മലയാളത്തില്‍ സംവിധായകനായും നടനായും തിളങ്ങുന്ന താരമാണ് ബേസില്‍ ജോസഫ്. ഏതൊരു സഹതാരത്തോടും ഉള്ള സൗഹൃദം മികച്ച രീതിയില്‍ സൂക്ഷിക്കുന്ന താരം കൂടിയാണ് ബേസില്‍. ബേസിലിനൊപ്പം അഭിനയിക്കുന്ന താരങ്ങളോടുള്ള ബേസിലിന്റെ കോംപിനേഷന്‍ എപ്പോഴും മികച്ചതായിരിക്കും.
നല്ല സിനിമയുടെ ഭാഗമായാല്‍ തന്നെ കുറേക്കാലം ഇവിടെ നില്‍ക്കാനാകുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്ന് നടനും സംവിധായകനുമായ ബേസില്‍ ജോസഫ് പറയുന്നു. തന്റെ ഏറ്റവും പുതിയ ചിത്രമായ സൂക്ഷ്മദര്‍ശിനിയുടെ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു താരത്തിന്റെ പരാമര്‍ശം. തുടരെത്തുടരെ ചിത്രങ്ങള്‍ എങ്ങനെ ചെയ്യുന്നു എന്ന് പലരും ചോദിക്കാറുണ്ട്. നന്നായി പണിയെടുക്കുന്നു, നല്ല സിനിമകള്‍ വരുന്നുണ്ട്, അതിന്റെ ഭാഗമാവാന്‍ സാധിക്കുന്നുണ്ട്. അവിവാഹിതന്‍, തൊഴിലില്ലാത്ത ചെറുപ്പക്കാരന്‍, അങ്ങനെയുള്ള കഥാപാത്രങ്ങള്‍ക്ക് പറ്റിയ മുഖമായി പലര്‍ക്കും തോന്നുന്നുണ്ട്. അതൊക്കെ കൊണ്ടാവാം തുടരെത്തുടരെ എന്നെ സിനിമയില്‍ കാണുന്നത് എന്നും ബേസില്‍ പറയുന്നു.
നടന്‍ എന്നതിലുപരി തനിക്ക് ഭയങ്കര ഇഷ്ടമുള്ള സംവിധായകനാണ് ബേസിലെന്ന് നസ്രിയ അഭിപ്രായപ്പെട്ടു. കൂടെ അഭിനയിക്കുക എന്ന് പറയുന്നത് വളരെ എക്‌സൈറ്റിങ്ങ് ആയിരുന്നു. മിനിമം ഗ്യാരണ്ടി തരുന്ന രണ്ട് താരങ്ങള്‍ എന്ന പ്രേക്ഷകരുടെ വിശ്വാസം വലിയ ഉത്തരവാദിത്തമാണ് ഞങ്ങള്‍ക്ക് തരുന്നത്. പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത ഒരുപാട് സസ്പന്‍സും മറ്റും ചിത്രത്തിലുണ്ട്''- നസ്രിയ പറയുന്നു.
നസ്രിയയുടെ ഭാഗത്ത് നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കാത്ത ഒരു കഥാപാത്രമാണ് സൂക്ഷ്മദര്‍ശിനിയിലേത്. കപ്പിള്‍ കെമിസ്ട്രി അല്ല ഞങ്ങള്‍ തമ്മിലിതില്‍ ഉള്ളത്. ഞങ്ങള്‍ രണ്ട് പേരുടെ ഭാഗത്ത് നിന്നും നിങ്ങള്‍ പ്രതീക്ഷിക്കാത്ത റോളുകളാണ്. അതാണ് ഏറ്റവും വലിയ എക്‌സൈറ്റ്‌മെന്റ്. പിന്നെ ടെക്‌നിക്കലി നല്ലൊരു ടീമാണ് സൂക്ഷ്മദര്‍ശിനിയിലേത്'. ബേസില്‍ പറഞ്ഞു.
'മിന്നല്‍ മുരളിക്ക് ശേഷം ഭാവന സ്റ്റുഡിയോയുമായി ചേര്‍ന്ന് നസ്രിയയെ നായികയാക്കി സിനിമ പ്ലാന്‍ ചെയ്തതാണ്, . അത് പല കാരണങ്ങള്‍കൊണ്ടും നീണ്ടുപോയി. വൈകാതെ അത് സംഭവിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും ബേസില്‍ പറഞ്ഞു.
നസ്രിയയും ബേസിലും നായികയും നായകനുമായി ആദ്യമായി ഒരുമിക്കുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ ദീപക് പറമ്പേല്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, കോട്ടയം രമേശ്, അഖില ഭാര്‍ഗവന്‍, പൂജ മോഹന്‍രാജ്, മെറിന്‍ ഫിലിപ്പ്, മനോഹരി ജോയ്, ഹെസ്സ മെഹക്ക്, ഗോപന്‍ മങ്ങാട്, ജയ കുറുപ്പ്, റിനി ഉദയകുമാര്‍, ജെയിംസ്, നൗഷാദ് അലി, അപര്‍ണ റാം, സരസ്വതി മേനോന്‍, അഭിറാം രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്. സിനിമയുടേതായി അടുത്തിടെ പുറത്തിറങ്ങിയ പ്രൊമോ സോങ് 'ദുരൂഹ മന്ദഹാസമേ...' സോഷ്യല്‍ മിഡിയിലടക്കം ട്രെന്‍ഡിംഗായിരുന്നു. അതിനുപിന്നാലെ ഇപ്പോള്‍ ട്രെയിലറും സോഷ്യല്‍മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.