ഇനി സമയം തെറ്റാതെ വഴി തെറ്റാത്ത ഡെലിവറി ഡ്രൈവര്‍മാര്‍ ഓടി എത്തും. ആമസോണ്‍ ഡ്രൈവര്‍മാര്‍ക്ക് ഡെലിവറി റൂട്ട് മനസ്സിലാക്കി കൊടുക്കാന്‍ 'സ്മാര്‍ട് കണ്ണട' നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്.
ഈ പദ്ധതിക്ക് അമേലിയ എന്ന കോഡ് നാമമാണ് നല്‍കിയിരിക്കുന്നത്. സ്മാര്‍ട് കണ്ണട എത്തുന്നതോടു കൂടി ഡ്രൈവര്‍മാര്‍ക്ക് ഡെലിവറി റൂട്ട് വേഗത്തില്‍ മനസിലാക്കാന്‍ സഹായിക്കുന്ന വിധം സാങ്കേതിക സഹായം ലഭ്യമാകും. പ്രതിദിനം ദശലക്ഷക്കണക്കിന് ഓര്‍ഡറുകള്‍ ഡെലിവറി ചെയ്യുന്ന ആമസോണ്‍ ഓരോ ഡെലിവറിയിലും കണ്ണട വച്ച് ലാഭിക്കാവുന്ന സെക്കന്റുകള്‍ കൊണ്ട് വലിയ നേട്ടമാണ് ലക്ഷ്യമിടുന്നത്.
ഡ്രൈവര്‍മാര്‍ക്ക് ഈ കണ്ണട ഉപയോഗിച്ചാല്‍ പോകേണ്ട വഴി കണ്ണടയിലെ ചെറിയ എംബെഡഡ് സ്‌ക്രീനില്‍ കാണാനാവും. പോകേണ്ട ഓരോ സ്ഥലത്തേക്കും കൃത്യമായ വഴി ഈ സ്‌ക്രീനിലൂടെ കാണാനും വാഹനം വേഗത്തില്‍ ചലിപ്പിക്കാനും ഡ്രൈവര്‍മാരെ പ്രാപ്തരാക്കുന്നതാണ് കണ്ണട. ഈ കണ്ണട ഉപയോഗിക്കുന്ന ഡ്രൈവര്‍ പാര്‍ട്ണര്‍മാര്‍ക്ക് സാധനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനും വലിയ ജിപിഎസ് ഡിവൈസുകള്‍ കൈയ്യില്‍ കരുതുന്നത് ഒഴിവാക്കാനും സാധിക്കും.
നിലവില്‍ ഓരോ ഡെലിവറിക്കും ചെലവാകുന്ന പണം കുറയ്ക്കാനും ലാഭസാധ്യത ഉയര്‍ത്താനും വാള്‍മാര്‍ട്ട് പോലുള്ള എതിരാളികളെ പിന്നിലാക്കാനും സാധിക്കുമെന്ന് ആമസോണ്‍ കണക്കുകൂട്ടുന്നു. ഈയിടെ ഹോളിഡേ സമയത്ത് ഡെലിവറിക്ക് തയ്യാറാവുന്ന ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ഇന്‍സന്റീവ് വാള്‍മാര്‍ട്ട് പ്രഖ്യാപിച്ചതിന്റെ കൂടെ പശ്ചാത്തലത്തിലാണ് സ്മാര്‍ട്ട് കണ്ണട കൊണ്ടുവരുന്നത്.
എന്നാല്‍ ആമസോണ്‍ ഈ പദ്ധതി ഉപേക്ഷിക്കാനും സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു. കണ്ണടയിലെ ഗ്ലാസുകളുടെ പെര്‍ഫോമന്‍സും കണ്ണട നിര്‍മ്മിക്കാനുള്ള ചെലവും നോക്കിയ ശേഷമായിരിക്കും കമ്പനി ഈ പദ്ധതിയുമായി മുന്നോട്ട് പോവുക.