എല്ലാവരും ഏറെ കാത്തിരുന്ന സീപ്ലെയിനിന്റെ പരീക്ഷണപ്പറക്കല്‍ ഫ്ലാഗ് ഓഫ് ചെയ്തു. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ആണ് ഫ്ലാഗ് ഓഫ് ചെയ്തത്. മന്ത്രിമാരായ പി.രാജീവ്, വി.ശിവന്‍കുട്ടി എന്നിവരും ചടങ്ങിനെത്തിയിരുന്നു.
കൊച്ചി ബോള്‍ഗാട്ടി കായലില്‍ നിന്ന് ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടിലേക്കാണ് ആദ്യ പരീക്ഷണപ്പറക്കല്‍. സീപ്ലെയിന്‍ പദ്ധതി വരുന്നതോടെ ടൂറിസം വികസിക്കുമെന്നും വിനോദ സഞ്ചാര മേഖലയില്‍ കുതിപ്പിന് വേഗം നല്‍കുമെന്നും റിയാസ് പറഞ്ഞു.
കൂടുതല്‍ സ്ഥലത്തേക്ക് സീ പ്ലെയിന്‍ പദ്ധതി വ്യാപിപ്പിക്കുമെന്നും ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി രാവിലെ 9 മുതല്‍ 11 വരെ, ബോള്‍ഗാട്ടിക്ക് പരിസരത്തുള്ള കായലില്‍ ബോട്ടുകള്‍ സര്‍വീസ് നടത്തുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ഇന്നലെയാണ് സീ പ്ലെയിന്‍ കൊച്ചിയിലെത്തിയത്. മാട്ടുപ്പെട്ടിയില്‍ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം സീപ്ലെയിന്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് തിരിക്കും.
അതേസമയം മാട്ടുപെട്ടി ഡാം പദ്ധതിയുടെ ഭാഗമാക്കുന്നതില്‍ ആശങ്ക അറിയിച്ച് വനം വകുപ്പ് രംഗത്തെത്തി. ഡാം ആനത്താരയുടെ ഭാഗമാണ്. വിമാനം ഇറങ്ങുന്നത് വന്യമൃഗങ്ങളില്‍ പ്രകോപനം സൃഷ്ടിക്കും. സംയുക്ത പരിശോധനയിലാണ് വനം വകുപ്പ് ആശങ്ക അറിയിച്ചത്.