ലഖ്നൗ: സ്ത്രീകളുടെ വസ്ത്രത്തിന് അളവെടുക്കാന്‍ പുരുഷന്മാര്ക്ക് വിലക്കേര്‍പ്പെടുത്താനൊരുങ്ങി ഉത്തര്‍പ്രദേശ് വനിതാ കമ്മീഷന്. ജിം, യോഗ കേന്ദ്രങ്ങളില്‍ പുരുഷ ട്രെയിനര്‍മാര്‍ സ്ത്രീകള്‍ക്ക് പരിശീലനം നല്‍കേണ്ടതില്ലെന്നും തീരുമാനത്തില്‍ പറയുന്നു. സ്കൂള്‍ ബസുകളില്‍ വനിതാ ആയമാരെ നിയോഗിക്കുക, സ്ത്രീകളുടെ സ്റ്റോറുകളില്‍ സ്ത്രീകളെ നിയോഗിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളും കമ്മീഷന് മുന്നോട്ടുവെയ്ക്കുന്നുണ്ട്. സംസ്ഥാനത്ത് സ്ത്രീ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.
ഒക്ടോബര്‍ 28ന് ലഖ്നൗവില്‍ സംഘടിപ്പിച്ച യോഗത്തിനിടെയായിരുന്നു ഈ സുരക്ഷ പദ്ധതികളെ കുറിച്ച് ചര്‍ച്ച നടന്നത്. ചര്‍ച്ചകള്‍ ആദ്യ പടി മാത്രമാണെന്നും ഇവ നടപ്പിലാക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും കമ്മീഷന് അംഗം പറഞ്ഞു. സ്ത്രീകള്‍ വസ്ത്രം തയ്ക്കാനെത്തുന്ന സ്ഥലങ്ങളില്‍ അളവെടുക്കുന്നതിന് വനിതകളെ നിയോഗിക്കണം. ഒപ്പം ഈ ഭാഗങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നും യോഗത്തില്‍ നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു.
സംസ്ഥാന വനിതാ കമ്മീഷന് അധ്യക്ഷ ബബിത ചൗഹാനാണ് നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. സലൂണുകളിലും സ്ത്രീകളുടെ മുടി വെട്ടാന്‍ സ്ത്രീകള്‍ മതിയെന്ന നിര്‍ദ്ദേശവും ഉയര്‍ന്നിട്ടുണ്ട്. പുരുഷന്മാരുടെ സ്പര്‍ശനം ഒഴിവാക്കാനാണിത്. എല്ലാ പുരുഷന്മാരും മോശമായ ഉദ്ദേശ്യത്തോടെയല്ല പെരുമാറുന്നതെന്നും സ്ത്രീകള്‍ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും ബബിത ചൗഹാന് കൂട്ടിച്ചേര്‍ത്തു. പുറത്തുവിട്ടിരിക്കുന്നത് നിര്‍ദേശങ്ങള്‍ മാത്രമാണെന്നും സാധ്യതകള്‍ പരിശോധിച്ച് ഇവ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അംഗങ്ങള്‍ അറിയിച്ചു.