ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റഫോമായ സൊമാറ്റോയ്ക്ക് എങ്ങനെ ആ പേര് വന്നെന്ന് ചിന്തിച്ചിട്ടുണ്ടോ? സൊമാറ്റോയുടെ സിഇഒ ദീപീന്ദര്‍ ഗോയല്‍ തന്റെ കമ്പനിയുടെ പേരിന്റെ പിന്നിലുള്ള രസകരമായ കാര്യം പങ്കുവെച്ചിട്ടുണ്ട്. ദീപീന്ദര്‍ ഗോയല്‍ തന്റെ ഭാര്യയോടൊപ്പം കോമഡി ഷോ ആയ ദി ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയില്‍ പങ്കെടുത്തപ്പോഴാണ് ഈ കാര്യം തുറന്നു പറഞ്ഞത്.
ഷോയില്‍ അവതാരകനായ കപില്‍ ശര്‍മ്മ, ദീപീന്ദര്‍ ഗോയലിനോട് ഞങ്ങള്‍ ടൊമാറ്റോ, പൊട്ടറ്റോ എന്നൊക്കെ കേട്ടിട്ടുണ്ട്. എന്താണ് ഈ സൊമാറ്റോ എന്ന് കളിയാക്കി ചോദിക്കയുണ്ടായി. ഈ ചോദ്യത്തിന് ഒന്ന് പുഞ്ചിരിച്ച ശേഷം ദീപീന്ദര്‍ ഉത്തരം പറഞ്ഞു.
ഞങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ 'ടൊമാറ്റോ ഡോട്ട് കോം' എന്ന പേരായിരുന്നു വേണ്ടിയിരുന്നത്, പക്ഷേ ഞങ്ങള്‍ക്ക് ആ ഡൊമെയ്ന്‍ ലഭിച്ചില്ല, അതിനാല്‍ ഒരു അക്ഷരം മാറ്റി ഞങ്ങള്‍ സൊമാറ്റോ ഡോട്ട് കോം എന്ന ഡൊമെയ്ന്‍ നേടി. വളരെ തമാശയോടെയാണ് സൊമാറ്റോ സിഇഒ ഈ ഉത്തരം പറഞ്ഞത്.
തന്റെ വിവാഹത്തെ കുറിച്ചും ദീപീന്ദര്‍ ഷോയില്‍ പറയുന്നുണ്ട്. മെക്സിക്കോയില്‍ നിന്നുള്ള ഗ്രേഷ്യ മുനോസിനെ എങ്ങനെയാണ് കണ്ടുമുട്ടിയതെന്ന് കപില്‍ ശര്‍മ്മയുടെ ചോദ്യത്തിനാണ് ദീപീന്ദര്‍ ഉത്തരം പറഞ്ഞത്. അവിവിവാഹിതനായി തുടരുന്ന കാലഘട്ടത്തില്‍ എന്റെ സുഹൃത്താക്കളാണ് ഗ്രേഷ്യയെ കുറിച്ച് പറയുന്നത്.
ഗ്രേഷ്യ ആദ്യമായി ഡല്‍ഹിയില്‍ വന്നപ്പോള്‍ ഒരു സുഹൃത്ത് എന്നെ വിളിച്ച് പറഞ്ഞു, നിനക്ക് ചേരുന്ന ഒരു പെണ്‍കുട്ടി ഉണ്ടെന്നും നീ തീര്‍ച്ചയായും അവളെ കാണണമെന്നും. കണ്ടു കഴിഞ്ഞാല്‍ ഉറപ്പായും നീ അവളെ വിവാഹം കഴിക്കുമെന്നും ആ സുഹൃത്ത് എന്നോട് പറഞ്ഞു. അവന്റെ ദീര്‍ഘവീക്ഷണം തെറ്റായില്ലെന്നും ചിരിയോടെ ദീപീന്ദര്‍ പറഞ്ഞു.