വാഷിങ്ടന്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസിലെത്തി നിലവിലെ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച്ച നടത്തി. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച ശേഷം ആദ്യമായാണ് ട്രംപ് വൈറ്റ് ഹൗസിലെത്തിയത്. ജനുവരിയില്‍ സുഗമമായ അധികാര കൈമാറ്റമുണ്ടാകുമെന്ന് ഇരുവരും വ്യക്തമാക്കി. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്. ജനുവരി 20ന് ട്രംപ് പ്രസിഡന്റായി അധികാരമേല്‍ക്കും.
''സുഗമമായ അധികാര കൈമാറ്റം ഉണ്ടാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, നിങ്ങള്‍ക്ക് സൗകര്യപ്രദമാകാന്‍ ഞങ്ങള്‍ക്ക് കഴിയുന്നതെല്ലാം ചെയ്യും'' - ബൈഡന്‍ പറഞ്ഞു. ''രാഷ്ട്രീയം കഠിനമാണ്, പല കാര്യങ്ങളിലും ഇത് വളരെ മനോഹരമായ ലോകമല്ല, പക്ഷേ ഇന്ന് ഇതൊരു മനോഹരമായ ലോകമാണ്. സുഗമമായി അധികാരം കൈമാറ്റം ചെയ്യപ്പെടുന്നതില്‍ വളരെയധികം അഭിനന്ദിക്കുന്നു. വളരെയധികം അഭിനന്ദിക്കുന്നു'' - ട്രംപ് പ്രതികരിച്ചു.
പ്രസിഡന്റ് പദത്തില്‍ രണ്ടാം ഊഴത്തിനു മത്സരിച്ച ഡൊണള്‍ഡ് ട്രംപിനെ പരാജയപ്പെടുത്തിയാണ് 2020-ല്‍ ജോ ബൈഡന്‍ യുഎസ് പ്രസിഡന്റായത്. ഇത്തവണയും ബൈഡന്‍ മത്സരരംഗത്ത് എത്തിയെങ്കിലും ഇരുവരും തമ്മിലുള്ള ആദ്യ സംവാദത്തിലെ മോശം പ്രകടനത്തിനു പിന്നാലെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ മത്സരത്തില്‍ നിന്നു പിന്മാറുകയായിരുന്നു.