സല്‍മാന്‍ ഖാന് നേരെ വന്ന വധഭീഷണി സന്ദേശത്തില്‍ സിനിമാ കഥയെ വെല്ലുന്ന വന്‍ ട്വിസ്റ്റ്. സല്‍മാന്‍ ഖാന്റെ അടുത്ത ചിത്രമായ സിക്കന്ദറിന് വേണ്ടി പാട്ടെഴുതിയ സൊഹൈല്‍ പാഷയാണ് നവംബര്‍ ഏഴിലെ ഭീഷണി സന്ദേശത്തിന് പിന്നിലെന്ന് പൊലീസ് കണ്ടെത്തി. തന്റെ പാട്ട് ഹിറ്റ് ആകാന്‍ വേണ്ടി ഒപ്പിച്ച പണിയാണിതെന്നാണ് യൂട്യൂബര്‍ കൂടിയായ സൊഹൈല്‍ പറഞ്ഞതായാണ് പൊലീസ് പറയുന്നത്. കര്‍ണാടകയിലെ റായ്ചൂരില്‍ നിന്നാണ് സൊഹൈലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
നവംബര്‍ ഏഴിനാണ് മുംബൈ ട്രാഫിക് കണ്‍ട്രോള്‍ റൂം വാട്സ്ആപ്പ് നമ്പറിലേക്ക് ഭീഷണി സന്ദേശം വന്നത്. അഞ്ച് കോടി തന്നില്ലെങ്കില്‍ സല്‍മാന്‍ ഖാനെയും 'മേം സിക്കന്ദര്‍ ഹും' എന്ന പാട്ടെഴുതിയ ആളെയും കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി.
ഇനി പാട്ടെഴുതാന്‍ പറ്റാത്ത രീതിയിലാകും അദ്ദേഹത്തിന്റെ അവസ്ഥയെന്നും ധൈര്യമുണ്ടെങ്കില്‍ സല്‍മാന്‍ ഖാന്‍ രക്ഷിക്കട്ടേയെന്നും സന്ദേശത്തില്‍ ഉണ്ടായിരുന്നു. ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്റെ പേരിലായിരുന്നു സന്ദേശം. സൊഹൈല്‍ തന്നെയായിരുന്നു ഭീഷണി സന്ദേശം അയച്ചത്.
പാട്ട് ഹിറ്റാകാനും തന്നെ നാലാള്‍ അറിയാനും വേണ്ടിയാണ് സൊഹൈല്‍ ഈ കൈവിട്ട കളിക്ക് ഇറങ്ങിയതെന്ന് പൊലീസ് പറയുന്നു. രാഷ്ട്രീയ നേതാവ് ബാബ സിദ്ദീഖി കൊല്ലപ്പെട്ടതിന് പിന്നാലെ ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്റെ പേരില്‍ സല്‍മാന്‍ ഖാന് ഇടയ്ക്കിടെ ഭീഷണി സന്ദേശങ്ങള്‍ വരുന്നുണ്ട്. അതിനാല്‍ കനത്ത സുരക്ഷയാണ് നടന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. റായ്ച്ചൂരിനടത്തുള്ള മാനവി ഗ്രാമത്തില്‍ വെച്ചാണ് സൊഹൈലിനെ പൊലീസ് പിടികൂടിയത്. സൊഹൈലിനെ മുംബൈ കോടതിയില്‍ ഹാജരാക്കി. രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു.