വെളുക്കാൻ തേച്ചത് പാണ്ടായി എന്ന് പറയുന്ന അവസ്ഥയിലാണ് ഇപ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി കിയെർ സ്റ്റാർമറും നമ്പർ 10 ലെ ഉദ്യോഗസ്ഥരും. യുകെയിലെ ഇന്ത്യൻ വംശജരെ പ്രീണിപ്പിക്കാൻ നടത്തിയ ദീപാവലി പാർട്ടി, ഇപ്പോൾ അവരുടെ വലിയ പ്രതിഷേധത്തിന് കാരണമാകുന്നു.
പ്രധാനമന്ത്രിയുടെ ദീപാവലി ആഘോഷത്തിൽ മദ്യവും ഉത്സവവും വിളമ്പിയതിൽ പ്രതിഷേധിച്ച് രൂക്ഷ വിമർശനമാണ് ഇപ്പോൾ ഇന്ത്യൻ ഹൈന്ദവ ഗ്രൂപ്പുകളിൽ നിന്ന് ഉയരുന്നത്. യുകെയിലെ ഏറ്റവും വലിയ കുടിയേറ്റ സമൂഹമാണ് ഇന്ത്യൻ വംശജർ. അവരിൽ തന്നെ ബഹുഭൂരിഭാഗവും ഹൈന്ദവ സമുദായത്തിൽ നിന്നുള്ളവരാണ്.
അതുകൊണ്ടുതന്നെയാണ് എല്ലാ വർഷവും പ്രധാനമന്ത്രിയുടെ ഓഫീസിൽ ഹൈന്ദവ സമൂഹത്തിനും മറ്റു ക്ഷണിക്കപ്പെട്ട ഇന്ത്യൻ അതിഥികൾക്കുമായി ദീപാവലി പാർട്ടി നടത്താറുള്ളത്.
യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ 10-ാം നമ്പർ ഡൗണിംഗ് സ്ട്രീറ്റിൽ നടന്ന ഇക്കൊല്ലത്തെ ദീപാവലി ആഘോഷം ബ്രിട്ടീഷ് ഇന്ത്യക്കാർക്കിടയിൽ വിവാദം സൃഷ്ടിക്കുന്നു. ചടങ്ങ് ദീപാവലിയുടെ മതപരമായ പ്രാധാന്യത്തെ അനാദരിക്കുന്നതാണെന്ന വിമർശനമാണ് ഹൈന്ദവ സംഘടനകൾ ഉയർത്തിയിട്ടുള്ളത്.
ഇന്ത്യൻ ഹൈന്ദവ ഗ്രൂപ്പുകളിലെ ക്ഷണിക്കപ്പെട്ട അതിഥികൾക്കു പുറമേ, വിവിധ കമ്മ്യൂണിറ്റി മേലധ്യക്ഷന്മാർ, ലേബർ എംപിമാർ, ലേബർ കൗൺസിലർമാർ, ബ്രിട്ടീഷ് സായുധ സേനാംഗങ്ങൾ, പ്രത്യേകം ക്ഷണിക്കപ്പെട്ട വിവിധ രംഗത്തെ പ്രമുഖർ എന്നിവർ വാർഷിക പരിപാടിയിൽ പങ്കെടുത്തു.
പതിവുപോലെ പ്രാർഥനകൾ, ദീപം തെളിയിക്കൽ, പ്രധാനമന്ത്രിയുടെ പ്രസംഗം, പരമ്പരാഗത ഇന്ത്യൻ നൃത്തം എന്നിവ പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. ഒക്ടോബർ 29 നാണ് പ്രധാനമന്ത്രിയുടെ വസതിയിൽ പാർട്ടിയും ആഘോഷ പരിപാടികളും അരങ്ങേറിയത്.
പരിപാടിയ്ക്കിടെ നടത്തിയ വിഭവസമൃദ്ധമായ ഡിന്നറിൽ ആട്ടിൻ കബാബുകളും മത്സ്യവും ബിയറും വൈനും വിളമ്പുന്നത് കണ്ട് പങ്കെടുത്ത സസ്യഭുക്കുകളായ ചില ഹൈന്ദവ വിശ്വാസികൾ ഞെട്ടി. ചിലർ കാറ്ററിംഗ് ജീവനക്കാരോട് അനിഷ്ടം പ്രകടിപ്പിക്കുകയും സദ്യ ബഹിഷ്‌കരിക്കുകയും ചെയ്തു.
