ഫഹദ് ഫാസില്‍-ഐശ്വര്യ ലക്ഷ്മി ചിത്രം 'വരത്തന്‍'ലെ ജോസി പ്രേക്ഷകരിലുണ്ടാക്കിയ അസ്വസ്ഥത അത്ര പെട്ടെന്ന് മറക്കാന്‍ സാധ്യതയില്ല. 'പ്രേമം'ത്തിലെ ഗിരിരാജന്‍ കോഴിയെയും 'ഹാപ്പി വെഡ്ഡിംഗ്'ലെ മനു കൃഷ്ണനെയും പോലെ ആയിരുന്നില്ല ജോസി. ട്രാക്ക് മാറ്റി വില്ലന്‍ വേഷത്തില്‍ എത്തിയ ഷറഫുദ്ദീന്‍ പ്രേക്ഷകരെ വെറുപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. 'അഞ്ചാം പാതിര'യില്‍ ബെഞ്ചമിന്‍ ലൂയിസ് ഷറഫുദ്ദീനാണെന്ന് മനസ്സിലാക്കാന്‍ തന്നെ കുറച്ചധികം സമയം വേണ്ടിവന്നു.
വ്യത്യസ്തമായ വേഷപ്പകര്‍ച്ചയില്‍ പ്രത്യക്ഷപ്പെട്ട് കാഴ്ചക്കാരെ ചിരിപ്പിച്ചും വെറുപ്പിച്ചും കരയിപ്പിച്ചും പ്രേക്ഷക ഹൃദയത്തില്‍ ഇടം പിടിച്ച ഷറഫുദ്ദീന്‍ ഇത്തവണ എത്തുന്നത് നായകനായിട്ടാണ്. അന്ന് വരത്തനില്‍ ഐശ്വര്യ ലക്ഷ്മിയുടെ വില്ലനായ് വേഷമിട്ടു. ഇന്ന് 'ഹലോ മമ്മി'യിലൂടെ ഐശ്വര്യ ലക്ഷ്മിയുടെ നായകനായ് നിറഞ്ഞാടാന്‍ ഒരുങ്ങുന്നു. 'ഹലോ മമ്മി' ഒരു ഫാന്റസി കോമഡി ചിത്രമാണ്. നവാഗതനായ വൈശാഖ് എലന്‍സാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബര്‍ 21 മുതല്‍ തിയറ്ററുകളിലെത്തുന്ന ചിത്രം ഫാമിലി എന്റര്‍ടൈനറാണ്. ഷറഫുദ്ദീനും ലക്ഷ്മിയും നായകനും നായികയുമായ് എത്തുന്ന ആദ്യ സിനിമയാണിത്.
ഹാങ്ങ് ഓവര്‍ ഫിലിംസും എ ആന്‍ഡ് എച്ച് എസ് പ്രൊഡക്ഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോമിന്‍ മാത്യു, ഐബിന്‍ തോമസ്, രാഹുല്‍ ഇ. എസ് എന്നിവരാണ് നിര്‍മ്മാതാക്കള്‍. സജിന്‍ അലി, നിസാര്‍ ബാബു, ദിപന്‍ പട്ടേല്‍ എന്നിവരാണ് സഹനിര്‍മ്മാതാക്കള്‍. ചിത്രത്തിന്റെ കഥയും തിരക്കഥയും സാന്‍ജോ ജോസഫാണ് കൈകാര്യം ചെയ്തത്. ഹാങ്ങ് ഓവര്‍ ഫിലിംസിന്റെ നിര്‍മ്മാണത്തിലൊരുങ്ങുന്ന ഈ ചിത്രം 'നീലവെളിച്ചം', 'അഞ്ചക്കള്ളകോക്കാന്‍' എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണ പങ്കാളിത്തത്തിന് ശേഷം എ ആന്‍ഡ് എച്ച്എസ് പ്രൊഡക്ഷന്‍സ് നിര്‍മ്മാണത്തില്‍ സഹകരിക്കുന്ന മൂന്നാമത്തെ ചിത്രമാണ്.
ഹിന്ദി താരം സണ്ണി ഹിന്ദുജ സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങള്‍ അജു വര്‍ഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോന്‍ ജ്യോതിര്‍, ബിന്ദു പണിക്കര്‍, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ തുടങ്ങിയവരാണ് അവതരിപ്പിക്കുന്നത്.