ലണ്ടന്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ യുകെ, യൂറോപ്പ് ആന്‍ഡ് ആഫ്രിക്ക ഭദ്രസനത്തിന്റെ മാതൃദേവാലയമായ ലണ്ടന്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലിലെ ഇടവക പെരുന്നാള്‍ ആരംഭിച്ചു. നവംബര്‍ 2 ന് ഇടവകയുടെ കാവല്‍ പിതാവായ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മ്മയില്‍ ആരംഭിച്ച പെരുന്നാളിന്റെ പ്രധാന ശുശ്രൂഷകള്‍ ഇന്നും നാളെയും നടക്കും.
ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നിരണം ഭദ്രാസനാധിപന്‍ അഭി.ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത മുഖ്യകാര്‍മ്മികത്വം വഹിക്കുമെന്ന് ഇടവക വികാരി ഫാ. നിതിന്‍ പ്രസാദ് കോശി അറിയിച്ചു. ഇന്ന് രാവിലെ 8.30 മുതല്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള തീര്‍ഥാടന പദയാത്ര നടക്കും.
ലണ്ടനിലെ വിവിധ ഓര്‍ത്തഡോക്‌സ് ഇടവകളില്‍ നിന്നും പ്രാര്‍ഥന കൂട്ടായ്മകളില്‍ നിന്നും തീര്‍ഥാടകര്‍ പദയാത്രയായി കത്തീഡ്രലിലേക്ക് എത്തി ചേരും. ഉച്ചയ്ക്ക് 12 മണിക്ക് തീര്‍ഥാടകകര്‍ക്കുള്ള സ്വീകരണവും ഉച്ച നമസ്‌കാരവും കഞ്ഞി നേര്‍ച്ചയും നടക്കും. വൈകിട്ട് 5.45 ന് സന്ധ്യ നമസ്‌കാരവും 6.30 ന് പുണ്യസ്മൃതിയും ശ്ലൈഹീക വാഴ്വും 7 ന് അഭി.ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്തയുടെ നേതൃത്വത്തില്‍ വചന ശുശ്രൂഷയും ഉണ്ടാകും.
പ്രധാന പെരുന്നാള്‍ ദിവസമായ നവംബര്‍ 10ന് രാവിലെ 8.30 ന് പ്രഭാത നമസ്‌ക്കാരവും 9.30 ന് വിശുദ്ധ കുര്‍ബാനയും നടക്കും. തുടര്‍ന്ന് 11 ന് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നഗരം ചുറ്റിയുള്ള ഭക്തി നിര്‍ഭരമായ റാസയും 11.30 ന് ശ്ലൈഹീക വാഴ്വും 12 ന് റാഫിള്‍ ഡ്രോയും 12.15 ന് നേര്‍ച്ചവിളമ്പും നടക്കും. 1 മണിക്ക് പെരുന്നാള്‍ കൊടിയിറക്ക് നടക്കും. പെരുന്നാള്‍ ക്രമീകരണങ്ങള്‍ക്ക് ഇടവക ട്രസ്റ്റി ജേക്കബ് മാത്യു, സെക്രട്ടറി ജോര്‍ജ് ജേക്കബ്, പെരുന്നാള്‍ കണ്‍വീനര്‍ വര്‍ഗീസ് ജോസഫ് (അജോ) എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
കത്തീഡ്രലിന്റെ വിലാസം:
St Gregorios Indian Orthodox Cathedral,
Cranfield Rd,
London SE4 1UF