കുട്ടികള്‍ ക്ലാസ്സില്‍ സംസാരിച്ചതിന് കുട്ടികളുടെ വായില്‍ ടേപ്പ് ഒട്ടിച്ച് ശിക്ഷിച്ച് ടീച്ചര്‍. അയ്യമ്പട്ടിയിലെ സര്‍ക്കാര്‍ പ്രൈമറി സ്കൂളില്‍ ആണ് ടീച്ചര്‍ കുട്ടികളോട് ഇത്തരത്തില്‍ ക്രൂരത കാട്ടിയത്.
ക്ലാസ്റൂമില്‍ സംസാരിച്ചതിന് വിദ്യാര്‍ത്ഥികളുടെ വായില്‍ പ്രധാനാദ്ധ്യാപികയാണ് ടേപ്പ് ഒട്ടിച്ചത്. സംഭവത്തില്‍ കുട്ടികളുടെ രക്ഷിതാക്കള്‍ തഞ്ചാവൂര്‍ ജില്ലാ കളക്ടര്‍ പ്രിയങ്ക പങ്കജത്തിനാണ് പരാതി നല്കി.
പ്രധാനാദ്ധ്യാപികയായ പുനിത ആണ് നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥികളുടെ വായില്‍ ടേപ്പ് ഒട്ടിച്ചത്. ഇങ്ങനെ ചെയ്തപ്പോള്‍ വിദ്യാര്‍ത്ഥികളില്‍ ഒരാളുടെ വായില്‍ നിന്ന് രക്തം വരികയും ചെയ്തിരുന്നു. കൂടാതെ വേറെ ചില വിദ്യാര്‍ത്ഥികള്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടെന്നുമാണ് പരാതിയില്‍ പറയുന്നത്.
സംഭവത്തിന്റെ ചിത്രങ്ങള്‍ സ്കൂളിലെ ഒരു അദ്ധ്യാപിക തന്നെയാണ് മാതാപിതാക്കള്‍ക്ക് അയച്ചതെന്നാണ് വിവരം.
പരാതി ലഭിച്ചതിന് പിന്നാലെ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കളക്ടര്‍ ജില്ലാ വിദ്യാഭ്യാസ ഡിപ്പാര്‍ട്ട്മെന്റിനെ ചുമതലപ്പെടുത്തി. ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. 'ഒക്ടോബര്‍ 21 ന് അദ്ധ്യാപിക തന്റെ അഭാവത്തില്‍ ക്ലാസ് മുറി നോക്കാന്‍ ഒരു വിദ്യാര്‍ത്ഥിയോട് ആവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ അദ്ധ്യാപികയ്ക്ക് പങ്കില്ല. വിദ്യാര്‍ത്ഥികള്‍ പരസ്പരം വായില്‍ ടേപ്പ് ഒട്ടിക്കുകയായിരുന്നു. എന്നിരുന്നാലും ഇക്കാര്യത്തെക്കുറിച്ച് വിശദമായി അന്വേഷണം നടത്തു.'- ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പറഞ്ഞു.
ആരോപണം പ്രധാനാദ്ധ്യാപികയും തള്ളി. താനൊന്നും ചെയ്തിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ തമാശയായി ചെയ്തത് ആരോ ഫോട്ടോയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നാണ് പുനിത നല്കുന്ന വിശദീകരണം.