ബ്രിട്ടന്റെ രാഷ്ട്രീയവും രാജകുടുംബവുമായി ബന്ധപ്പെട്ട നിരവധി നിർണ്ണായക സംഭവങ്ങളിൽ ഇടപെടുകയും പ്രാതിനിധ്യം വഹിക്കുകയും ചെയ്യുകവഴി ലോകമെങ്ങും പ്രശസ്തനായി മാറിയ കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി സ്ഥാന പദവികൾ രാജിവച്ചു.
ഏതാനും ദിവസങ്ങളായി ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ ബിഷപ്പിന്റെ രാജിക്കായി മുറവിളി ഉയർന്നിരുന്നു. ആരോപണ വിഷയങ്ങളിലെ ഉത്തരവാദിത്വം സ്വയം ഏറ്റെടുത്ത് രാജിവയ്ക്കുകയാണെന്ന് വെൽബി പറഞ്ഞു.
ഇന്ത്യയിലും കേരളത്തിലും അടക്കം ലോകത്തിലെ നിരവധി രാജ്യങ്ങളിൽ ആംഗ്ലിക്കൻ സഭയ്ക്ക് പള്ളികളും ലക്ഷക്കണക്കിന് വിശ്വാസികളുമുണ്ട്. റോമൻ കത്തോലിക്കാ സഭയിലെ പോപ്പിനെപ്പോലെ, കാന്റർബറി ആർച്ച് ബിഷപ്പാണ് ആംഗ്ലിക്കൻ സഭയുടെ പരമസ്ഥാന ആത്മീയ തലവൻ.
സഭയിലെ ബിഷപ്പുമാർ തമ്മിൽ ആരോപണ പ്രത്യാരോപണങ്ങൾ തുടങ്ങിയപ്പോൾ, ആംഗ്ലിക്കൻ സഭയിലെ മലയാളി വിശ്വാസികളും ആശങ്കയിലായിരുന്നു. മലയാളികളായ നിരവധി ആംഗ്ലിക്കൻ സഭാ വിശ്വാസികൾ യുകെയിലുമുണ്ട്.
സഭയുമായി ബന്ധപ്പെട്ട എന്നാൽ പുരോഹിതനോ, ബിഷപ്പോ അല്ലാത്ത ഒരുവ്യക്തി നിരവധി കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതുമായി പുറത്തുവന്ന അന്വേഷണ റിപ്പോർട്ടാണ് ബിഷപ്പിന്റെ പദവി നഷ്ടപ്പെടുത്തിയത്.
ജോൺ സ്‌മിത്ത് എന്ന സുവിശേഷ പ്രഘോഷകനാണ് കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്‌തത്. ഇയാൾ സഭയിലെ കുട്ടികൾക്ക് വേദപഠന ക്ലാസ്സുകളും എടുത്തിരുന്നു. 1970-കളുടെ അവസാനത്തിലും 1980-കളുടെ തുടക്കത്തിലും ബ്രിട്ടനിലും പുറത്തുമായി നൂറുകണക്കിന് കൊച്ചുകുട്ടികളെ ഇയാൾ ലൈംഗികമായി പീഡിപ്പിച്ചതായുള്ള ആരോപണം അന്വേഷണ റിപ്പോർട്ടിൽ ശരിവയ്ക്കുന്നു.
2013 മുതൽ ഇക്കാര്യം വ്യക്തമായി അറിയാമായിരുന്നിട്ടും ബിഷപ്പ് ജസ്റ്റിൻ വെൽബി, പോലീസിൽ റിപ്പോർട്ടു ചെയ്യുകയോ ജോൺ സ്‌മിത്തിനെതിരായി നിയമ നടപടികൾ എടുക്കുകയോ ചെയ്തില്ലെന്നാണ് ആരോപണം. പകരം കുറ്റകരമായ അനാസ്ഥ കാണിച്ചുവെന്നും കഴിഞ്ഞയാഴ്ച്ച പുറത്തുവന്ന ഇതേക്കുറിച്ചുള്ള സ്വതന്ത്ര അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് സഭയിലെ നിരവധി ബിഷപ്പുമാരും സിനഡ് അംഗങ്ങളും ജസ്റ്റിൻ വെൽബി കാന്റർബറി ആർച്ച് ബിഷപ്പ് പദവി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. സഭയിൽ പ്രതിഷേധം ശക്തമായതിനെ തുടർന്നാണ് ഇപ്പോൾ ബിഷപ്പിന്റെ രാജി.
