മലയാളികൾ അടക്കമുള്ള യുകെയിലെ പുതിയ കുടിയേറ്റക്കാരെ കാര്യമായി ബാധിക്കുന്ന പുതിയൊരു നിയമ മാറ്റത്തിന് തയ്യാറെടുക്കുകയാണ് ലേബർ സർക്കാർ. യുകെയിൽ സ്വന്തമായി ഒരു വീട് കുറഞ്ഞ നിരക്കിൽ വാങ്ങുക എന്ന ആഗ്രഹം സഫലീകരിക്കാൻ പുതിയ നിയമംമൂലം കൂടുതൽ പ്രയാസപ്പെടേണ്ടി വരും.
റൈറ്റ് ടു ബൈ സ്കീമിന് കീഴിൽ ഇംഗ്ലണ്ടിലെ പുതിയ കൗൺസിൽ വീടുകൾ വിൽക്കുന്നത് തടയാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്ന കാര്യം ഉപ പ്രധാനമന്ത്രി ഏഞ്ചല റെയ്‌നർ മാധ്യമ അഭിമുഖത്തിലാണ് വെളിപ്പെടുത്തിയത്.
നിലവിൽ രാജ്യത്ത് വലിയതോതിൽ ഭവനക്ഷാമം അനുഭവപ്പെടുന്നുവെന്നും അതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് റൈറ്റ് ടു ബൈ സ്‌കീം ആണെന്നും ഏഞ്ചല റെയ്‌നർ പറഞ്ഞു. സർക്കാരിന് കൗൺസിൽ വീടുകളുടെ സ്റ്റോക്ക് നഷ്‌ടപ്പെടാതിരിക്കാൻ ഇംഗ്ലണ്ടിലെ പുതിയ സോഷ്യൽ ഹോമുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നും ഏഞ്ചല വിശദീകരിച്ചു.
പതിറ്റാണ്ടുകളായി, റൈറ്റ് ടു ബൈ സ്കീം മുഖാന്തരം കൗൺസിൽ വീടുകളിൽ കഴിയുന്ന സോഷ്യൽ ഹൗസിംഗ് വാടകക്കാർക്ക് അവർ താമസിച്ചുവരുന്ന വീടുകൾ പലപ്പോഴും ഗണ്യമായ ഡിസ്‌കൗണ്ട് റേറ്റിൽ വാങ്ങാൻ കഴിയുമായിരുന്നു.
1980-ൽ മാർഗരറ്റ് താച്ചറുടെ കൺസർവേറ്റീവ് ഗവൺമെൻ്റാണ് റൈറ്റ് ടു ബൈ അവതരിപ്പിച്ചത്. അതിനുശേഷം, രണ്ട് ദശലക്ഷത്തിലധികം വീടുകൾ വിറ്റു. രാജ്യത്തെ സാധാരണ കുടുംബങ്ങൾക്ക് ഇതുമൂലം മാർക്കറ്റ് നിരക്കിനേക്കാൾ വളരെ കുറഞ്ഞ നിരക്കിൽ വീടുകൾ സ്വന്തമാക്കാൻ കഴിഞ്ഞു.
എന്നാൽ സർക്കാരിന് പുതിയ താമസക്കാരെ പാർപ്പിക്കാൻ വീടുകൾ ഇല്ലാത്തതിനാൽ കുടിയേറ്റക്കാർ പലരും തെരുവിൽ പോലും ഇപ്പോൾ അന്തിയുറങ്ങേണ്ടി വരുന്നുവെന്നും ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ പറഞ്ഞു. ശൈത്യകാലത്ത് തലചായ്ക്കാൻ ഇടമില്ലാത്തവരെ സഹായിക്കാൻ 10 മില്യൺ പൗണ്ട് പ്രഖ്യാപിച്ചിരുന്നു.
റൈറ്റ് ടു ബൈ നയം തുടക്കത്തിൽ ഭവനങ്ങൾ വാങ്ങുന്നവരുടെ വർദ്ധനവിന് കാരണമായി കണക്കാക്കപ്പെട്ടിരുന്നു, എന്നാൽ അടുത്തിടെ ഭവനരഹിതരുടെ വർദ്ധനവിന് കാരണമായി ഈ സ്‌കീം കണക്കാക്കപ്പെടുന്നു.
വർഷാവസാനം തന്നെ മന്ത്രിമാർ ഈ വിഷയത്തിൽ കൂടിയാലോചന ആരംഭിക്കും. കൺസൾട്ടേഷനുശേഷം അടുത്തവർഷം ആദ്യംതന്നെ നിയമം പ്രാബല്യത്തിൽ വരുത്താനാണ് പദ്ധതിയിടുന്നത്.
ഇടയ്ക് നിർത്തിയ സ്‌കീം, 2012-ൽ കൺസർവേറ്റീവിൻ്റെ നേതൃത്വത്തിലുള്ള സഖ്യസർക്കാർ റൈറ്റ് ടു ബൈ വീണ്ടും സമാരംഭിച്ചു, ആ ഘട്ടത്തിൽ വാടകക്കാരന് അവരുടെ വീട് വാങ്ങുമ്പോൾ ലഭിക്കുന്ന ഡിസ്‌കൗണ്ട് വർദ്ധിപ്പിച്ചു.
നിലവിൽ ലണ്ടനിൽ ഒഴികെ ഇംഗ്ലണ്ടിലുടനീളം ശരാശരി വീടുകൾക്കുള്ള ഡിസ്‌കൗണ്ട് £102,400 ആണ്, ലണ്ടനിൽ ഇത് £136,400 ആണ്. എന്നാൽ ഡിസ്‌കൗണ്ട് £16,000 മുതൽ £38,000 വരെയാക്കി കുറയ്ക്കുമെന്ന് ലേബർ അറിയിച്ചു.
കൗൺസിൽ ഹൗസ് വിൽപ്പനയിൽ നിന്ന് ലഭിക്കുന്ന എല്ലാ പണവും പ്രാദേശിക അധികാരികൾക്ക് സൂക്ഷിക്കാൻ അനുവദിക്കുന്ന നടപടികളും കഴിഞ്ഞ മാസത്തെ ബജറ്റിൽ കണ്ടു, മുമ്പ്, ഓരോ വിൽപ്പനയുടെയും ഒരു അനുപാതം അവർ ട്രഷറിക്ക് നൽകണമായിരുന്നു. കഴിഞ്ഞ കൺസർവേറ്റീവ് സർക്കാരും 2024 മാർച്ച് വരെ രണ്ട് വർഷത്തേക്ക് ഈ നയം പിന്തുടർന്നു.
റൈറ്റ് ടു ബൈ സ്‌കീം 2016 ൽ സ്കോട്ട്‌ലൻഡിൽ അവസാനിപ്പിച്ചു, 2019 ൽ വെൽഷ് സർക്കാർ ഈ നയം നിർത്തി. എന്നാൽ ജനങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നതിനാൽ ഇംഗ്ലണ്ടിൽ ഇത് തുടരുകയായിരുന്നു.