ചെറിയൊരു ഇടവേളയ്ക്കുശേഷം വീണ്ടും രംഗബോധമില്ലാത്ത കോമാളിയെപ്പോലെ യുകെ മലയാളികളെത്തേടി ഒന്നിനുപിന്നാലെ ഒന്നായി മരണമെത്തി. രണ്ടുദിവസത്തിനിടെ, ജീവിച്ചു കൊതിതീർന്നിട്ടില്ലാത്ത മൂന്നുപേരെ മരണം കവർന്ന വാർത്ത യുകെ മലയാളികളെ ഒന്നാകെ കണ്ണുനീരിലാഴ്ത്തുന്നു.
സ്റ്റോക്ക്പോർട്ടിൽ നിർമ്മല നെറ്റോയും കെന്റിലെ മെയ്ഡ്സ്റ്റോണിൽ പോൾ ചാക്കോയും ലിങ്കൺഷൈറിൽ അഥീനയെന്ന പിഞ്ചോമനയും വിടപറഞ്ഞു.
ലിങ്കൺഷൈറിലെ പീറ്റര്‍ബറോയില്‍ താമസിക്കുന്ന മലയാളി ദമ്പതികളുടെ മകള്‍ 11 മാസം മാത്രം പ്രായമുള്ള അഥീനയെന്ന പിഞ്ചുകുഞ്ഞിന്റെ മരണവാർത്തയാണ് ആദ്യമെത്തിയത്. ഒന്നാം പിറന്നാള്‍ ആഘോഷിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോഴാണ് പെരുമ്പാവൂര്‍ സ്വദേശികളായ ജിനോ ജോര്‍ജിന്റെയും അനിതാ ജിനോയുടേയും മകളെ ശനിയാഴ്ച്ച വിധിയുടെ ക്രൂരത തട്ടിയെടുത്തത്.
പനി കൂടി കുഞ്ഞിന് ന്യൂമോണിയ ആയി മാറുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. അതേത്തുടർന്നുള്ള ഹൃദയാഘാതമാണ് മരണ കാരണമെന്നും പറയുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി കുട്ടി വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുകയായിരുന്നു.
പനിയും ശ്വാസതടസവും മൂലം ആദ്യം പീറ്റര്‍ബറോ എന്‍എച്ച്എസ് ആശുപത്രിയില്‍ ജിപി റഫറന്‍സില്‍ പ്രവേശിപ്പിച്ചു. രോഗം കൂടിയതിനെ തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കേംബ്രിജ് ആഡംബ്രൂക്ക് എന്‍എച്ച്എസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
അവിടെ വെന്റിലേറ്ററില്‍ ചികിത്സയില്‍ തുടരവേയാണ് ശനിയാഴ്ച്ച പുലര്‍ച്ചെ 4 മണിയോടെ അഥീനമോൾ മാതാപിതാക്കളെ സങ്കടക്കടലിലാക്കി വിടപറഞ്ഞത്.
അതിനിടെ ആദ്യം പ്രവേശിപ്പിച്ച ആശുപത്രികളിൽ നിന്നും ലഭിച്ച ചികിത്സകളിൽ വന്ന വീഴ്ച്ചയാണ് അഥീന മോളുടെ മരണത്തിന് കാരണമെന്നും കുട്ടിയുടെ മാതാപിതാക്കളുടെ ചില സുഹൃത്തുക്കൾ ആരോപിക്കുന്നു.
ഞായറാഴ്ചയാണ് സ്റ്റോക്ക്‌പോർട്ടിലെ നിർമ്മല നെറ്റോയുടെ വിയോഗവാർത്ത എത്തിയത്. ഒരിക്കൽ പരിചയപ്പെട്ടവരുടെയെല്ലാം മനസ്സിൽ ഇടംപിടിച്ച യുവതിയായ നഴ്‌സ്, അർബുദരോഗത്തോട് വർഷങ്ങളോളം പൊരുതിയശേഷമാണ് മരണത്തിന് കീഴടങ്ങിയത്.