68 കാരനായ ജസ്റ്റിൻ വെൽബി, ആധുനിക ബ്രിട്ടന്റെ രാഷ്ട്രീയവും രാജകുടുംബവുമായി ബന്ധപ്പെട്ട പലകാര്യങ്ങളിലും നിർണ്ണായക പങ്കാളിത്തം വഹിക്കുകയും സ്വാധീനം ചെലുത്തുകയും ചെയ്‌ത വ്യക്തിയാണ്. സർക്കാർ കൈക്കൊണ്ട പല തീരുമാനങ്ങളിലും സ്വതന്ത്രമായ അഭിപ്രായ പ്രകടനവും ബിഷപ്പ് നടത്തിയിരുന്നു.
വില്യം രാജകുമാരന്റെ വിവാഹം, എലിസബത്ത് രാജ്ഞിയുടേയും ഭർത്താവിന്റെയും മരണാനന്തര ചടങ്ങുകൾ, ചാൾസ് രാജാവിന്റെ കിരീടധാരണം എന്നീ പ്രധാന ചടങ്ങുകൾ നടന്നത് ബിഷപ്പ് ജസ്റ്റിൻ വെൽബിയുടെ കാർമ്മികത്വത്തിലാണ്. ബിഷപ്പ് പ്രഭുസഭയിലെ അംഗവും പതിവ് സന്ദർശകനും പ്രഭാഷകനുമായിരുന്നു.
"കാന്റർബറി ആർച്ച് ബിഷപ്പ് പദവിയിൽ നിന്ന് ഒഴിവാകുന്നത് ചർച്ച് ഓഫ് ഇംഗ്ലണ്ടിൻ്റെ ഏറ്റവും മികച്ച താൽപ്പര്യത്തിന് വേണ്ടിയാണെന്ന് ഞാൻ വിശ്വസിക്കുന്നു." ജസ്റ്റിൻ വെൽബി രാജി സന്ദേശത്തിൽ പറഞ്ഞു.
ബിഷപ്പിന്റെ തീരുമാനത്തെ മാനിക്കുന്നതായി പ്രധാനമന്ത്രി കിയെർ സ്റ്റാർമറുടെ വക്താവ് പ്രതികരിച്ചു.
പദവി രാജിവയ്ക്കുന്ന പ്രഖ്യാപനം നടത്തിയെങ്കിലും ആർച്ച് ബിഷപ്പ് എപ്പോൾ ഔദ്യോഗികമായി സ്ഥാനമൊഴിയുമെന്ന് വ്യക്തമല്ല. പകരക്കാരനെ കണ്ടെത്തുന്നതിനുള്ള നടപടികൾക്ക് കുറഞ്ഞത് ആറ് മാസമെങ്കിലും എടുക്കും.
കാൻ്റർബറി ആർച്ച് ബിഷപ്പ് ചർച്ച് ഓഫ് ഇംഗ്ലണ്ടിൻ്റെ തലവനാണ്. ലോകത്തെ 165 രാജ്യങ്ങളിലായി 85 ദശലക്ഷം ആംഗ്ലിക്കൻ വിശ്വാസികളെ ആത്മീയ പിതാവായി നയിക്കുന്നു.
1992-ൽ ബിഷപ്പായി അഭിഷിക്തനായ ജസ്റ്റിൻ വെൽബി 2013-ൽ കാൻ്റർബറി ആർച്ച് ബിഷപ്പായി നിയമിക്കപ്പെടുന്നതിനുമുമ്പ് വാർവിക്ഷെയറിൽ വികാരി, കവൻട്രി കത്തീഡ്രലിൻ്റെ കാനൻ, ലിവർപൂൾ ഡീൻ, ഡർഹാം ബിഷപ്പ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.