യുകെയിലെ മലയാളികൾ ആകാംക്ഷയോടെ കാത്തിരുന്ന ആർസി.എൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഇതാദ്യമായി ഒരു മലയാളി റോയൽ കോളേജ് ഓഫ് നഴ്‌സിംഗിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
അല്പം മുമ്പുമാത്രമാണ് ആർസി.എൻ ഫലപ്രഖ്യാപനം പുറത്തുവന്നത്. യുകെയിലെ നഴ്‌സുമാരുടെ ഏറ്റവും വലിയ സംഘടനയാണ് റോയൽ കോളേജ് ഓഫ് നഴ്‌സിംഗ്. ആർസി.എന്നിലെ വിവിധ റോളുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്നിരുന്നു.
അതിൽ ഏറ്റവും വാശിയേറിയതും പ്രാധാന്യമുള്ളതുമായ തെരഞ്ഞെടുപ്പാണ് പ്രസിഡൻറ് സ്ഥാനത്തേക്ക് നടന്നത്. 5,483 വോട്ടുകൾ നേടിയ ബിജോയ് സെബാസ്റ്റ്യൻ ആർസിഎൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.
തൊട്ടടുത്ത എതിർ സ്ഥാനാർത്ഥിയേക്കാൾ 1500 റോളം വോട്ടിന്റെ ഭൂരിപക്ഷം ബിജോയ് സെബാസ്റ്റ്യനു ലഭിച്ചു.
പ്രൊഫസ്സർ അലിസൺ ലിയറി ഡെപ്യൂട്ടി പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.
ബിജോയ് തെരഞ്ഞെടുക്കപ്പെട്ടതിന്റെ വിവരം അറിഞ്ഞ യുകെയിലെ മലയാളി നഴ്‌സുമാർ ഒന്നാകെ ആഹ്‌ളാദത്തിമർപ്പിലാണ്.
ഇതാദ്യമായാണ് ആർസി.എൻ പ്രസിണ്ടന്റായി ഒരു മലയാളി തിരഞ്ഞെടുക്കപ്പെടുന്നത്. മലയാളിയെന്ന് മാത്രമല്ല, ആ സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരനും ഏഷ്യൻ വംശജനുമെന്ന റെക്കോർഡും ഇനി ബിജോയ്‌ക്കു സ്വന്തം.
കോട്ടയം മെഡിക്കൽ കോളേജിൽ യുകെയിലെ മലയാളി നഴ്‌സുമാരുടെ കൂട്ടായ്‌മയോടെ നടത്തുന്ന പ്രൊജക്ടുമായി ബന്ധപ്പെട്ട് നാട്ടിലാണ് ഇപ്പോൾ ബിജോയ് സെബാസ്റ്റ്യൻ. അവിടെവച്ചാണ് വിജയവിവരം അറിയുന്നത്. യുകെയിലെ പ്രശസ്ത മലയാളി നഴ്‌സിംഗ് ഇൻസ്ട്രക്ടറായ മിനിജ ജോസഫ് അടക്കമുള്ളവർ നാട്ടിൽ ബിജോയ്‌ക്കൊപ്പമുണ്ട്.
ആലപ്പുഴ ജില്ലയിലെ പുന്നപ്ര സ്വദേശിയായ ബിജോയ് കൃഷി വകുപ്പിലെ റിട്ടയേർഡ് സൂപ്രണ്ട് വണ്ടാനം പുത്തൻപറമ്പിൽ സെബാസ്റ്റ്യൻ ജോസഫിന്റെയും വീട്ടമ്മയായ സോഫിയയുടെയും മകനാണ്.
ഇമ്പീരിയൽ കോളജ് എൻഎച്ച്എസ് ട്രസ്റ്റിന്റെ ഹാമർസ്മിത്ത് ആഹ്പത്രിയിലെ ഹെമറ്റോളജി വിഭാഗം ബാൻഡ് 5 നഴ്‌സായ ദിവ്യയാണ് ഭാര്യ. ഏക മകൻ നാലാം ക്ലാസ്സ് വിദ്യാർത്ഥിയായ ഇമ്മാനുവൽ.
