അമിത വേഗതയില്‍ പിറകിലേക്ക് എടുത്ത കാര്‍ തട്ടി മരിച്ച വയനാട് സ്വദേശിയുടെ മൃതദേഹം ഖബറടക്കി. അപകടത്തില്‍ ഗുരുതര പരുക്കുകളോടെ ബുറൈദ സെന്‍ട്രല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇയാള്‍. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി കൊക്കനാടന്‍ വീട്ടില്‍ മുഹമ്മദ് റാഫിയുടെ (54) മൃതദേഹം ബുറൈദ ഖലീജ് മഖ്ബറയില് ആണ് ഖബറടക്കിയത്.
പ്രവാസി സംഘം ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നിയമനടപടികള്‍ പൂര്‍ത്തിയാക്കി. ഖബറടക്കത്തില്‍ വന്‍ ജനാവലി പങ്കെടുത്തു. ഒക്ടോബര്‍ 28 നാണ് അപകടം. രാത്രി സുഹൃത്തിനൊപ്പം ബുറൈദ ദാഹിലിയ മാര്‍ക്കറ്റില്‍ (സൂഖ് ദാഹിലിയ) ജോലി കഴിഞ്ഞ് കടയില്‍ നിന്നും അവശ്യ സാധനങ്ങള്‍ വാങ്ങി നടന്നുവരുമ്പോഴായിരുന്നു അപകടം. പിന്നില്‍ നിന്നും അമിത വേഗതയില്‍ വന്ന കാര്‍ റാഫിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ ഉടന്‍ തന്നെ ബുറൈദ സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എങ്കിലും അഞ്ചാം ദിവസം മരണപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
കൊക്കനാടന്‍ വീട്ടില്‍ മുഹമ്മദ് മരക്കാര്‍ - ഖദീജ മുഹമ്മദ് ദമ്പതികളുടെ മകനാണ്. 32 വര്‍ഷമായി ബുറൈദയില്‍ തയ്യല്‍ ജോലി ചെയ്യുകയായിരുന്നു. ഖസീം പ്രവാസി സംഘം ശാര സനാഇയ യൂനിറ്റ് അംഗമായിരുന്ന റാഫി പ്രദേശത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കുമിടയില്‍ ഒരുപോലെ സ്വീകാര്യതയുള്ള വ്യക്തികൂടിയയിരുന്നു. ഭാര്യ: ഹാജറ. അനസ്, അനീഷ്, റഫാന് എന്നിവര്‍ മക്കളാണ്.