അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപ് വിജയിച്ചതിന് തൊട്ട് പിന്നാലെ മസ്‌കിന്റെ കീഴിലുള്ള എക്‌സില്‍ കൂട്ടക്കൊഴിഞ്ഞ്‌പോക്ക്.
എക്‌സില്‍ ആളൊഴിയുമ്‌ബോള്‍ തൊട്ടപ്പുറത്ത് സ്റ്റാര്‍ട്ട്അപ്പായ ബ്ലൂസ്‌കൈക്കില്‍ ലക്ഷക്കണക്കിന് പുതിയ ഉപഭോക്താക്കളാണ് എത്തുന്നത്. 1.15 ലക്ഷത്തിലേറെ പേരാണ് എക്‌സില്‍ നിന്നും ഒറ്റയടിക്ക് പോയത്. ഡിജിറ്റല്‍ ഇന്റലിജന്‍സ് പ്ലാറ്റ്ഫോമായ സിമിലര്‍ വെബ്ബിനെ ഉദ്ധരിച്ച് സി.എന്‍.എന്‍. ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ട്രംപ് തുടര്‍ച്ചയായി രണ്ടാം തവണയും അധികാരത്തിലേറുന്ന അവസ്ഥ വന്നതോടെയാണ് എക്‌സ് ഉപേക്ഷിക്കുന്ന ട്രെന്‍ഡ് അമേരിക്കയില്‍ വന്നത്. ട്രംപിന്റെ മുഖ്യപ്രചാരകരില്‍ ഒരാളും അദ്ദേഹം പുതുതായി ആരംഭിച്ച കാര്യക്ഷമതാവകുപ്പിന്റെ സഹനേതാവുമായ ഇലോണ്‍ മസ്‌കാണ് എക്സിന്റെ ഉടമ എന്നതും ഇതിന്റെ പ്രാധാന കാരണങ്ങളില്‍ ഒന്നാണ്.
കഴിഞ്ഞ ഒരാഴ്ച കൊണ്ട് 2.5 മില്യണ്‍ (25 ലക്ഷം) പുത്തന്‍ യൂസര്‍മാരെയാണ് ബ്ലൂസ്‌കൈക്കിന് ലഭിച്ചത്. ഇതോടെ ബ്ലൂസ്‌കൈയില്‍ അക്കൗണ്ടുള്ളവരുടെ എണ്ണം 16 മില്യണ്‍ (ഒരു കോടി 60 ലക്ഷം) കടന്നു. എക്‌സിന് പകരം ഉപയോഗിക്കാവുന്ന ആപ്പാണ് ബ്ലൂസ്‌കൈക്ക്. കൂടുതല്‍ ഉപയോക്താക്കളെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബ്ലൂസ്‌കൈക്ക്.