ഹീത്രോവിനടുത്തുള്ള ഫെൽത്താമിലാണ് യുകെയിലെ വീട്. ഇവിടെനിന്നും ദിവസവും രണ്ടുമണിക്കൂറോളം ട്രെയിനിലും ബസ്സിലുമായി സഞ്ചരിച്ചാണ് ബിജോയ് ദിവസവും ലണ്ടനിലെ എൻഎച്ച്എസ് ആശുപത്രിയിൽ ജോലിക്കെത്തിയിരുന്നത്.
കോട്ടയം മെഡിക്കൽ കോളജിലെ നഴ്സിങ് പഠനത്തിനും ഒരു വർഷത്തെ സേവനത്തിനും ശേഷം 2011 ൽ ബാൻഡ് 5 നഴ്സായി ഇമ്പീരിയൽ കോളജ് എൻഎച്ച്എസ് ട്രസ്റ്റിൽ ജോലിയിൽ പ്രവേശിച്ച ബിജോയ് 2015 ൽ ബാൻഡ് 6 ആയും 2016 ൽ ബാൻഡ് 7 ആയും കരിയറിൽ ഉയർന്നു. 2021 ലാണ് ബാൻഡ് 8 എ തസ്തികയിൽ ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്പിറ്റൽസിൽ ചേരുന്നത്.
കൈരളി യുകെയുടെ ദേശീയ സമിതി അംഗമാണ് ബിജോയ് സെബാസ്റ്റ്യൻ. കൂടാതെ മൂലകോശ ദാതാക്കളെ റജിസ്റ്റർ ചെയ്യുന്ന യുകെയിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തക ഡോ. അജിമോൾ പ്രദീപിന്റെ 'ഉപഹാർ' സംഘടനയുടെ പ്രവർത്തകനുമാണ്.
ബിജോയ് സെബസ്റ്റിനായി ബ്രിട്ടീഷ് പത്രം മാനേജിങ്ങ് എഡിറ്റർ ജിജോ വാളിപ്ളാക്കിയിലും പ്രത്യേക താല്പര്യമെടുത്ത് നഴ്സുമാർക്കിടയിൽ വ്യാപകമായി ക്യാമ്പെയിൽ നടത്തിയിരുന്നു.. ജിജോ വാളിപ്ളാക്കിയിലും യുക്മ മുൻ ഭാരവാഹിയുമായ മാത്യൂ അലക്സാണ്ടറും നിരവധി നേഴ്സുമാരെ നേരിട്ട് കണ്ട് വോട്ട് അഭ്യർത്ഥിച്ചു. ഇതിനായി സോഷ്യൽ മീഡിയ വഴി വിപുലമായ ക്യാമ്പെയിനും നടത്തി. കൂടാതെ എല്ലാ ആഴ്ചയിലും ബിജോയ്‌ക്ക് വോട്ടുചെയ്യേണ്ടതിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടി ബ്രിട്ടീഷ് പത്രം വഴി നടത്തിയ പ്രചാരണവും യുകെയിലെ മലയാളി നഴ്‌സുമാർക്കിടയിൽ ഫലപ്രദമായ സ്വാധീനം ചെലുത്തിയതായി ഈ ഐതിഹാസിക വിജയം തെളിയിക്കുന്നു.
യുകെയിലെ നിരവധി മലയാളി മേയർമാർ, ബ്രിട്ടനിലെ ആദ്യത്തെ മലയാളി എംപി, ഇപ്പോഴിതാ ആർ.സി.എൻ തലപ്പത്തും ഒരു മലയാളി എത്തിക്കഴിഞ്ഞു… യുകെയിലെ കുടിയേറ്റ നഴ്‌സുമാരിലെ വലിയ വിഭാഗമായ മലയാളി നഴ്‌സുമാരുടെ ആവശ്യങ്ങളും ശബ്‌ദവും സർക്കാരിനു മുമ്പിലും ദേശീയ തലത്തിലും ഉയർത്താനും ഇപ്പോൾ നമുക്കൊരാളായി.. അഭിമാനിക്കാം.. ആഹ്ളാദിക്കാം…
ബിജോയ് സെബാസ്റ്റ്യനു ബ്രിട്ടീഷ്പത്രം ന്യൂസ് ടീമിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.. ശോഭനമായ ഭാവിപ്രവർത്തനങ്ങൾക്കുള്ള ആശംസകൾ…