ബെൽഫാസ്റ്റിൽ മലയാളി കുടുംബനാഥനെ അപ്രതീക്ഷിതമായി മരിച്ചനിലയിൽ കണ്ടെത്തി. രണ്ടു മക്കളും ബെൽഫാസ്റ്റിൽ തന്നെ നഴ്സായ ഭാര്യയും അടങ്ങുന്ന കുടുംബവും ഇംഗ്ലണ്ടിലുള്ള സഹോദരിയും അപ്രതീക്ഷിത മരണവാർത്ത വിശ്വസിക്കാനാകാതെ വേദനയിൽ കഴിയുന്നു.
ഇടുക്കി മൂലമറ്റം സ്വദേശി ചെങ്കരയില്‍ ബിനോയ് അഗസ്റ്റിന്, 49, ആണ് മരണമടഞ്ഞത്. രോഗബാധിതനായി കുറച്ചുനാളുകളായി ചികിത്സയിലായിരുന്നു ബിനോയ് എന്നാണ് കുടുംബാംഗങ്ങൾ നൽകുന്ന വിവരം. എങ്കിലും മരണകാരണം ആകത്തക്കവിധം അസുഖം മൂർഛിച്ചിരുന്നില്ല.
വ്യാഴാഴ്ച രാവിലെയാണ് ബിനോയിയുടെ മരണവിവരം കുടുംബാംഗങ്ങൾ അറിയുന്നത്. ജോലിസ്ഥലത്തെ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ബെല്‍ഫാസ്റ്റ് സിറ്റി ആശുപത്രിയില്‍ മെറ്റീരിയല്‍സ് സര്‍വീസസില്‍ ഓഫീസറായിരുന്നു.
ഭാര്യ ഷൈനി ബെൽഫാസ്റ്റ് ജോണ്‍ മറ്റെര് ഹോസ്പിറ്റലില്‍ നഴ്സ് ആണ്. വിദ്യാര്‍ത്ഥികളായ ബിയോണ്, ഷന, ഫ്രയ എന്നിവരാണ് മക്കള്‍. ബിനോയിയുടെ സഹോദരിയും കുടുംബവും യുകെയിലുണ്ട്. സഹോദരിയും ഇംഗ്ലണ്ടിലെ ആശുപത്രിയിൽ നഴ്സാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലേക്ക് കുടിയേറിയ ബിനോയ് സാംസ്കാരിക സാമൂഹിക രംഗങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ഫിലോസഫിയില്‍ ഡോക്ടറേറ്റ് നേടിയിട്ടുള്ള ബിനോയ് ഫോര്‍ധം യൂണിവേഴ്സിറ്റിയിലെ എംബിഎ ബിരുദധാരിയും ആയിരുന്നു.
കൂടുതൽ നല്ല ജോലിയ്ക്കും മറ്റുമായി ശ്രമിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി അസുഖബാധിതൻ ആകുന്നത്. ഇപ്പോൾ അസുഖം മാറിവരുന്നതിനിടെ, അപ്രതീക്ഷിതമായി ബിനോയിയുടെ ജീവനും മരണം കവർന്നു.
അസുഖബാധിതൻ ആയതോടെ കുറച്ചുനാളുകളായി ബിനോയ്, സാമൂഹിക - അസോസിയേഷൻ പ്രവർത്തനങ്ങളിൽ നിന്നകന്ന്, ചികിത്സയും മറ്റുമായി കഴിയുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു.
സഹോദരിയും കുടുംബവും യുകെയിൽ ആയതിനാൽ സംസ്കാരം ബെല്‍ഫാസ്റ്റില്‍ തന്നെ നടത്താനാണ് കുടുംബാംഗങ്ങളുടെ തീരുമാനം. കുടുംബത്തിന് പിന്തുണയുമായി ബെൽഫാസ്റ്റ് മലയാളി കൂട്ടായ്മകളും കൂടെയുണ്ട്.