ചിത്രീകരണത്തിന് വനഭൂമിയില്‍ നിന്ന് മരങ്ങള്‍ വെട്ടിമാറ്റിയ സംഭവത്തില്‍ നിര്‍മാതാവ് ഉള്‍പ്പെടെ 3 പേര്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു. ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്യുന്ന യഷ് ചിത്രം ടോക്‌സികിന്റെ നിര്‍മാതാക്കള്‍ക്കെതിരെയാണ് കര്‍ണാടക വനംവകുപ്പ് കേസെടുത്തിരിക്കുന്നത്.
1963ലെ കര്‍ണാടക വനംവകുപ്പ് നിയമപ്രകാരമാണ് നിര്‍മാതാക്കളായ കെവിഎന്‍ മാസ്റ്റര്‍മൈന്‍ഡ് ക്രിയേഷന്‍സ്, കനറാ ബാങ്ക് ജനറല്‍ മാനേജര്‍, എച്ച്എംടി ജനറല്‍ മാനേജര്‍ എന്നിവര്‍ക്കെതിരെ കേസെടുത്തത്. ബംഗളൂരു പീനിയയില്‍ എച്ച്എംടിയുടെ അധീനതയിലുള്ള വനഭൂമിയില്‍ നിന്നാണ് മരങ്ങള്‍ വെട്ടിമാറ്റിയത്. സ്ഥലം സന്ദര്‍ശിച്ച കര്‍ണാടക വനംമന്ത്രി ഈശ്വര്‍ ഖണ്ഡ്രേ വിഷയത്തില്‍ അന്വേഷണം നടത്തി നടപടിയെടുക്കണമെന്ന് നേരത്തേ ആവശ്യപ്പെട്ടിരുന്നു.
പ്രദേശത്തിന്റെ പഴയതും പുതിയതുമായ ഉപഗ്രഹ ചിത്രങ്ങളും മന്ത്രി പങ്കുവെച്ചിരുന്നു. മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് കേസെടുത്തത്.
നിര്‍മാതാക്കളായ കെ.വി.എന്‍. മാസ്റ്റര്‍മൈന്‍ഡ് ക്രിയേഷന്‍സ്, കനറാ ബാങ്ക് ജനറല്‍ മാനേജര്‍, എച്ച്.എം.ടി. ജനറല്‍ മാനേജര്‍ എന്നിവര്‍ക്കെതിരെ 1963-ലെ കര്‍ണാടക വനംവകുപ്പ് നിയമം പ്രകാരമാണ് കേസെടുത്തത്. കര്‍ണാടക വനംമന്ത്രി ഈശ്വര്‍ ഖന്‍ഡ്രെ സ്ഥലത്ത് പരിശോധന നടത്തിയതിന് പിന്നാലെയാണ് വിഷയം വലിയ വിവാദമായത്.
സിനിമാ ചിത്രീകരണത്തിനായി നൂറുകണക്കിന് മരങ്ങള്‍ അനധികൃതമായി മുറിച്ചുമാറ്റിയെന്ന് സ്ഥലത്ത് പരിശോധന നടത്തിയ ഈശ്വര്‍ ഖന്‍ഡ്രെ അന്ന് ആരോപിച്ചു.
കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ എച്ച്എംടിയും സംസ്ഥാന വനംവകുപ്പും തമ്മില്‍ പീനിയയിലെ 599 ഏക്കര്‍ ഭൂമിയുടെ പേരിലുള്ള തര്‍ക്കമാണ് സിനിമയുടെ അണിയറപ്രവര്‍ത്തകരെ കുഴപ്പത്തിലാക്കിയത്. എച്ച്എംടി പുനരുദ്ധരിക്കാനുള്ള പദ്ധതി കേന്ദ്രമന്ത്രി എച്ച്.ഡി കുമാരസ്വാമി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഭൂമിയുടെ ഉടമസ്ഥതയില്‍ തര്‍ക്കമുടലെടുത്തത്.
യഷിനൊപ്പം നയന്‍താര, കിയാര അദ്വാനി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടോക്സിക് അടുത്ത വര്‍ഷം ഏപ്രില്‍ 10നാണ് തിയേറ്ററുകളിലെത്തുക. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം വിവാദത്തില്‍പ്പെട്ടത് ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്.