മറ്റൊരു ഞെട്ടിക്കുന്ന കാര്യം കൂടി നടന്നിരിക്കുകയാണ്. എല്ലാം പായ്ക്കറ്റിലായി കിട്ടുന്ന കാലത്ത് ഇതാ വായുവും പാക്കറ്റിലാക്കി കിട്ടും. അതും നൂറ് ശതമാനം ശുദ്ധ വായു.
ഈ കൗതുക വില്‍പന നടക്കുന്നത് അങ്ങ് ഇറ്റലിയാണ്. സ്വാഭാവികമായ ഭംഗിക്കും വിനോദ സഞ്ചാരത്തിനും പേരുകേട്ട ഇടമാണ് കോമോ തടാകം. ഈ തടാകത്തിലെ വായു കുപ്പിയിലാക്കി കൊണ്ടുപോകാനുള്ള അവസരം നല്‍കുകയാണ് പ്രമുഖ കമ്മ്യൂണിക്കേഷന്‍ കമ്പനിയായ ഇറ്റലികമ്മ്യൂണിക്ക. ഇതിനായി കോമോ എയര്‍ ക്യാനുകള്‍ വികസിപ്പിച്ചിരിക്കുകയാണ് കമ്പനി. ഓരോ ക്യാനിലും 400 മില്ലി ലിറ്റര്‍ ശുദ്ധവായും അടങ്ങിയിട്ടുണ്ടെന്നാണ് കമ്പനി വെബ്‌സൈറ്റില്‍ പറയുന്നത്. സ്വര്‍ഗീയ കോണിലെ ടിന്നിലടച്ച സമാധാനവും ചാരുതയും സ്മരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമായ ഉത്പന്നം എന്നാണ് ക്യാനിനെ കമ്പനി വിശേഷിപ്പിക്കുന്നത്. 11 ഡോളര്‍ അല്ലെങ്കില്‍ 926 രൂപയാണ് ക്യാനിന്റെ വില.
കോമോ തടാകത്തിലെ വായു ഓണ്‍ലൈനായി ലഭിക്കില്ല, മറിച്ച് പ്രദേശത്തെ പ്രാദേശിക കടകളില്‍ മാത്രമാണ് ഇവ ലഭിക്കുക. ആഭ്യന്തര ടൂറിസം വികസിപ്പിക്കുകയാണ് ഇതിന് പിന്നിലെ ലക്ഷ്യം. കോമോ തടാകത്തിലെ വായുവില്‍ അടങ്ങിയിരിക്കുന്നവയെ കുറിച്ചും വെബ്‌സൈറ്റില്‍ പറയുന്നുണ്ട്. അവയിതാ..
നൈട്രജന്‍: 78 ശതമാനം
ഓക്‌സിജന്‍: 21ശതമാനം
ആര്‍ഗോണ്‍: 0.93 ശതമാനം
കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്: 0.04 ശതമാനം
നിയോണ്‍: 0.0018 ശതമാനം
ഹീലിയം: 0.00052 ശതമാനം
മീഥെയ്ന്‍: 0.00017 ശതമാനം
ക്രിപ്റ്റോണ്‍: 0.00011 ശതമാനം
ഹൈഡ്രജന്‍: 0.00005 ശതമാനം
സെനോണ്‍: 0.000009 ശതമാനം
ലേക്ക് കോമോ സീക്രട്ട് ഫോര്‍മുല: 0.0000001 ശതമാനം
പക്ഷെ ഇതൊക്കെയാണെങ്കിലും ഈ വായുവിന്റെ ക്യാന്‍ ഒരു വട്ടം തുറന്നാല്‍ പിന്നെ വീട്ടിലെ ഏതെങ്കിലും മൂലയ്‌ക്കോ അല്ലെങ്കില്‍ വീട്ടിലെ പെന്‍ ഹോള്‍ഡറായോ ചെടിച്ചട്ടിയായോ ഒക്കെ ഉപയോഗിക്കാമെന്ന് മാത്രം.