ലണ്ടന്‍: ചില പുരാതനമായ സാധനങ്ങള്‍ക്ക് അതിന്റെ മൂല്യത്തിന് അനുസരിച്ച് വലിയ വിലയായിരിക്കും. എന്നാല്‍ അത്തരത്തില്‍ ഒരു കേക്ക് അതിന്റെ പഴക്കവും മൂല്യവും അനുസരിച്ച് ലക്ഷങ്ങള്‍ ആണ് വിലയെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ സാധിക്കുമോ?
77 വര്‍ഷം പഴക്കമുള്ള ഒരു കഷ്ണം കേക്കിന്റെ കാര്യമാണ് പറയുന്നത്. സംഭവം എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പ് രാജകുമാരന്റെയും രാജകീയ വിവാഹത്തിലെ കേക്കാണ്. 1947 ലെ രാജകീയ വിവാഹത്തിലെ കേക്കിന്റെ കഷ്ണം ലേലത്തിന് വിറ്റത് ഞെട്ടിക്കുന്ന വിലയ്ക്കാണ്. 2,200 പൗണ്ട് (ഏകദേശം 2.40 ലക്ഷം രൂപ)യാണ് ലേല തുക. 1947 നവംബര്‍ 20 നായിരുന്നു എലിസബത്ത് രാജ്ഞിയുടെ വിവാഹം. അന്നുമുതല്‍ സംരക്ഷിക്കപ്പെടുന്ന വളരെ അപൂര്‍വമായ കേക്കിന്റെ കഷ്ണമാണ് വിറ്റു പോയത്.
വലിയ മാറ്റങ്ങളൊന്നും കേക്കില്‍ വന്നിട്ടില്ല. കേക്ക് അതിന്റെ യഥാര്‍ത്ഥ പെട്ടിയോടുകൂടി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങളുടെ പഴക്കമുള്ളതില്‍ ഇത് കഴിക്കാന്‍ അനുയോജ്യമല്ല. എന്നാല്‍ ഈ കേക്കിന്‍ കഷ്ണത്തിന്റെ യഥാര്‍ത്ഥ അവകാശി സ്‌കോട്ട്‌ലന്‍ഡിലെ എഡിന്‍ബര്‍ഗിലെ ഹോളിറൂഡ് ഹൗസിലെ വീട്ടുജോലിക്കാരിയായ മരിയോണ്‍ പോള്‍സണ്‍ ആയിരുന്നു. ഇവര്‍ക്ക് ബക്കിംഗ്ഹാം കൊട്ടാരത്തില്‍ നിന്ന് സമ്മാനമായി ലഭിച്ചതാണ് ഈ കേക്കിന്റെ കഷ്ണം.
1931 മുതല്‍ 1969 വരെ ഹോളിറൂഡ്ഹൗസ് കൊട്ടാരത്തിലെ വീട്ടുജോലിക്കാരിയായിരുന്നു മരിയോണ്‍ പോള്‍സണെന്ന് ലേല സ്ഥാപനമായ റീമാന്‍ ഡാന്‍സി പറഞ്ഞു. കേക്കിനൊപ്പം, വിവാഹ സമ്മാനത്തിന് നന്ദി പറഞ്ഞുകൊണ്ട് മരിയോണിന് എലിസബത്തില്‍ നിന്ന് ഒരു സ്വകാര്യ കത്തും ലഭിച്ചിരുന്നു. എന്നാല്‍ യഥാര്‍ത്ഥ വിവാഹ കേക്ക് ഒമ്ബത് അടി ഉയരവും 500 പൗണ്ട് (ഏകദേശം 227 കിലോഗ്രാം) ഭാരവുമുള്ളതായിരുന്നു.
ദമമ്പതികളുടെ ഇഷ്ട വിനോദങ്ങളെ പ്രതിനിധീകരിക്കുന്ന പഞ്ചസാര ശില്‍പങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂറ്റന്‍ കേക്കിലെ 2,000 കഷ്ണങ്ങള്‍ വിവാഹത്തില്‍ പങ്കെടുത്ത അതിഥികള്‍ക്ക് നല്‍കി. കൂടുതല്‍ ഭാഗങ്ങള്‍ ചാരിറ്റികള്‍ക്കും സംഘടനകള്‍ക്കും വിതരണം ചെയ്തു. അവരുടെ ആദ്യത്തെ കുട്ടിയായ ചാള്‍സ് രാജകുമാരന്റെ നാമകരണത്തിനായി ഒരു ഒരു നില കേക്ക് സംരക്ഷിക്കപ്പെട്ടു. ഏതാനും കഷ്ണങ്ങള്‍ വര്‍ഷങ്ങളായി സംരക്ഷിക്കപ്പെടുകയും ലേലം ചെയ്യുകയും ചെയ്യുന്നുണ്ട്. 2013-ല്‍, 1947-ലെ കേക്കിന്റെ മറ്റൊരു കഷ്ണം ലേലം ചെയ്തു, 1,750 പൗണ്ട് (ഏകദേശം1.91 ലക്ഷം രൂപ ) ആണ് ഇതിന് ലഭിച്ചത്.