ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ ചിത്രം തയ്യാറാക്കാന്‍ കഴിയുന്ന ഫീച്ചറിന്റെ പണിപ്പുരയില്‍ ഇന്‍സ്റ്റഗ്രാം. ഡെവലപ്പറായ അലക്സാണ്ട്രോ പലൂസ്സിയാണ് ഈ വിവരം പുറത്തുവിട്ടത്.
ആകര്‍ഷകമായ എഐ ഫീച്ചറിന്റെ പണിപ്പുരയിലാണ് മെറ്റയുടെ ഇന്‍സ്റ്റഗ്രാം എന്നാണ് റിപ്പോര്‍ട്ട്. ഉപഭോക്താക്കള്‍ക്ക് എഐ ടൂളിന്റെ സഹായത്തോടെ കസ്റ്റം പ്രൊഫൈല്‍ പിക്ച്ചറുകള്‍ തയ്യാറാക്കാന്‍ മെറ്റ ശ്രമിക്കുന്നു. ക്രിയേറ്റ് ആന്‍ എഐ പ്രൊഫൈല്‍ പിക്ച്ചര്‍ എന്ന ഓപ്ഷന്‍ ഇന്‍സ്റ്റയില്‍ വരുന്നതായി അലക്സാണ്ട്രോ പലൂസ്സി ഒരു സ്‌ക്രീന്‍ഷോട്ട് ത്രഡ്സില്‍ പങ്കുവെച്ചിട്ടുണ്ട്. മെറ്റയുടെ സ്വന്തം ഏതെങ്കിലുമൊരു എല്‍എല്‍എം മോഡല്‍ ഉപയോഗിച്ചായിരിക്കും ഇത് പ്രവര്‍ത്തിക്കുക. അക്ഷരങ്ങളിലൂടെ നിര്‍ദേശം നല്‍കിയോ നിലവിലെ പ്രൊഫൈല്‍ ചിത്രത്തില്‍ പരിഷ്‌കാരം വരുത്തിയോ ആവും എഐ ചിത്രം നിര്‍മിക്കുക എന്ന് ഇതില്‍ നിന്ന് മനസിലാക്കാം.
എല്ലാ പ്ലാറ്റ്‌ഫോമുകളിലും എഐയെ ഇന്റഗ്രേറ്റ് ചെയ്യാനുള്ള മെറ്റയുടെ പരിശ്രമത്തിന്റെ ഭാഗമായാണ് പുതിയ ടൂള്‍ വരുന്നത്. ഇതിനകം തന്നെ ഇന്‍സ്റ്റ ചില എഐ അധിഷ്ഠിത ഫീച്ചറുകള്‍ നല്‍കുന്നുണ്ട്. ചാറ്റ്ബോട്ടായ മെറ്റ എഐ ഇതിനൊരു ഉദാഹരണമാണ്. ഈ ഫീച്ചര്‍ വ്യക്തികള്‍ക്കും ഗ്രൂപ്പ് ചാറ്റിനും ലഭ്യമാണ്. സന്ദേശങ്ങള്‍ പുതുക്കി എഴുതി ഗ്രാമറും മറ്റും ശരിയാക്കുന്ന എഐ റീറൈറ്റ് ടൂളും ഇന്‍സ്റ്റഗ്രാം ഡയറക്ട് മെസജുകളില്‍ നല്‍കുന്നു.
ഇന്‍സ്റ്റ പ്രൊഫൈലില്‍ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട പാട്ടോ മ്യൂസിക്കോ ചേര്‍ക്കാന്‍ കഴിയുന്ന സംവിധാനം മെറ്റ ഓഗസ്റ്റില്‍ അവതരിപ്പിച്ചിരുന്നു. ബയോ വരുന്ന ഭാഗത്താണ് ഇത്തരത്തില്‍ ആഡ് ചെയ്യുന്ന പുതിയ ഫീച്ചര്‍ പ്രത്യക്ഷപ്പെട്ടത്. ഇങ്ങനെ ചേര്‍ക്കുന്ന പാട്ടും മ്യൂസിക്കും നിങ്ങള്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ ഡിലീറ്റ് ചെയ്യുകയും പുതിയവ ആഡ് ചെയ്യുകയുമാവാം. 'മൈസ്‌പേസ്' ആപ്പില്‍ വര്‍ഷങ്ങളായുള്ള ഫീച്ചറാണിത്. എന്നാല്‍ മൈസ്‌പേസിലെ പോലെ ഇന്‍സ്റ്റയില്‍ ഇത് ഓട്ടോപ്ലേയാവില്ല. പകരം ഇന്‍സ്റ്റ യൂസര്‍മാര്‍ പ്രൊഫൈലില്‍ ക്ലിക്ക് ചെയ്ത് പാട്ട് കേള്‍ക്കുകയും പോസ് ചെയ്യുകയും വേണം.