മറ്റ് താര പുത്രന്മാരെ പോലെ സിനിമ ജീവിതമായി തിരഞ്ഞെടുത്ത വ്യക്തിയല്ല അപ്പു എന്ന പ്രണവ് മോഹന്‍ലാല്‍. വ്യത്യസ്തമായി ജീവിക്കുന്ന വ്യത്യസ്തത ആഗ്രഹിക്കുന്ന വ്യക്തിയാണ് പ്രണവ്. താരപുത്രന്റേതായ ഒരുജാഡയും പ്രണവിന്റെ ജീവിതത്തില്‍ ഇല്ല.
സിനിമകളിലേക്ക് പ്രണവ് എത്തി നോക്കിയിട്ടുണ്ടെങ്കിലും അതിനേക്കാള്‍ പ്രധാനം തനിക്ക് യാത്രകള്‍ ആണെന്ന് പ്രണവ് തന്നെ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. ദീര്‍ഘമായ യാത്രകളും ലളിത ജീവിതവും പ്രണവിനെ താരങ്ങള്‍ക്കിടയിലെ മറ്റൊരു താരമാക്കുകയും ചെയ്യുന്നു.
ഇപ്പോഴിതാ പ്രണവിനെക്കുറിച്ചുള്ള അത്തരത്തിലൊരു വാര്‍ത്തയാണ് മാധ്യമങ്ങളില്‍ നിറയുന്നത്. പ്രണവിന്റെ അമ്മ സുചിത്ര മോഹന്‍ലാല്‍ മകനെ സംബന്ധിച്ച് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ ഒരു വെളിപ്പെടുത്തലാണ് ഇപ്പോള്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്. പ്രണവ് ഇപ്പോള്‍ എവിടെയെന്ന ചോദ്യത്തിന് സുചിത്ര പറയുന്ന മറുപടി ഇങ്ങനെയാണ്. 'പ്രണവ് ഇപ്പോള്‍ സ്പെയിനിലാണ്. അവിടെ ഏതോ ഒരു ഫാമില്‍ ജോലി ചെയ്യുന്നു. അവിടെ എന്താണ് ചെയ്യുന്നതെന്ന് ശരിക്കും എനിക്കറിയില്ല. താമസവും ഭക്ഷണം കിട്ടുമെങ്കിലും പൈസ കിട്ടാത്ത ജോലിയാണെന്ന് അറിയാം. ഫാമില്‍ ആട്ടിന്‍കുട്ടിയേയോ, കുതിരയെയോ നോക്കുന്ന ജോലിയായിരിക്കാം'. സുചിത്ര പറഞ്ഞു.
എല്ലാവരും പറയുന്നത് പ്രണവ് ഒരു അമ്മ മകനാണെന്നാണ്. പക്ഷെ, അങ്ങനെയല്ല ചില സമയത്ത് അവന് അവന്റേതായ ചില തീരുമാനങ്ങളുണ്ടെന്നും നിലവില്‍ അപ്പു സ്പെയിനിലാണ്. രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഒരു സിനിമ ചെയ്യാമെന്ന നിലപാടിലാണ് അവനെന്നും സുചിത്ര മോഹന്‍ലാല്‍ പറഞ്ഞു. 'വര്‍ഷത്തില്‍ രണ്ട് സിനിമയൊക്കെ ചെയ്യാമെന്ന് പ്രണവിനോട് പറയാറുണ്ടെങ്കിലും അവന് കേള്‍ക്കില്ലെന്നും' സുചിത്ര പറഞ്ഞു. വാശിയൊന്നും ഇല്ലാത്ത ഒരാളാണ് അപ്പു. അവന് ഇഷ്ടമുള്ളത് എന്താണോ അത് ചെയ്യുമെന്നും സുചിത്ര മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, 'വര്‍ഷങ്ങള്‍ക്കു ശേഷം' ആണ് പ്രണവിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തിരുന്ന ചിത്രം. വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ചിത്രത്തില്‍ ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.