കളം വിടാനൊരുങ്ങി വിസ്താര. വിസ്താരയും എയര്‍ ഇന്ത്യയും തമ്മിലുള്ള ലയനം പൂര്‍ത്തിയാകുന്ന ഇന്ന് വിസ്താരയുടെ അവസാന സര്‍വീസ് ടേക്ക് ഓഫ് നടക്കും. നാളെ മുതല്‍ ടാറ്റ ഗ്രൂപ്പിനു കീഴില്‍ 'എയര്‍ ഇന്ത്യ' എന്ന ബ്രാന്‍ഡില്‍ മാത്രമാകും സേവനങ്ങള്‍ ഉണ്ടാകുക.
ലയനം പൂര്‍ത്തിയാകുന്നതോടെ ടാറ്റ ഗ്രൂപ്പിനു കീഴില്‍ ഫുള്‍ സര്‍വീസ് കമ്പനിയായി എയര്‍ ഇന്ത്യ, നിരക്കു കുറഞ്ഞ വിമാനക്കമ്പനിയായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിങ്ങനെ രണ്ടു ബ്രാന്‍ഡുകളാകും അവശേഷിക്കുക. വിസ്താരയെ എയര്‍ ഇന്ത്യയിലും പഴയ എയര്‍ ഏഷ്യ ഇന്ത്യ, എഐഎക്‌സ് കണകിനെ എയര്‍ ഇന്ത്യ എക്‌സ്പ്രസിലുമാണ് ലയിപ്പിക്കുന്നത്.
ലയനത്തോടെ 61.3 ശതമാനം വിപണി വിഹിതമുള്ള ഇന്‍ഡിഗോയും 28.9 ശതമാനം വിപണി വിഹിതമുള്ള ടാറ്റ ഗ്രൂപ്പുമാകും ഇന്ത്യന്‍ വ്യോമയാന വിപണിയെ ഇനി മുതല്‍ നിയന്ത്രിക്കുക. ബാക്കിയുള്ള സ്‌പൈസ് ജെറ്റ്, ആകാശ എയര്‍, അലയന്‍സ് എയര്‍ എന്നിവയെല്ലാം കൂടി ചേര്‍ന്നാലും പത്തു ശതമാനത്തില്‍ താഴെ മാത്രമാണ് വിപണിയില്‍ പങ്കാളിത്തമുള്ളത്. ഇത് നിരക്കുകളിലെ മത്സരം കുറയ്ക്കുമെന്ന ആശങ്ക ശക്തമാണ്. പാപ്പരത്ത നടപടി നേരിടുന്ന ഗോ ഫസ്റ്റും ജെറ്റ് എയര്‍വേസും ലിക്വിഡേഷനിലേക്കു കടക്കുകയാണ്. ഇന്‍ഡിഗോയ്ക്ക് 413 വിമാനങ്ങളാണ് സേവനത്തിനുള്ളത്. ടാറ്റ ഗ്രൂപ്പിന് 300 വിമാനങ്ങളുണ്ട്.