എന്നാൽ ഈ പ്രതിഷേധങ്ങൾക്കിടയിലും ആവശ്യക്കാർക്ക് മദ്യവും മാംസവും യഥേഷ്ടം വിളമ്പുകയും ചെയ്‌തു. ഇതാണ് വിരുന്നും പ്രോഗ്രാമും കഴിഞ്ഞശേഷവും രൂക്ഷ വിമർശനവുമായി ഏത്താൻ പലരേയും പ്രേരിപ്പിച്ചത്.
കഴിഞ്ഞവർഷം പ്രധാനമന്ത്രിയായിരുന്ന ഋഷി സുനക്ക് ദീപാവലി പാർട്ടി നടത്തിയപ്പോൾ മദ്യവും മാംസവും വിളമ്പിയിരുന്നില്ല. അതിനാൽ ഈ വ്യത്യാസം പലരേയും അതിശയപ്പെടുത്തി. ഇത് കുറ്റകരവും വെറുപ്പുളവാക്കുന്നതും ദീപാവലി ആഘോഷത്തിൻ്റെ ആത്മീയ അടിത്തറ കളങ്കപ്പെടുത്തുന്നതുമാണെന്നും ഹൈന്ദവ വിശ്വാസികൾ കുറ്റപ്പെടുത്തുന്നു.
"ദീപാവലിയുടെ മതപരമായ പ്രാധാന്യം നശിപ്പിക്കരുത്..." ബ്രിട്ടീഷ് ഹിന്ദുക്കളുടെയും ഇന്ത്യക്കാരുടെയും സാമൂഹിക പ്രസ്ഥാനമായ ഇൻസൈറ്റ് യുകെയുടെ വക്താവ് പറഞ്ഞു:
"ദീപാവലി ഒരു ആഘോഷത്തിനുള്ള സമയം മാത്രമല്ല, ആഴത്തിലുള്ള മതപരമായ അർത്ഥവും ഉൾക്കൊള്ളുന്നു. ദീപാവലി എന്ന പവിത്രമായ ഉത്സവം വിശുദ്ധിക്കും ഭക്തിക്കും ഊന്നൽ നൽകുന്നു, അതിനാൽ പരമ്പരാഗതമായി സസ്യാഹാര ഭക്ഷണവും അതോടൊപ്പം മദ്യം കർശനമായി ഒഴിവാക്കലും ഉൾപ്പെടുന്നു. പ്രധാനമന്ത്രി തന്നെ ആതിഥേയത്വം വഹിച്ച ദീപാവലി ആഘോഷത്തിലെ മെനു തിരഞ്ഞെടുത്തത്, ദീപാവലി ആഘോഷവുമായി ബന്ധപ്പെട്ട മതപാരമ്പര്യങ്ങളെ കുറിച്ചുള്ള ധാരണയോ ആദരവിൻ്റെയോ വലിയ അഭാവമാണ് കാണിക്കുന്നത്.” ഇൻസ്റ്റാഗ്രാമിലെ ഒരു പ്രസ്താവനയിൽ ഇൻസൈറ്റ് യുകെ പറഞ്ഞു.
പ്രതിഷേധം പ്രകടിപ്പിച്ച് ഇൻസൈറ്റ് യുകെ നമ്പർ 10-ന് കത്തെഴുതുകയും ചെയ്‌തിട്ടുണ്ട്. ഇക്കാര്യത്തിൽ ഖേദം പ്രകടിപ്പിച്ച് പ്രസ്താവന പുറപ്പെടുവിക്കണമെന്നും ഭാവി പരിപാടികളിൽ ഇത്തരം തെറ്റുകൾ ആവർത്തിക്കരുതെന്നും കത്തിൽ ആവശ്യപ്പെടുന്നു.
എന്നാൽ പ്രധാനമന്ത്രി കിയെർ സ്റ്റാർമാറോ നമ്പർ 10 വക്താക്കളോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ഹൈന്ദവർക്കു പുറമെ, മറ്റു വിഭാഗക്കാരെക്കൂടി പങ്കെടുപ്പിച്ച് നടത്തിയ പരിപാടി ആയതിനാൽ ഇത്തരം വിഭവങ്ങൾ ഉൾപ്പെടുത്തുന്നത് തടയാനാകില്ലെന്ന അനൗദ്യോഗിക മറുപടിയാണ് ഡൗണിങ് സ്ട്രീറ്റിൽ നിന്നും ലഭിക്കുന്നത്. ഇക്കാര്യത്തിൽ തികഞ്ഞ നിസ്സംഗതയും പ്രധാനമന്ത്രിയുടെ ഓഫീസ് പുലർത്തുന്നു.