'ബുള്‍ഡോസര്‍ രാജി'ല്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിംകോടതി. കേസില്‍ പ്രതിയായാല്‍ അവരുടെ വീടുകള്‍ പൊളിക്കരുതെന്നും അത് ഭരണഘടന വിരുദ്ധമാണെന്നും സുപ്രിംകോടതി നിരീക്ഷിച്ചു. കുറ്റാരോപിതരുടെ വീട് പൊളിക്കുന്നത് അവരുടെ കുടുംബങ്ങള്‍ക്ക് കൂടി നല്‍കുന്ന ശിക്ഷയാണെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. വീട് നില്‍ക്കുന്ന സ്ഥലം അനധികൃതമെങ്കില്‍ നോട്ടീസ് നല്‍കാമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ബിആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി.
കേസില്‍ പ്രതിയായത് കൊണ്ട് മാത്രം ഒരാള്‍ കുറ്റക്കാരനാകുന്നില്ല. കുറ്റക്കാരന്‍ ആണെങ്കില്‍ പോലും സ്വത്തില്‍ അവകാശം ഇല്ലാതാകുന്നില്ല. പാര്‍പ്പിടം മൗലികാവകാശമാണെന്ന് കോടതി പറഞ്ഞു. സര്‍ക്കാരിന് ആരാണ് കുറ്റക്കാരനെന്ന് നിര്‍ണയിക്കാന്‍ കഴിയില്ല. അത്തരം പ്രവര്‍ത്തികള്‍ അധികാര പരിധി ലംഘിക്കുന്നതായിരിക്കും. ഒരു കുറ്റകൃത്യത്തില്‍ ശിക്ഷിക്കപ്പെട്ട ആള്‍ക്കെതിരെയും ഇത്തരം നടപടികള്‍ പാടില്ല. അത്തരം നിയമം കയ്യിലെടുത്താല്‍ സര്‍ക്കാര്‍ കുറ്റകാരനാകുമെന്നും കോടതി ചൂണ്ടിക്കാട്ടി.
വീട് പൊളിക്കല്‍ നടപടിയിലേക്ക് കടക്കുകയാണെങ്കില്‍ ഇരകള്‍ക്ക് അപ്പീല്‍ നല്‍കാന്‍ സമയം അനുവദിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. ഒറ്റ രാത്രികൊണ്ട് പൊളിച്ച ശേഷം സ്ത്രീകളും കുട്ടികളും റോഡിലിറങ്ങുന്നത് സന്തോഷകരമായ കാഴ്ചയല്ല. കാരണം കാണിക്കല്‍ നോട്ടീസ് ഇല്ലാതെ പൊളിക്കരുത്. നോട്ടീസ് നല്‍കിയാല്‍ 15 ദിവസത്തെ സാവകാശം നല്‍കണം. പൊളിച്ചുമാറ്റല്‍ നടപടികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തണം. ഇത്തരം നിര്‍ദേശങ്ങള്‍ പാലിക്കാതെ പൊളിക്കുന്നത് പ്രോസിക്യൂഷനിലേക്കും നയിക്കുമെന്നും കോടതി വ്യക്തമാക്കി.