കുഴിമന്തിയും അല്‍ഫാമും വാഴുന്ന കാലത്ത് പക്ഷെ ഇപ്പോഴും ദോശയ്ക്കും നെയ്‌റോസ്റ്റിനും മസാല ദോശയ്ക്കും പ്രത്യേക സ്ഥാനം എല്ലാവരുടെയും മനസ്സില്‍ ഉണ്ട്. ഇതാ ന്യൂ ടെക്‌നോളജിയോടെ ദോശ കഴിച്ചാലോ?
പാറ്റ്‌നയിലെ തട്ടുകടക്കാരന്‍ ആണ് മെഷീന്‍ ദോശ പരീക്ഷിക്കുന്നത്. അദ്ദേഹത്തിന്റെ ദോശ മേക്കിംഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പറ്റ്‌ന കോളേജിന് സമീപമുള്ള ലാല്‍ബാഗിലാണ് സ്റ്റാള്‍ സ്ഥിതി ചെയ്യുന്നത്. ദോശ പ്രിന്റിംഗ് മെഷീന്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സ്റ്റാറാണ്.
തട്ടുകടക്കാരന്‍ ദോശ പ്രിന്റിംഗ് മെഷീനില്‍ മാവ് ഒഴിച്ച് കൊടുക്കുന്നത് വീഡിയോയില്‍ കാണാം. പിന്നാലെ ഒരു റോളര്‍ വന്ന് ഇത് നന്നായി പരത്തും. തുടര്‍ന്ന് വേണ്ട മസാല ഇട്ടും നല്‍കുന്നു. അല്‍പ്പ സമയത്തിനുള്ളില്‍ ക്രിസ്പി ദോശ മടക്കി പ്ലേറ്റില്‍ എത്തും.
ഫുഡ് ബ്ലോഗര്‍ ദേവേഷ് ദബാസാണ് ഇത് ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയ്തത്.''22-ാം നൂറ്റാണ്ടിലെ ദോശ പ്രിന്റിംഗ് മെഷീന്‍'' എന്ന അടിക്കുറിപ്പൊടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്.
ടെക്‌നോളജിയെ പ്രശംസിച്ച് വ്യവസായി ആനന്ദ് മഹിന്ദ്രയും രംഗത്തെത്തി. ' ഡെസ്‌ക്ടോപ്പ് ദോശ'' എന്ന അടിക്കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ വീണ്ടും പോസ്റ്റ് ചെയ്തത്. ഭാവിയില്‍ ഭക്ഷ്യ വ്യവസായത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുമെന്ന് അവകാശപ്പെടുന്ന 'ദോശ പ്രിന്റിംഗ് മെഷീനെ അനുകൂലിച്ച് നിരവധി ഉപയോക്താക്കളാണ് എത്തിയത്. എന്നാല്‍ ദോശയിലെ ന്യൂ ടെക്‌നോളജി ഇഷ്ടപ്പെടാത്തവരും കൂട്ടത്തിലുണ്ട്.