പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നില്ലെന്ന് പറഞ്ഞ പ്രതിശ്രുത വരനെ വേണ്ടെന്ന് വെച്ച് ഭാവി വധു. ഫ്‌ലോറിഡ സ്വദേശിയായ യുവതിയാണ് തന്റെ പ്രതിശ്രുത വരനെ വേണ്ടെന്ന് വെച്ചത്.
വരന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ വിസമ്മതിച്ചുവെന്ന കാരണത്താല്‍ വിവാഹം കഴിക്കേണ്ട എന്നു തീരുമാനിച്ചത്. റെഡ്ഡിറ്റ് പോസ്റ്റിലൂടെയാണ് യുവതി തന്റെ തീരുമാനം അറിയിച്ചിരിക്കുന്നത്. ഭാവി വരന്റെ ഈ പ്രവര്‍ത്തിയെ താന്‍ ആശങ്കയോടെയാണ് കാണുന്നതെന്നും അതിനാല്‍ ഇതു പോലെയുള്ള ആളുമായി വിവാഹബന്ധം മുന്നോട്ടുകൊണ്ട് പോവാന്‍ ആഗ്രഹിക്കുന്നില്ലന്നും യുവതി ഈ പോസ്റ്റില്‍ പറഞ്ഞു.
യുവതിയുടെ കുറിപ്പിലെ പ്രധാന ഭാഗങ്ങള്‍ ഇങ്ങനെയായിരുന്നു; ''അദ്ദേഹത്തിന് ഒരു അന്ത്യശാസനം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ഇത് ശരിക്കും ഭയാനകമായി തോന്നുന്നു, ഞങ്ങളുടെ രാഷ്ട്രീയ വീക്ഷണങ്ങള്‍ വളരെ സാമ്യമുള്ളതാണ്. അതിനാല്‍ ഈ വോട്ട് ഒഴിവാക്കുന്നതില്‍ അദ്ദേഹം ഇത്ര നിസ്സംഗത കാണിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല, അവന്‍ വോട്ട് ചെയ്തില്ലെങ്കില്‍ എനിക്ക് അവനോടൊപ്പം തുടരാന്‍ കഴിയില്ലെന്ന് പറയുന്നത് ഭയാനകമാണോ?'' എന്റെ പ്രതിശ്രുതവരന്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യുന്നില്ല. അതിനാല്‍ എനിക്ക് ഒരു ധാര്‍മ്മിക പ്രതിസന്ധിയുണ്ട്. ഈ വിഷയത്തില്‍ ഞങ്ങളുടെ വിവാഹ നിശ്ചയം അവസാനിപ്പിക്കുന്നത് നാടകീയമാണോ?'' എന്നായിരുന്നു കുറിപ്പിലെ സാരം.
യുവതിയുടെ കുറിപ്പ് വളരെ വേഗത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായി. സമൂഹ മാധ്യമ ഉപയോക്താക്കളുടെ ഭാഗത്ത് നിന്നും സമ്മിശ്ര പ്രതികരണമാണ് യുവതിക്ക് ലഭിച്ചത്. നിങ്ങള്‍ക്ക് ന്യായം എന്ന് തോന്നുന്ന ഏത് കാര്യത്തിന്റെ അടിസ്ഥാനത്തിലും ഒരു ബന്ധത്തില്‍ നിന്നും പിന്മാറാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട് എന്നായിരുന്നു ചിലര്‍ കുറിച്ചത്. എന്നാല്‍, രാഷ്ട്രീയ ആശയങ്ങളും വ്യക്തി ജീവിതവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും ഓരോരുത്തര്‍ക്കും അവരവരുടെ തീരുമാനങ്ങളില്‍ ഉറച്ച് നില്‍ക്കാനുള്ള അവകാശം ഉണ്ടെന്നും മറ്റ് ചിലര്‍ കുറിച്ചു.