സുന്ദരിയാകാനുള്ള അതിമോഹം യുവതിയെ എത്തിച്ചത് മരണത്തിലേക്ക്. ചൈനയില്‍ നിന്നുള്ള ഗ്വാങ്സി പ്രവിശ്യയിലുള്ള ലിയു എന്ന യുവതിക്കാണ് സുന്ദരിയാകാനുള്ള ശസ്ത്രക്രിയയ്ക്ക് ശേഷം മരണം സംഭവിച്ചത്.
24 മണിക്കൂറിനിടെ ആറ് സൗന്ദര്യവര്‍ദ്ധക ശസ്ത്രക്രിയകള്‍ ആണ് നടത്തിയത്. ക്ലിനിക്കിന്റെ അശ്രദ്ധയും ശരിയായ പരിചരണം ലഭിക്കാത്തതുമാണ് യുവതിയുടെ മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 2020 ല്‍ നടന്ന സംഭവത്തില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ കോടതിയെ സമീപിച്ചിരുന്നു. ആവശ്യപ്പെട്ടതില്‍ പകുതി തുക അനുവദിച്ച കോടതി കേസ് ഒത്തുതീര്‍പ്പാക്കി.
2020 ഡിസംബര്‍ 9 നാണ് സംഭവം. തന്റെ സൗന്ദര്യം വര്‍ദ്ധക ശസ്ത്രക്രിയയുടെ ചെലവിനായി ലിയു 40,000 യുവാന്‍ (4,72,574.76 രൂപ) ധനകാര്യ സ്ഥാപനത്തില്‍ നിന്നും വായ്പയെടുത്തിരുന്നു. തുടര്‍ന്നാണ് ചൈനയിലെ നാനിംഗിലുള്ള ക്ലിനിക്കില്‍ ശസ്ത്രക്രിയകള്‍ക്ക് വിധേയയാകുന്നത്. കണ്‍പോളകളുടെയും മൂക്കിന്റെയും ആദ്യ ഘട്ട ശസ്ത്രക്രിയ അഞ്ച് മണിക്കൂര്‍ നീണ്ടുനിന്നു. അടുത്ത ദിവസം രാവിലെയായിരുന്നു രണ്ടാം ഘട്ടം. തുടയിലെ ലിപ്പോസക്ഷനിലൂടെ വേര്‍തിരിച്ചെടുത്ത കൊഴുപ്പ് അവളുടെ മുഖത്തും സ്തനങ്ങളിലും കുത്തിവെക്കുന്ന പ്രക്രിയയായിരുന്നു ഇത്.
എന്നാല്‍ ഡിസംബര്‍ 11 ന് ഡിസ്ചാര്‍ജ് ചെയ്തതിന് തൊട്ടുപിന്നാലെ, ലിയു ക്ലിനിക്കിലെ ലിഫ്റ്റില്‍ കുഴഞ്ഞുവീണു. ക്ലിനിക്ക് ജീവനക്കാര്‍ അടിയന്തര പരിചരണം നല്‍കിയെങ്കിലും യുവതിയുടെ നില പെട്ടെന്ന് വഷളായി. തുടര്‍ന്ന് ലിയുവിനെ നാനിംഗിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലിപ്പോസക്ഷന്‍ പ്രക്രിയയുമായി ബന്ധപ്പെട്ടുണ്ടായ ശ്വാസതടസമാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ന്നാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ലിയുവിന്റെ കുടുംബം കോടതിയെ സമീപിച്ചത്. 1.18 ദശലക്ഷം യുവാന്‍ (168,000 യുഎസ് ഡോളര്‍) ആവശ്യപ്പെട്ടെങ്കിലും ക്ലിനിക്ക് ഒരു ദശലക്ഷം യുവാന്‍ നഷ്ടപരിഹാരം നല്‍കിയാല്‍ മതിയെന്ന് കോടതി ഉത്തരവിടുകയായിരുന്നു