വാശിയേറിയ അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഇപ്പോൾ യുകെ മലയാളികൾ ആകാംക്ഷയോടെ മറ്റൊരു പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഫലത്തിനായി കാത്തിരിക്കുന്നു.
യുകെയിലെ ഏറ്റവും വലിയ നഴ്‌സസ് അസ്സോസിയേഷനായ റോയൽ കോളേജ് ഓഫ് നഴ്‌സിങിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മലയാളി ബിജോയ് സെബാസ്റ്റ്യൻ വിജയിക്കുമോ എന്നറിയാനാണ് ആ കാത്തിരിപ്പ്.
തിരഞ്ഞെടുപ്പ് ഫലമറിയാൻ ഇനി മൂന്നുനാളുകൾ മാത്രം ബാക്കിനിൽക്കെ, ബാലറ്റുകൾ പോസ്റ്റൽ വഴി കിട്ടിയിട്ടും ഇനിയും വോട്ടുചെയ്‌ത് തിരിച്ചയക്കാത്തവരോട് എത്രയുംവേഗം അയക്കുവാൻ ആവശ്യപ്പെടുകയാണ് ബിജോയ് സെബാസ്റ്റ്യൻ. ആർസിഎൻ പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന ആദ്യ മലയാളിയും യുകെയിലെ അറിയപ്പെടുന്ന ആക്ടിവിസ്റ്റും സംഘാടകനും ജീവകാരുണ്യ പ്രവർത്തകനുമാണ് ബിജോയ്.
നൂറുകണക്കിന് മലയാളി നഴ്‌സുമാരും ഹെൽത്ത് കെയർ അസിസ്റ്റന്റുമാരും ഇപ്പോഴും അവരുടെ കൈവശം ബാലറ്റുകൾ മറന്നുവച്ചിട്ടുണ്ടെന്ന് ബിജോയ് പറയുന്നു. പിന്നീട് അയക്കാം എന്നുകരുതി മറന്നുപോയിട്ടുള്ളതാണ്. അങ്ങനെയുണ്ടെങ്കിൽ എത്രയുംവേഗം വോട്ട് രേഖപ്പെടുത്തി ആ ബാലറ്റുകൾ അയക്കുവാനും ബിജോയ് അഭ്യർത്ഥിക്കുന്നു.
വോട്ടുചെയ്യുന്നതിനുള്ള പോസ്റ്റൽ ബാലറ്റ് ഇതിനകം തന്നെ എല്ലാ ആർ സി എൻ അംഗങ്ങളുടെയും അഡ്രസ്സിൽ എത്തിച്ചിട്ടുണ്ടെന്നു ഇലക്ഷൻ നടത്തുന്ന ഏജൻസി ആയ CIVICA എലെക്ഷൻ സെർവിസ്സ് (CES ) അറിയിച്ചിരുന്നു. വൈകിയെങ്കിലും മടിക്കാതെ ഇനിയും ബാലറ്റുകൾ തിരിച്ചയക്കാൻ എല്ലാവരും ശ്രദ്ധിക്കണം.
“നിങ്ങളുടെ വോട്ട് നിങ്ങളുടെ ശബ്ദമാണ്, നിങ്ങളുടെ ശബ്ദമാണ് ഞങ്ങളുടെ ഭാവി. കേൾക്കാനുള്ള അവസാന അവസരമാണിത്. നിങ്ങളുടെ ബാലറ്റ് എടുത്ത് ഇന്നുതന്നെ മെയിൽ ചെയ്യുക, നിങ്ങൾ ഇതിനകം ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങളുടെ സുഹൃത്തുക്കളെ ഓർമ്മിപ്പിക്കുക.” സോഷ്യൽ മീഡിയ സന്ദേശത്തിലൂടെ ബിജോയ് ഓർമ്മപ്പെടുത്തുന്നു.
കഴിഞ്ഞ ഏതാനും മാസങ്ങളായി വലിയൊരു കാമ്പെയിനാണ് ബിജോയിയും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ഇതിനായി നടത്തിവരുന്നത്. ആർസി.എൻ തലപ്പത്തേക്ക് ഇതാദ്യമായി ഒരുമലയാളി ജയിച്ചുകയറുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ആർസിഎൻ അംഗത്വമുള്ള മലയാളികളെല്ലാം മനസ്സുവച്ചാൽ, ആത്മാർത്ഥമായി സഹായിച്ചാൽ ആ അത്ഭുതം സംഭവിക്കും.
ആർസിഎൻ പ്രസിഡണ്ട് സ്ഥാനത്ത് ഒരു മലയാളി എത്തിയാൽ, യുകെ നഴ്‌സുമാരിലെ ഏറ്റവും വലിയ വിദേശ കുടിയേറ്റ വിഭാഗമായ മലയാളികൾക്ക് അത് ചരിത്ര വിജയമാകും എന്നുമാത്രമല്ല, നിരവധി ആവശ്യങ്ങൾ അധികൃതരുടെ മുന്നിലെത്തിക്കാനും മലയാളി നഴ്‌സുമാരുടെ ശബ്‌ദം ദേശീയ തലത്തിൽത്തന്നെ ഉയർത്താനും കഴിയും.
