ഒട്ടേറെ സ്വപ്നങ്ങളുമായി യുകെയിലെത്തിയ മലയാളി യുവാവ്, ജീവിതം കരുപ്പിടിപ്പിക്കും മുമ്പെ, ജോലിസ്ഥലത്തുവച്ച് നടന്ന ദാരുണമായ അപകടത്തിൽ മരണപ്പെട്ടു. ബ്ലാക്‌ബേണിൽ നഴ്‌സിംഗ് ഹോമിലെ ജോലിക്കിടെ ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലെ വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന അബിൻ മത്തായി എന്ന 41 കാരനാണ് ദാരുണാന്ത്യം.
ഒരാഴ്ചയ്ക്കിടെ അഞ്ച് അകാലമരണങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നതിന്റെ ആഘാതത്തിലാണ് യുകെ മലയാളികൾ ഇപ്പോൾ. ബെല്‍ഫാസ്റ്റിലെ ബിനോയ് അഗസ്റ്റിന്‍, മെയ്ഡസ്റ്റോണിലെ പോള്‍ ചാക്കോ, സ്പോള്‍ഡിങ്ങിലെ കുഞ്ഞുമാലാഖ അഥീന ജിനോ, സ്റ്റോക്ക്പോര്‍ട്ടിലെ നിര്‍മ്മല നെറ്റോ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ അതിവേഗം വിടവാങ്ങിയിരുന്നു.
നഴ്‌സിങ് ഹോമിലെ മെയിന്റനൻസ് വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്ന അബിൻ, ലോഫ്റ്റിൽ റിപ്പയർ ജോലിക്കായി കയറിയതിനിടെ കാലുതെന്നി താഴേക്ക് വീഴുകയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. വീഴ്ചയിൽ തറയിലടിച്ച് തലയ്ക്കാണ് ഗുരുതരമായി പരുക്കേറ്റത്.
അബോധാവസ്ഥയിലായ അബിനെ എയർ ആംബുലൻസിൽ വിദഗ്ധ ചികിത്സാ ലഭിക്കുന്ന പ്രെസ്റ്റന്‍ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. എന്നാൽ രണ്ടുനാൾ കോമയിൽ കിടന്നശേഷം വിശദമായ പരിശോധനകൾക്കൊടുവിൽ ബ്രെയിൻ ഡെത്ത് സംഭവിച്ചതിനാൽ ജീവിതത്തിലേക്ക് മടങ്ങിവരില്ലെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതിനെ തുടർന്ന്, ബന്ധുക്കൾ ജീവൻ രക്ഷാ ഉപകരണങ്ങൾ നീക്കാൻ തീരുമാനിക്കുകയായിരുന്നു.
മരണം ഉറപ്പായതിനെ തുടർന്ന് കുട്ടികളെ അടക്കം ആശുപത്രിയില്‍ എത്തിച്ചു അവസാനമായി പിതാവിനെ കാണിക്കുകയും വൈദികരെത്തി അബിന് അന്ത്യകൂദാശ നൽകുകയും ചെയ്‌തിരുന്നു.
നഴ്‌സായ ഭാര്യയ്ക്ക് കെയർ ഹോമിൽ ജോലി ലഭിച്ചതിനെത്തുടർന്ന് ഒരുവർഷം മുൻപ് മാത്രമാണ് ഡിപെൻഡന്റ് വിസയിൽ അബിനും യുകെയിലെത്തുന്നത്. ഭാര്യ ജോലിചെയ്യുന്ന ബ്‌ളാക്ക്‌ബേണിലെ കെയർ ഹോമിൽ തന്നെ മെയിന്റനൻസ് വിഭാഗത്തിൽ അബിനും ജോലി ലഭിച്ചതോടെ യുകെ സ്വപ്നങ്ങൾ സഫലമാക്കാമെന്ന സന്തോഷത്തിലായിരുന്നു ദമ്പതികൾ.
അപകടവിവരമറിഞ്ഞു അബിന്റെ സഹോദരൻ കാനഡയിൽ നിന്നും ഇന്നലെ യുകെയിലെത്തി. ഒരു സഹോദരി യു.എസിലുണ്ട്. എന്നാൽ അവർക്ക് അടിയന്തരമായി എത്തുവാൻ കഴിയില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് വെന്റിലേറ്ററിൽ നിന്ന് നീക്കുവാൻ തീരുമാനിച്ചത്.
സഹോദരങ്ങളും വിദേശത്തായതിനാൽ യുകെയിൽ തന്നെ മൃതദേഹം സംസ്കരിച്ചേക്കുമെന്നാണ് സൂചന. അബിന്റെ ഭാര്യാമാതാവിനെ നാട്ടില്‍ നിന്നും യുകെയില്‍ എത്തിക്കാനുള്ള ശ്രമം ഇപ്പോള്‍ സുഹൃത്തുക്കള്‍ നടത്തുന്നു.
യുകെയിൽ ജോലിസ്ഥലത്തെ അപകടത്തിൽ മലയാളികൾ കാണപ്പെടുന്നത് ഇപ്പോൾ തുടർക്കഥപോലെ ആയിരിക്കുന്നു. ജൂണില്‍ അങ്കമാലിയിലെ കാലടി സ്വദേശിയും ടെക്‌നിക്കൽ എഞ്ചിനീയറുമായ റെയ്ഗൻ എന്ന യുവാവ് ബെഡ്ഫോര്‍ഡ്ഷയറിലെ സാന്‍ഡി എന്ന സ്ഥലത്തുള്ള വെയര്‍ഹൗസ് ജോലിക്കിടെ നടന്ന അപകടത്തില്‍ മരണപ്പെട്ടിരുന്നു. മുകളിൽ നിന്ന് കനമേറിയ വസ്‌തു തലയിൽ വീണതിനെത്തുടർന്ന് റെയ്ഗനും തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് കോമയിൽ കഴിഞ്ഞിരുന്നു.
സ്വന്തമായോ അല്ലെങ്കിൽ സഹപ്രവർത്തകരുടെ ഭാഗത്തുനിന്നോ ഉണ്ടാകുന്ന ചെറിയൊരു അശ്രദ്ധയാണ് പലപ്പോഴും ഇത്തരം ദുരന്തങ്ങൾക്ക് വഴിവയ്ക്കുന്നത്. ഇത്തരം സാഹചര്യത്തിൽ റിസ്‌ക്കുള്ള ജോലികൾ ചെയ്യുന്നവർ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.