ഞായറാഴ്ച ലണ്ടനിലെ ഈസ്റ്റ് ഹാമില്‍ നടന്ന സംവാദത്തില്‍ രാഷ്ട്രീയ നിരീക്ഷകനും ചിന്തകനും വാക്മിയുമായ അഡ്വ എ ജയശങ്കറോടൊപ്പം കേംബ്രിഡ്ജ് മലയാളി മേയറും പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ ബൈജു തിട്ടാലയും പരിപാടിയില്‍ പങ്കെടുത്തു. സംവാദത്തില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്ക് രസകരമായ സംഭവ കഥകളിലൂടെ അദ്ദേഹം ഉത്തരങ്ങള്‍ നല്‍കി. ലോകത്താകമാനം ഇന്ന് സംഭവിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാമൂഹിക വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് സംവാദം സംഘടിപ്പിച്ചത്.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയെ നയിച്ച പ്രധാനമന്ത്രി ജവഹര്‍ ലാല്‍ നെഹ്രുവിനും ഇന്ത്യന്‍ ഭരണഘടനയുടെ ശില്‍പ്പി അംബേദ്ക്കറിനും ഉണ്ടായിരുന്ന ഇച്ഛാ ശക്തിയും ദീര്‍ഘവീക്ഷണവും തുടര്‍ന്ന് ഇന്ത്യ ഭരിച്ച രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് ഇല്ലാതെ വന്നതാണ് ഇന്ത്യക്ക് സംഭവിച്ച അപചയങ്ങള്‍ക്കു മുഖ്യ കാരണം എന്ന് അദ്ദേഹം സൂചിപ്പിച്ചു. രാഷ്ട്രീയ സാമൂഹിക രംഗങ്ങളില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ഈ മൂല്യച്യുതി സാഹിത്യ രംഗത്തും മതസാംസ്‌ക്കാരിക രംഗത്തും വിദ്യാഭ്യാസ രംഗത്തും നിയമ വ്യവഹാര രംഗങ്ങളിലേക്ക് പോലും പടര്‍ന്നിരിക്കുന്നു, അദ്ദേഹം വ്യക്തമാക്കി.
സംവാദത്തില്‍ പങ്കെടുത്തവരുടെ നിരവധി ചോദ്യങ്ങള്‍ക്ക് അഡ്വ ജയശങ്കറോടൊപ്പം കേംബ്രിഡ്ജ് മേയര്‍ ബൈജൂ തിട്ടാലയും ഉത്തരങ്ങള്‍ നല്‍കി. ഈസ്റ്റ് ഹാമിലെ ഗുരുമിഷന്‍ ഹാളില്‍ നടന്ന സംവാദത്തില്‍ അഡ്വ ജയശങ്കറുടെ ശിഷ്യന്മാരും സുഹൃത്തുക്കളുമടക്കം നിരവധി ആളുകള്‍ പരിപാടിയില്‍ പങ്കെടുത്തു. അഡ്വ ജയശങ്കര്‍ നിയമ സഹായം നല്‍കി നിയമ കുരുക്കില്‍ നിന്ന് ജീവിതം രക്ഷപ്പെടുത്തിയ റസാക്കും കുടുംബവും മാഞ്ചസ്റ്ററില്‍ നിന്ന് അദ്ദേഹത്തെ കാണാന്‍ ലണ്ടനില്‍ എത്തിയിരുന്നു.
(റസാഖിന്റെ ജീവിത കഥ അഡ്വ ജയശങ്കര്‍ ഒരു വീഡിയോ യിലൂടെ പങ്കു വെച്ചിരുന്നു). ജയ്സണ്‍ ജോര്‍ജ് മീഡിയേറ്റര്‍ ആയിരുന്നു. ഗിരി മാധവന്‍, ടോണി ചെറിയാന്‍, അബ്രഹാം പൊന്നുംപുരയിടം, ഡോ: ജോഷി, നജീബ്, എബ്രഹാം വാഴൂര്‍, ഷീന ജയ്സണ്‍, ഡെല്‍ബെര്‍ട്ട് മാണി, തോമസ് പുളിക്കന്‍, ഷാജന്‍ ജോസഫ്, രാജേഷ് കരുണാകരന്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ലണ്ടന്‍ മലയാളി കമ്മ്യൂണിറ്റി ആണ് സംവാദം സംഘടിപ്പിച്ചത്.