നവംബർ 11നാണ് റോയൽ കോളേജ് ഓഫ് നഴ്‌സിംഗിന്റെ 2024 തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം. ബിജോയ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനെ തുടർന്ന് നടത്തിയ കാമ്പെയിൻ മുഖാന്തരം സമീപവർഷങ്ങളിൽ യുകെയിലെത്തിയ ആയിരക്കണക്കിന് മലയാളി നഴ്‌സുമാരും ഹെൽത്ത് കെയർ അസിസ്റ്റന്റ്മാരും ആർ.സി.എൻ അംഗത്വം എടുത്തിരുന്നു.
തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാം എന്നതുമാത്രമല്ല, ശക്തമായ ഒരു ട്രേഡ് യൂണിയൻ കരിയറിലെ ആവശ്യങ്ങൾക്കെല്ലാം സഹായിയായി കൂടെയുണ്ടെന്ന ആതമവിശ്വാസമാണ് ആർസിഎൻ അസ്സോസിയേഷനിൽ ചേർന്ന ആയിരക്കണക്കിന് നഴ്‌സുമാർക്കും ഹെൽത്ത് കെയർ അസിസ്റ്റന്റുമാർക്കും ലഭിച്ചത്. ആർസിഎൻ അംഗങ്ങൾക്ക് നൽകിവരുന്ന സൗജന്യ സേവനങ്ങളും പലരേയും അതിശയപ്പെടുത്തുന്നു.
ആർസിഎൻ അംഗത്വമെടുത്ത ആയിരക്കണക്കിന് മലയാളി നഴ്‌സുമാരും ഹെൽത് കെയർ അസിസ്റ്റന്റ്മാരും നിലവിൽ അനുഭവിക്കുന്ന തൊഴിൽപരമായ ചൂഷണങ്ങളും വിസ തട്ടിപ്പുകളും ഇപ്പോൾ സധൈര്യം പുറത്തു പറഞ്ഞുതുടങ്ങി. തൊഴിലിടത്തെ അവകാശങ്ങളെ കുറിച്ചു ബോധവാന്മാരായ നിരവധി ജൂനിയർ നഴ്‌സുമാരാണ് അനുഭവങ്ങൾ സോഷ്യൽ മീഡിയയിലൂടെയും മറ്റും പങ്കുവയ്ക്കുന്നത്.
യൂണിയൻ മെമ്പർഷിപ് ഇല്ലാത്തത് കാരണം ഒറ്റയ്ക്ക് വർക്ക്പ്ലെസ്, സിക്ക്നെസ്/ ഡിസിപ്ലിനറി മീറ്റിങ്ങുകൾക്ക് പങ്കെടുത്ത്, കുടുക്കിലായ സംഭവങ്ങളും ഇപ്പോൾ നിരവധിപ്പേർ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ ഷെയർ ചെയ്യുന്നു.
അതേസമയം തന്നെ ബിജോയ്, എൻഎച്ച്എസ് വർക്കേഴ്‌സിന്റെ ശമ്പള വർദ്ധനവും ആനുകൂല്യങ്ങളും പ്രസിഡന്റിന്റെ ലക്ഷ്യങ്ങളിലെ മുൻഗണനാ വിഷയമാക്കിയത്; നിലവിൽ യുകെയിലുള്ള നഴ്‌സുമാർ അടക്കമുള്ള എൻഎച്ച് എസ് ജീവനക്കാരുടേയും പ്രതീക്ഷകൾ ഉയർത്തിയിട്ടുണ്ട്.
യുകെ മലയാളികളുടെ സാംസ്കാരിക സംഘടനകളും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളും ഗ്രൂപ്പുകളും ഓൺലൈൻ മാധ്യമങ്ങളും ചർച്ച സജീവമാക്കിയതോടുകൂടി; ബിജോയിയുടെ തികഞ്ഞ വിജയ പ്രതീക്ഷയാണ് ഇപ്പോൾ യുകെ മലയാളികൾ ഒന്നാകെ പങ്കുവെയ്ക്കുന്നത്.
സമയം വളരെ വൈകിക്കഴിഞ്ഞു. പതിനൊന്നാം തീയതിയ്ക്ക് മുമ്പെത്തുന്ന പോസ്റ്റൽ വോട്ടുകൾ എല്ലാം എണ്ണുമെന്നതിനാൽ, കൈയിൽ ബാലറ്റുണ്ടെങ്കിൽ അയക്കാൻ ഇനിയും മടിക്കരുതേ.. ഇത് യുകെ മലയാളി നഴ്‌സുമാരുടെ അപൂർവ്വ അവസരമാണ്.. നിങ്ങളുടെ ശബ്ദമാണ്… ബിജോയിയുടെ വിജയത്തിനായി ഒത്തൊരുമയോടെ പരിശ്രമിക്കാം.. പ്രതീക്ഷയോടെ കാത്തിരിക്കാം.