അർബുദമായി വേട്ടയാടുമ്പോഴും മരണത്തെ പുഞ്ചിരിയോടെ നേരിട്ട മാലാഖയെന്ന് സഹപ്രവർത്തകരും സുഹൃത്തുക്കളും നിർമ്മല നെറ്റോയെ വിശേഷിപ്പിക്കുന്നു. ആരും തകർന്നുപോകുന്ന വേളയിൽ, ചികിത്സയിൽ കഴിയുമ്പോഴും അസാധാരണ ധൈര്യവും സ്വയം സാന്ത്വനിപ്പിക്കലും നടത്തിയിരുന്നു നിർമ്മല.
കൊല്ലം സ്വദേശിനിയായ നിർമ്മല നെറ്റോ, 2017 ൽ യുകെയിലെത്തിയശേഷം സ്‌റ്റോക്ക്പോര്‍ട്ട് സ്‌റ്റെപ്പിങ് ഹില്‍ ഹോസ്പിറ്റലിൽ നഴ്സായി ജോലിചെയ്യുകയായിരുന്നു. അതിനിടെയാണ് സ്തനാർബുദ ബാധ തിരിച്ചറിഞ്ഞത്. തളരാതെ അർബുദത്തോട് പൊരുതി നിർമ്മല ജോലിതുടർന്നു.
എന്നാൽ 2022ൽ സർജറിക്ക് വിധേയയായതിനെ തുടർന്ന്, ജോലിയും അവസാനിപ്പിക്കേണ്ടി വന്നു. അതിനിടെ ടൂമർ തലച്ചോറിലേക്കും ബാധിച്ചിരുന്നു. കീമോ തെറാപ്പി അടക്കം ചെയ്തുവരവേയാണ് ആരോഗ്യസ്ഥിതി മോശമാവുകയും മരണം സംഭവിക്കുകയും ചെയ്‌തത്.
37 വയസ്സുള്ള നിർമ്മല നെറ്റോ അവിവാഹിതയാണ്. പിതാവ് നെറ്റോ ലിയോ നേരത്തേ മരണമടഞ്ഞിരുന്നു. അമ്മ മേരിക്കുട്ടിയും സഹോദരി ഒലീവിയയും നാട്ടിലാണുള്ളത്.
മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കുന്നതിനുള്ള തയ്യാറെടുപ്പുകൾ സ്‌റ്റോക്ക് പോർട്ട് മലയാളി അസ്സോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
കെന്റിലെ മെയ്ഡസ്റ്റോണിൽ താമസിക്കുന്ന പോൾ ചാക്കോയുടെ മരണവർത്തയാണ് പിന്നീടെത്തിയത്. ഹൃദയാഘാതത്തെ തുടർന്ന് തീർത്തും അപ്രതീക്ഷിതമായി പോൾ മരണമടയുകയായിരുന്നുവെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
50 വയസ്സുമാത്രമായിരുന്നു പോൾ ചാക്കോയുടെ പ്രായം. സംസ്‌കാര ചടങ്ങിന്റെയും പൊതുദർശനത്തിന്റെയും കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ബെൽഫാസ്റ്റിലെ ഇടുക്കി സ്വദേശിയായ ബിനോയ് അഗസ്റ്റിന്റെ മരണവർത്തയുടെ സങ്കടം മാറുംമുമ്പേയാണ് യുകെ മലയാളികളെ കണ്ണീരിലാഴ്ത്തി മറ്റുമൂന്ന് മരണവാർത്തകളും എത്തിയത്. അകാലത്തിൽ പൊലിഞ്ഞ ആത്മാക്കൾക്ക് നിന്ത്യശാന്തി നേർന്നുകൊണ്ട്, കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ബ്രിട്ടീഷ്‌പത്രം ന്യൂസ് ടീമും പങ്കുചേരുന്നു… ആത്മാക്കൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു…