സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചുകൊണ്ട് ജര്‍മ്മനിയില്‍ നിന്നും വന്ന ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. ജര്‍മനിയിലെ തിരക്കേറിയ പഴകിയ സാധനങ്ങള്‍ വില്‍ക്കുന്നൊരു മാര്‍ക്കറ്റിലെ സ്ഥാപനത്തില്‍ നിന്നും ലഭിച്ച പഴയ ഒരു പേപ്പര്‍ ആണ് സംഭവം. ജര്‍മന്‍ പൗരനായ വ്യക്തിക്ക് ലഭിച്ചമഞ്ഞ നിറത്തിലുള്ള രണ്ട് കഷ്ണം പേപ്പറാണ് ഇന്ന് ഇന്റര്‍നെറ്റ് ലോകത്ത് ശ്രദ്ധ നേടുന്നത്. ഇത് വേറെ ഒന്നുമല്ല പഞ്ചാംഗത്തിന്റെ പേജുകള്‍ ആണ്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭാരതീയ ലിപിയായ ദേവനാഗിരിയില്‍ എഴുതിയ പഞ്ചാംഗത്തിന്റെ പേജുകളായിരുന്നു ജര്‍മന്‍ പൗരന് അവിടെ നിന്നും ലഭിച്ചത്. ഹാംബര്‍ഗിലെ മാര്‍ക്കറ്റില്‍ നിന്നാണ് ഇത് ലഭിച്ചത്. ഇവ ലഭിച്ചതിന് പിന്നാലെ അമൂല്യ വസ്തുവാണെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം അത് റെഡ്ഡിറ്റില്‍ പങ്കുവയ്ക്കുകയായിരുന്നു. ഹിന്ദിയോ സംസ്‌കൃതമോ ആണെന്ന് മനസിലാക്കിയ അയാള്‍ ഇന്ത്യന്‍ ഉപയോക്താക്കളുടെ സഹായം തേടി.
വരാണാസിയില്‍ അച്ചടിച്ച പഞ്ചാംഗത്തിന്റെ ഭാഗമാണതെന്ന് ഉപയോക്താക്കളിലധികം പേരും പറഞ്ഞു. 150-നും 180-നും വര്‍ഷത്തിനിടയില്‍ പഴക്കമുള്ളതാണിതെന്നും അച്ചടിച്ചത് ഭാര്‍ഗവ പ്രസിലാണെന്നും സോഷ്യല്‍ മീഡിയ പറയുന്നു. പണ്ഡിറ്റ് നവല്‍ കിഷോര്‍ ഭാര്‍ഗവയാണ് ഈ പ്രസിന്റെ ഉടമയെന്നും മിര്‍സ ഖലിബ് എന്ന സിനിമയില്‍ അദ്ദേഹത്തെ കുറിച്ച് പറയുന്നുണ്ടെന്നും പറയുന്നു.
അഞ്ച് തലമുറയ്ക്ക് മുന്‍പുള്ള ആളാണ് പണ്ഡിറ്റ് നവല്‍ ഭാര്‍ഗവയെന്നും അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ ഇപ്പോഴും ലക്‌നൗവിലുണ്ടെന്നും പറയുന്നു. ഇന്ത്യന്‍ അവശേഷിപ്പുകള്‍ കാലങ്ങള്‍ക്ക് മുന്‍പെ കടല്‍ കടന്നെത്തിയിരുന്നു എന്നതിന്റെ തെളിവാണ് പഞ്ചാംഗം. ഇന്ത്യയുടെ ശേഷിപ്പുകളെ ഇന്നും ഓരോരുത്തരും കൃതജ്ഞതയോടെ സ്മരിക്കുന്നുവെന്നതിന്റെ തെളിവാണ് സമൂഹമാദ്ധ്യമത്തിലെ പ്രതികരണങ്ങള്‍.