ന്യൂയോര്‍ക്ക്: പേവിഷ ബാധയാരോപിച്ച് സമൂഹമാധ്യമങ്ങളില്‍ വൈറലായ പീനട്ട് എന്ന അണ്ണാന് ദയാവധത്തിന് വിധേയമാക്കിയിരുന്നു. എന്നാല്‍ പീനട്ടിനെയും ഫ്രെഡ് എന്ന റാക്കൂണിനെയും ആണ് ഇല്ലാതാക്കിയത്. എന്നാല്‍, ഇരു മൃഗങ്ങളും റാബിസ് ബാധിതര്‍ അല്ലായിരുന്നു എന്ന് വ്യക്തമാക്കുന്ന പരിശോധനാഫലം ഇപ്പോള്‍ പുറത്തെത്തിയിരിക്കുകയാണ്. ഷെമങ് കൗണ്ടി എക്സിക്യൂട്ടീവ് ക്രിസ്റ്റഫര്‍ മോസ് ആണ് പീനട്ടും ഫ്രെഡും റാബിസ് പരിശോധനയില്‍ നെഗറ്റീവ് ആണെന്ന വിവരം പത്രസമ്മേളനത്തില്‍ അറിയിച്ചത്.
ഉടമയായ മാര്‍ക്ക് ലോംഗോയ്ക്കൊപ്പം ന്യൂയോര്‍ക്കിലെ വസതിയിലായിരുന്നു പീനട്ടിന്റെയും ഫ്രെഡിന്റെയും താമസം. പേവിഷബാധ സംശയിച്ചാണ് ഇവരെ ഡിപ്പാര്‍ട്മെന്റ് ഓഫ് എന്‍വയോണ്‍മെന്റല്‍ കണ്‍സര്‍വേഷന്‍ പിടികൂടുകയും ദയാവധത്തിന് വിധേയരാക്കുകയും ചെയ്തത്. വന്യജീവികളെ അനധികൃതമായും മതിയായ സുരക്ഷയില്ലാതെയും പാര്‍പ്പിക്കുന്നു എന്ന പരാതിയെ തുടര്‍ന്നാണ് മാര്‍ക്കിന്റെ വസതിയില്‍ അധികൃതര്‍ പരിശോധന നടത്തിയത്.
ഒക്ടോബര്‍ മുപ്പതിനായിരുന്നു അധികൃതര്‍ പീനട്ടിനെയും ഫ്രെഡിനെയും പിടിച്ചെടുത്തത്. പരിശോധനയ്ക്കിടെ പീനട്ട് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ കടിച്ചുവെന്നും പേവിഷ ബാധയുണ്ടോയെന്ന് സ്ഥിരീകരിക്കാണ് ദയാവധം നടത്തിയതെന്നുമായിരുന്നു നേരത്തെ അധികൃതര്‍ വ്യക്തമാക്കിയിരുന്നത്
പീനട്ടിന്റെ ദയാവധത്തിന് പിന്നാലെ വ്യവസായ ഭീമന്‍ ഇലോണ്‍ മസ്‌ക് ഉള്‍പ്പെടെ നിരവധിയാളുകള്‍ നടപടിക്കെതിരേ രംഗത്തെത്തിയിരുന്നു. ബുദ്ധിഹീനവും ഹൃദയശൂന്യവുമായ 'കൊലപാതക യന്ത്ര'മാണ് ബൈഡന്‍ ഭരണകൂടമെന്നായിരുന്നു മസ്‌കിന്റെ വിമര്‍ശനം. പീനട്ടിന്റെയും ഫ്രെഡിന്റെയും മരണം അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തില്‍ ഒരു ഘടകമായി മാറിയെന്ന് ഉടമ മാര്‍ക്ക് പറഞ്ഞു. നൂറുകണക്കിനാളുകളായിരുന്നു പീനട്ടിന്റെയും ഫ്രെഡിന്റെയും അനുസ്മരണത്തിനായി ന്യൂയോര്‍ക്കില്‍ എത്തിച്ചേര്‍ന്നിരുന്നത്.
പീനട്ടിന്റെ അമ്മ വാഹനം ഇടിച്ച് മരിച്ചതിന് പിന്നാലെയാണ് മാര്‍ക്ക് അവനെ ഏറ്റെടുത്ത് സംരക്ഷിച്ചത്. ഏഴുകൊല്ലത്തോളമായി അദ്ദേഹത്തിന്റെ സംരക്ഷണത്തിലായിരുന്നു പീനട്ട്. Peanut The Squirrel112 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഏറെ പ്രശസ്തനായിരുന്നു ഈ അണ്ണാന്‍. ലോകമെമ്പാടും നിരവധി ആരാധകരുമുണ്ടായിരുന്നു.